ഗുജറാത്തില്‍ വോട്ട് പിടിക്കാന്‍ ബി.ജെ.പി ഏകസിവല്‍കോഡ് ഉന്നയിക്കുന്നു-ഉവൈസി

വഡ്ഗാം- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബി.ജെ.പി ഏക സിവില്‍ കോഡ് വിഷയം ഉന്നയിക്കുന്നതെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) നേതാവും എം.പിയുമായ അസദുദ്ദീന്‍ ഉവൈസി. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ഹിന്ദുത്വ അജണ്ട മുന്നോട്ടുവെച്ച് വോട്ട് നേടാനാണ് ബി.ജെ.പി ശ്രമം തുടങ്ങിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയില്‍ വഡ്ഗാമില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ എല്ലാ വശങ്ങളും പരിശോധിക്കാന്‍ ഹൈക്കടതി റിട്ട.ജഡ്ജിമാരുടെ കമ്മിറ്റി രൂപീകരിക്കുമെന്ന് ഗുജറാത്തിലെ ബി.ജെ.പി സര്‍ക്കാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഏകസിവില്‍ കോഡ് കേന്ദ്ര വിഷയമാണെന്നും സംസ്ഥാനങ്ങളുടെ പരിധിയില്‍ വരുന്നതല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയി അറിയിച്ച കാര്യം ഉവൈസി എടുത്തു പറഞ്ഞു. ഏകസിവില്‍ കോഡ് നിര്‍ബന്ധമാക്കണമെന്ന് അംബേദ്കര്‍ ഒരിക്കലും പറഞ്ഞിട്ടില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും ഹിന്ദു വോട്ട് നേടുന്നതിന് ഇത്തരം ഹിന്ദുത്വ അജണ്ടകള്‍ മുന്നോട്ടുവെക്കുക ബി.ജെ.പിയുടെ പരിപാടിയാണെന്ന് ഉവൈസി ആരോപിച്ചു.

 

Latest News