ജനാധിപത്യ സമ്പ്രദായത്തിൽ തെരഞ്ഞെടുപ്പിലൂടെയാണ് മന്ത്രിസഭയും മന്ത്രിമാരും അധികാരത്തിലെത്തുന്നത്. ജനപ്രീതിയും ഗവർണറുടെ പ്രീതിയും രണ്ടും രണ്ടാണ്. ആ സാഹചര്യത്തിൽ മന്ത്രിമാർ സ്ഥാനത്ത് തുടരണോയെന്ന് തീരുമാനിക്കേണ്ടത് നിയമസഭയും മുഖ്യമന്ത്രിയുമാണെന്നതാണ് ഏറ്റവും പ്രസക്തമായി ഉയർന്നു വരുന്ന വാദം. അതുകൊണ്ട് തന്നെയാണ് ജനാധിപത്യ കീഴ്വഴക്കങ്ങളും ഭരണഘടന കാഴ്ചപ്പാടും രാജ്യത്തിന്റെ പാരമ്പര്യവും വെച്ച് പരിശോധിച്ചതിൽ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാക്കുകൾ ഗവർണറുടെ പ്രീതി നഷ്ടപ്പെടുത്തുന്നതല്ലെന്ന് ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്.
ഇന്ത്യയെന്ന സ്വതന്ത്ര പരമാധികാര ജനാധിപത്യ രാജ്യം നിലനിൽക്കുന്നത് അതിന്റെ ഭരണഘടനയെ ജൈവിക ഗ്രന്ഥമായി അംഗീകരിച്ചുകൊണ്ടാണ്. ഭരണഘടനയുടെ വകുപ്പുകളിലും അനുഛേദങ്ങളിലുമെല്ലാം അവ്യക്തതകളും സങ്കീർണതകളും ഉയർന്നു വരുമ്പോൾ അതിനെ വ്യക്തമായി നിർവചിക്കേണ്ട ചുമതല ഭരണഘടന കോടതികൾക്കാണ്. കാലാകാലങ്ങളിൽ ഭരണഘടനയുമായി ബന്ധപ്പെട്ട് ഇത്തരം വിഷയങ്ങൾ ഉയർന്നു വരാറുണ്ട്. അതിനെ നിയമ വ്യവസ്ഥയുടെയും കാലഘട്ടത്തിന്റെയും ആവശ്യതകൾ മുൻനിർത്തി ഭരണഘടന കോടതികൾ വിവക്ഷിക്കാറുമുണ്ട്.
ഭരണഘടനയിലെ ചില അനുഛേദങ്ങൾ പലപ്പോഴും അതിന്റെ ഉദ്ദേശ്യശുദ്ധിയെ വളരെ കൃത്യമായി വിവക്ഷിക്കാതെ നിലനിൽക്കുന്നുണ്ട്. അത്തരമൊരു അനുഛേദത്തെ കൂട്ടുപിടിച്ചാണ് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകിയത്. ഗവർണറും സർക്കാരും തമ്മിലുള്ള പോരിന് മൂർച്ച കൂട്ടാനായി സങ്കീർണമായ നിയമ പ്രശ്നങ്ങളിലേക്ക് കടക്കാവുന്ന ഭരണഘടനയിലെ ഒരു അനുഛേദത്തെ തന്നെ ഗവർണർ കൂട്ടുപിടിക്കുകയാണുണ്ടായത്.
വൈസ് ചാർസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാരുമായുള്ള ഏറ്റുമുട്ടലിനെ സമർത്ഥമായി മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുകയാണ് ഗവർണണ്ണർ ചെയ്തത്. തന്റെ അപ്രീതിക്ക് പാത്രമായതിനാൽ തെരഞ്ഞെടുക്കപ്പെട്ട സഭയിലെ ഒരു മന്ത്രിയെ പുറത്താക്കണമെന്ന് മുഖ്യമന്ത്രിയോട് സംസ്ഥാന ഗവർണർ ആവശ്യപ്പടുമ്പോൾ, ജനാധിപത്യത്തിലെ കീഴ്വഴക്കങ്ങളുടെ അടിസ്ഥാനത്തിൽ അതിന് വലിയ ഗൗരവം കൊടുക്കേണ്ടതില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നുമെങ്കിലും നിയമപരമായ പോരിലേക്ക് സർക്കാരിനെ വലിച്ചിടാൻ ഇതിലൂടെ ഗവർണർക്ക് കഴിഞ്ഞിട്ടുണ്ട്.
ഗവർണറുടെ ആവശ്യത്തെ മുഖ്യമന്ത്രി നിഷ്കരുണം തള്ളിയെങ്കിലും ചില ജാഗ്രതകൾ ഇക്കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെയാണ് ഗവർണർക്കും രാജ്ഭവനും നേരെ വിവാദമാകുന്ന തരത്തിലുള്ള പ്രസ്താവനകൾ ഒഴിവാക്കാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകിയത്. കാരണം, സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഒരു മന്ത്രി ഭരണഘടന സ്ഥാപനങ്ങൾക്ക് നേരെ ഏതെങ്കിലും തരത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തുകയോ ഇകഴ്ത്തിക്കാട്ടുകയോ ചെയ്താൽ അതിനെ സത്യപ്രതിജ്ഞ ലംഘനവും രാജ്യത്തിന്റെ ഭരണഘടനയോടുള്ള അവഹേളനവുമാക്കി ഉയർത്തിക്കാട്ടാൻ സാധിക്കും. അതുകൊണ്ട് തന്നെയാണ് ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെടുന്നത്. തന്റെ പ്രസ്താവനയിൽ ഗവർണർക്കെതിരെ ഒന്നുമില്ലെന്ന് പറഞ്ഞ് മന്ത്രി കെ.എൻ. ബാലഗോപാൽ ഒഴിഞ്ഞു മാറുന്നതും ഇതേ ജാഗ്രത കൊണ്ട് തന്നെയാണ്.
താൻ എസ്.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ബനാറസ് ഹിന്ദു സർവകലാശാലയിൽ നടന്ന വെടിവെപ്പിനെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് മന്ത്രി കെ.എൻ. ബാലഗോപാൽ ഗവർണറെ പേരെടുത്ത് പറയാതെ വിമർശിച്ചത്. ഇത്തരം സംഭവങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് കേരളത്തിലെ സർവകലാശാലകളിലെ സാഹചര്യം മനസ്സസിലായിക്കൊള്ളണമെന്നില്ലെന്നായിരുന്നു മന്ത്രിയുടെ പ്രസംഗത്തിന്റെ ഉള്ളടക്കം. ഗവർണറെയോ രാജ്ഭവനെയോ പ്രത്യക്ഷത്തിൽ മന്ത്രിയുടെ പ്രസംഗത്തിൽ പറയുന്നില്ലെന്നത് തന്നെയാണ് ബാലഗോപാലിന്റെ ഏറ്റവും വലിയ പിടിവള്ളി. ഇക്കാര്യം ഗവർണർക്ക് ബോധ്യമുണ്ടെങ്കിലും ഈ സാഹചര്യത്തെ തനിക്ക് അനുകൂലമായ അവസരമാക്കി മാറ്റാനാണ് ഗവർണർ ശ്രമിക്കുന്നത്. മന്ത്രിമാരുടെ പ്രസംഗങ്ങളുടെയും പ്രസ്താവനകളുടെയും പത്ര ക്ലിപ്പിംഗുകളും വീഡിയോകളും ശേഖരിക്കാനും അത് വിലയിരുത്താനും രാജ്ഭവനിലെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതിലൂടെ ഒരു കൈവിട്ട കളിക്ക് താൻ ഒരുക്കമാണെന്ന സൂചനയാണ് ഗവർണർ നൽകുന്നത്.
ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ വൈസ് ചാൻസലറുടെ നിയമനം മാനദണ്ഡപ്രകാരമല്ല നടത്തിയതെന്നും അതിനാൽ വി.സി സ്ഥാനം ഒഴിയണമെന്നുമുള്ള സുപ്രീം കോടതി വിധിയെ അടിസ്ഥാനപ്പെടുത്തി കേരളത്തിലെ ഒമ്പത് വൈസ് ചാൻസലർമാരോട് രാജിവെക്കാൻ ഗവർണർ ആവശ്യപ്പെട്ടതാണ് സർക്കാറും ഗവർണറും തമ്മിലുള്ള ഇപ്പോഴത്തെ പോരിന് ആധാരമായ വസ്തുത. ഗവർണറുടെ നടപടിയെ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരുമെല്ലാം വിമർശിച്ചിരുന്നു. അക്കൂട്ടത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ തനിക്കും തന്റെ ഓഫീസിനും നേരെ നടത്തിയ പ്രസ്താവനയെയാണ് ഏറ്റവും പുതിയ ആയുധമാക്കി ഗവർണർ മാറ്റിയത്.
സംസ്ഥാന മുഖ്യമന്ത്രിയുടെയും മന്ത്രിസഭാംഗങ്ങളുടെയും നിയമനത്തെ പ്രതിപാദിക്കുന്ന ഭരണഘടനയുടെ 164 ാം അനുഛേദത്തെയാണ് സംസ്ഥാന ഭരണത്തെ പ്രതിസന്ധിയിലാക്കുകയെന്ന ലക്ഷ്യത്തോടെ ഗവർണണ്ണർ കൂട്ടുപിടിച്ചത്. മന്ത്രിമാരിൽ ഗവർണറുടെ പ്രീതി നിലനിൽക്കുന്നിടത്തോളം കാലം അധികാരത്തിൽ തുടരാമെന്ന അനുഛേദത്തിലെ വാക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഗവർണറുടെ കളി. ഇതിന്റെ ഉള്ളടക്കം അർത്ഥശങ്കക്കിടയില്ലാത്ത വിധം ഭരണഘടനയിൽ വിവക്ഷിച്ചിട്ടില്ലാത്തതിനാൽ ഇതിലൂടെ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ കഴിയുമെന്ന ബോധ്യത്തിലായിരിക്കണം ആരിഫ് മുഹമ്മദ് ഖാൻ ധനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത്.
ഗവർണറുടെ പ്രീതി എന്ന വാക്കിന് അദ്ദേഹത്തിന്റെ വ്യക്തിപരമായ പ്രീതിക്ക് പാത്രമാകുക എന്ന അർത്ഥമല്ല ഉള്ളതെന്നും മറിച്ച് നിയമസഭയുടെ വിശ്വാസമെന്ന അർത്ഥത്തിലാണ് ഇതിനെ ഉപയോഗിച്ചിരിക്കുന്നതെന്നും നിയമ വിദഗ്ധരിൽ വലിയൊരു വിഭാഗം പറയുന്നു. അതുകൊണ്ട് തന്നെ ഗവർണറുടെ പ്രീതി മന്ത്രിസഭയെയോ മന്ത്രിമാരെയോ ഒരുവിധത്തിലും ബാധിക്കില്ലെന്നാണ് അവരുടെ പക്ഷം. നിയമസഭ മന്ത്രിയിൽ അവിശ്വാസം രേഖപ്പെടുത്തിയാൽ മാത്രമേ ഗവർണറുടെ പ്രീതി അവസാനിക്കുകയുള്ളൂവെന്നാണ് അവർ പറയുന്നുത്. എന്നാൽ ഇതിനെതിരെ ശക്തമായ മറുവാദങ്ങളും ഉന്നയിക്കപ്പെടുന്നുണ്ട്. മന്ത്രിസഭാംഗങ്ങളെ നിയമിക്കാനും പ്രീതി പിൻവലിച്ച് അവരെ പുറത്താക്കാനുമുള്ള അധികാരം ഭരണഘടന പ്രത്യക്ഷമായിത്തന്നെ 164 അനുഛേദത്തിലൂടെ ഗവർണർക്ക് നൽകുന്നുണ്ടെന്നാണ് ഗവർണറുടെ നടപടിയെ പിന്തുണയ്ക്കുന്ന നിയമ വിദഗ്ധരുടെ വാദം.
ജനാധിപത്യ സമ്പ്രദായത്തിൽ തെരഞ്ഞെടുപ്പിലൂടെയാണ് മന്ത്രിസഭയും മന്ത്രിമാരും അധികാരത്തിലെത്തുന്നത്. ജനപ്രീതിയും ഗവർണറുടെ പ്രീതിയും രണ്ടും രണ്ടാണ്. ആ സാഹചര്യത്തിൽ മന്ത്രിമാർ സ്ഥാനത്ത് തുടരണോയെന്ന് തീരുമാനിക്കേണ്ടത് നിയമസഭയും മുഖ്യമന്ത്രിയുമാണെന്നതാണ് ഏറ്റവും പ്രസക്തമായി ഉയർന്നു വരുന്ന വാദം. അതുകൊണ്ട് തന്നെയാണ് ജനാധിപത്യ കീഴ്വഴക്കങ്ങളും ഭരണഘടന കാഴ്ചപ്പാടും രാജ്യത്തിന്റെ പാരമ്പര്യവും വെച്ച് പരിശോധിച്ചതിൽ മന്ത്രി കെ.എൻ. ബാലഗോപാലിന്റെ വാക്കുകൾ ഗവർണറുടെ പ്രീതി നഷ്ടപ്പെടുത്തുന്നതല്ലെന്ന് ഗവർണറുടെ കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്.
ഗവർണറും സംസ്ഥാന സർക്കാരും തമ്മിലുള്ള ബന്ധം തീർത്തും മോശമായ സാഹചര്യത്തിൽ സർക്കാരിനെതിരെയുള്ള നീക്കങ്ങൾക്ക് ശക്തി കൂട്ടാനാണ് ഗവർണർ ശ്രമിക്കുകയെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ട് തന്നെ ഗവർണറുടെ പ്രീതി എന്ന ഭരണഘടനയിലെ വാക്കുകൾക്ക് നിയമത്തിന്റെ അടിസ്ഥാനത്തിൽ തനിക്കനുകൂലമായ പിൻബലം നേടിയെടുക്കാനായിരിക്കും ഗവർണർ ശ്രമിക്കുക. അങ്ങനെ വന്നാൽ നിയമപ്രശ്നങ്ങളിലായിരിക്കും ഇത് ചെന്നെത്തുക. ഗവർണറുടെ പ്രീതിയെ കൃത്യമായി നിർവചിക്കേണ്ട ഉത്തരവാദിത്തം ഭരണഘടന കോടതികൾക്ക് മേൽ വന്നുചേരും. അത് തന്നെയാണ് ഗവർണർ ലക്ഷ്യമിടുന്നതും.






