വിദേശങ്ങളിലും ഛത് പൂജ ആഘോഷിക്കുന്നു; സൂര്യാരാധന പ്രകൃതിയുമായുള്ള ബന്ധമെന്നും പ്രധാനമന്ത്രി

ന്യൂദല്‍ഹി- ബിഹാറിലെയും കിഴക്കന്‍ ഉത്തര്‍പ്രദേശിലെയും ജനങ്ങള്‍ ഇന്ന് ആഘോഷിക്കുന്ന ഛത് പൂജയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍ ആശംസകള്‍ നേര്‍ന്നു. ഛത് പൂജയിലെ  സൂര്യാരാധന നമ്മുടെ സംസ്‌കാരത്തിന് പ്രകൃതിയുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
വിദേശ രാജ്യങ്ങളിലും ഛത് പൂജയുടെ മഹത്തായ ചിത്രങ്ങള്‍ ഇപ്പോള്‍ കാണുന്നുണ്ടെന്നും ഇന്ത്യന്‍ സംസ്‌കാരവും അതിന്റെ വിശ്വാസവും ലോകത്തിന്റെ എല്ലാ കോണുകളിലും സ്വീകരിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സൂര്യഭഗവാനെ ആരാധിക്കുന്ന ഛത് പൂജയുമായി ബന്ധിപ്പ്ച്ച പ്രധാനമന്ത്രി, സൗരോര്‍ജ്ജത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചു. പുനരുപയോഗിക്കാവുന്ന ഊര്‍ജത്തിലാമ്  ലോകം മുഴുവന്‍ അതിന്റെ ഭാവി കാണുന്നതെന്നും  സൗരോര്‍ജ ഉല്‍പ്പാദനത്തില്‍ മുന്‍നിര രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം സൗരോര്‍ജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങള്‍ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു കാലത്ത് സാങ്കേതിക വിദ്യ നിഷേധിക്കപ്പെട്ട ഇന്ത്യ ഇന്ന് ബഹിരാകാശ മേഖലയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐഎസ്ആര്‍ഒയുടെ ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയില്‍ ഇന്ത്യ ശക്തമായ സാന്നിധ്യമായി ഉയര്‍ന്നു. ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങള്‍ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്.

നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സര്‍ക്കാര്‍ സംവിധാനങ്ങളുടെ പരിധിയില്‍ ഒതുങ്ങിയിരുന്നു. ഇപ്പോള്‍ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കള്‍ക്കും സ്വകാര്യ മേഖലയ്ക്കും തുറന്നട്ടിരിക്കുകയാണ്. വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ വ്യവസായങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഈ രംഗത്ത് പുതിയ കണ്ടുപിടുത്തങ്ങളും പുതിയ സാങ്കേതികവിദ്യകളും കൊണ്ടുവരുന്നതിലുള്ള തിരക്കിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു

ഇന്ത്യ ഇന്ന് അതിന്റെ പരമ്പരാഗത അനുഭവങ്ങളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുന്നു, അതുകൊണ്ടാണ് ഇന്ന് സൗരോര്‍ജ്ജത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യങ്ങളിലൊന്നായി നാം മാറിയതെന്നും  പ്രധാനമന്ത്രി പറഞ്ഞു.

നമ്മുടെ രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ സൗരോര്‍ജ്ജം എങ്ങനെ മാറ്റിമറിക്കുന്നു എന്നതും പഠനവിഷയമാണ്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നിങ്ങള്‍ കേട്ടുകാണും ഗുജറാത്തിലെ മൊദേരയിലുള്ള രാജ്യത്തെ ആദ്യ സൗരോര്‍ജ ഗ്രാമത്തെ കുറിച്ച്. ഇവിടുത്തെ മിക്ക വീടുകളും സൗരോര്‍ജത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ തുടങ്ങി. ഇപ്പോള്‍ ഇവിടുത്തെ പല വീടുകളിലും മാസാവസാനം കറണ്ട് ബില്ല് ലഭിക്കുന്നില്ല, പകരം, വൈദ്യുതിയില്‍ നിന്നുള്ള വരുമാനത്തിന്റെ ചെക്കാണ് അവര്‍ക്ക് കിട്ടുന്നത്- പ്രധാനമന്ത്രി മോദി പറഞ്ഞു.

 

 

Latest News