സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും ബ്രാന്‍ഡുകള്‍ക്കും വെര്‍ച്വല്‍ ഐഡന്റിറ്റി അവതാറുകള്‍ സൃഷ്ടിക്കാന്‍ നിര്‍മിത ബുദ്ധി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പായ ആള്‍ട്ടറിനെ ടെക് ഭീമന് ഗൂഗിള്‍ ഏറ്റെടുത്തു. ഗൂഗിളിന്റെ ഗെയിം കണ്ടെന്റ് മെച്ചപ്പെടുത്തുന്നതിനും ടിക് ടോക്കുമായി മത്സരിക്കുന്നതിനുമായി ഏകദേശം 10 കോടി ഡോളറിനാണ് (ഏകദേശം 822.88 കോടി രൂപ) സ്റ്റാര്‍ട്ടപ്പിനെ വാങ്ങിയത്.
ഏറ്റെടുക്കല്‍ രണ്ട് മാസം മുമ്പ് പൂര്‍ത്തിയായെങ്കിലും ഇരു കമ്പനികളും പരസ്യ പ്രഖ്യാപനം നടത്തിയിട്ടില്ല. ആള്‍ട്ടറിന്റെ ചില ഉന്നത എക്സിക്യൂട്ടീവുകള്‍ അവരുടെ ലിങ്ക്ഡ്ഇന്‍ പ്രൊഫൈലുകളില്‍ ഗൂഗിള്‍ ഏറ്റെടുത്തത് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ആള്‍ട്ടറിനെ കമ്പനി ഏറ്റെടുത്തതായി ഗൂഗിള്‍ വക്താവ് സ്ഥിരീകരിച്ചു. എന്നാല്‍ ഇടപാടിന്റെ സാമ്പത്തിക വ്യവസ്ഥകളെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചു.
ഗെയിം, ആപ്പ് ഡവലപ്പര്‍മാര്‍ക്ക് അവരുടെ ആപ്പുകളിലേക്ക് വിവിധ ഡിസൈനിലുള്ള അവതാര്‍ ചേര്‍ക്കാന്‍ പ്ലഗ് ആന്‍ഡ് പ്ലേ സാങ്കേതികവിദ്യയിലൂടെ സഹായം നല്കുന്ന പ്ലാറ്റ്ഫോമായ ഫെയ്സ്മോജിയാണ് ആള്‍ട്ടര്‍ ആരംഭിച്ചത്. സ്റ്റാര്‍ട്ടപ്പില്‍ അന്ന് 30 ലക്ഷം ഡോളര്‍ നിക്ഷേപിച്ചത് പ്ലേ വെഞ്ചേഴ്സ്, റൂഷ് വെഞ്ച്വേഴ്സ്, ട്വിറ്റര്‍ എന്നിവരായിരുന്നു. പിന്നീട് ഫെയ്സ്മോജി ആള്‍ട്ടര്‍ എന്ന് പേരുമാറ്റുകയും ചെയ്തു.






