Sorry, you need to enable JavaScript to visit this website.

ഹൈക്കടതി ഇടപെട്ടു; തെലങ്കാന എം.എല്‍.എമാരെ ചാക്കിട്ട പ്രതികളെ റിമാന്‍ഡ് ചെയ്തു

ഹൈദരാബാദ്- തെലങ്കാനയില്‍ എം.എല്‍.എമാരെ ചാക്കിടാനെത്തിയ കേസിലെ മൂന്ന് പ്രതികളെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) പ്രത്യേക കോടതി ജഡ്ജി 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ടി.ആര്‍.എസ് എം.എല്‍.എമാര്‍ക്ക് വന്‍തുക വാഗ്ദാനം ചെയ്ത് ചാക്കിടാനെത്തിയ പ്രതികളെ തെലങ്കാന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സൈബരാബാദ് പോലീസ് എസിബി കോടതി ജഡ്ജി മുമ്പാകെ ഹാജാരക്കിയത്. റിമാന്‍ഡ് ചെയ്ത പ്രതികളെ ചഞ്ചലഗുഡ ജയിലിലടച്ചു.


കേസിലെ മൂന്ന് പ്രതികളോട് കൂടുതല്‍ അന്വേഷണത്തിനായി പോലീസ് മുമ്പാകെ കീഴടങ്ങാന്‍ ഒക്ടബോര്‍ 29ന് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യണമെന്ന സൈബരാബാദ് പോലീസിന്റെ ഹരജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്ന പോലീസിന്റെ ആവശ്യം അഴിമതി വിരുദ്ധ ബ്യൂറോ കോടതി നിരാകരിച്ചതിനെ തുടര്‍ന്നാണ് സൈബരാബാദ് പോലീസ് ഹൈക്കോടതിയെ സമീപിച്ചത്.

രാമചന്ദ്ര ഭാരതി എന്ന സതീശ് ശര്‍മ, നന്ദകുമാര്‍, സിംഹയാജി സ്വംയത് എന്നിവരെയാണ് രംഗറെഡ്ഡി ജില്ലയിലെ ഒരു ഫാം ഹൗസില്‍ വെച്ച് സൈബരാബാദ് പോലീസ് ബുധനാഴ്ച വൈകിട്ട് അറസ്റ്റ് ചെയ്തിരുന്നത്. തങ്ങളെ ചാക്കിടാനെത്തിയവര്‍ക്കു പിന്നില്‍ ബി.ജെ.പിയാണെന്ന് എം.എല്‍.എമാര്‍ പോലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ എസിബി കോടതി റിമാന്‍ഡ് ചെയ്യാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് വ്യാഴാഴ്ച മൂന്ന് പ്രതികളേയും പോലീസ് വിട്ടയച്ചു. ഇതിനു പിന്നാലെ ഹൈക്കോടതി പ്രതികളോട് വീണ്ടും പോലീസ് മുമ്പാകെ കീഴടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.
പണവും കരാറുകളും വാഗ്ദാനം ചെയ്ത് ബി.ജെ.പി തങ്ങളുടെ എം.എല്‍.എമാരെ ചാക്കിട്ടുപിടിക്കാന്‍ ശ്രമിക്കുകയാണെന്ന് ടി.ആര്‍.ആസ് ആരോപിച്ചിരുന്നു. ബി.ജെ.പിയില്‍ ചേരാന്‍ 100 കോടി വാഗ്ദാനം ചെയ്തുവെന്നാണഅ എഫ്.ഐ.ആര്‍. അതിനിടെ, സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.ജെ.പി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

 

Latest News