Sorry, you need to enable JavaScript to visit this website.

കേരളത്തിന് മുന്നറിയിപ്പ് ഇടിമിന്നലും കൊടുങ്കാറ്റും

കാളികാവ് മൂച്ചിക്കലിൽ കത്തിനശിച്ച ഫർണിച്ചർ ശാല.

ന്യൂദൽഹി- കേരളം ഉൾപ്പെടെ പത്തു സംസ്ഥാനങ്ങളിൽ ഇന്നു മുതൽ മൂന്നു ദിവസത്തേക്ക് കൊടുങ്കാറ്റിനും കനത്ത ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഉത്തരേന്ത്യയിൽ കഴിഞ്ഞ ദിവസങ്ങളിൽ വീശിയടിച്ച കൊടുങ്കാറ്റിലും ശക്തമായ മിന്നലിലും നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു. കേരളം, കർണാടക, പശ്ചിമ ബംഗാൾ, ഒഡീഷ, അസം, മേഘാലയ, മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പു നൽകിയിരിക്കുന്നത്. 
കാലാവസ്ഥ കേന്ദ്രം ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക മുന്നറിയിപ്പിൽ ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഹരിയാന, ചണ്ഡീഗഢ്, ദൽഹി, പഞ്ചാബ്, ഉത്തർപ്രദേശ്, ജാർഖണ്ഡ്, രാജസ്ഥാൻ, വിദർഭ, ചത്തീസ്ഗഢ്, തെലങ്കാന, ആന്ധ്രപ്രദേശ്, തെക്കൻ കർണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിൽ കനത്ത കാറ്റിനും ചിലയിടങ്ങളിൽ ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.  കൊടുംചൂടിൽ വലഞ്ഞിരിക്കുന്നതിനിടെയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൊടുങ്കാറ്റും കനത്ത മഴയും ദുരിതം വിതച്ചെത്തിയത്. മണിക്കൂറിൽ നൂറു കിലോമീറ്റർ വരെ വേഗത്തിലാണ് കാറ്റ് വീശിയടിച്ചത്. ഉത്തർപ്രദേശിന്റെ പല മേഖലകളിലും കനത്ത നാശനഷ്ടങ്ങളുണ്ടാക്കിയ കാറ്റ് രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും നാശം വിതച്ചു. 
ദൽഹിയിൽ വിമാന ഗതാഗതത്തെയും കാറ്റ് പ്രതികൂലമായി ബാധിച്ചു. കേരളത്തിൽനിന്നും തമിഴ്‌നാട്ടിൽ നിന്നുമെത്തുന്ന തണുത്ത മഴമേഘങ്ങൾ കിഴക്കൻ രാജസ്ഥാനു മീതേ രൂപപ്പെട്ട ചെറിയ ന്യൂനമർദ മേഖലയിലേക്ക് ഇരച്ചു കയറിയതോടെയാണ് അതിശക്തമായ പൊടിക്കാറ്റുണ്ടായത്.
കൊടുങ്കാറ്റ് സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്.  രണ്ടു ദിവസത്തിനുള്ളിൽ കൊടുങ്കാറ്റിൽപെട്ട് മരിച്ചവരുടെ എണ്ണം 124 ആയെന്നാണു കാലവസ്ഥ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചത്. ഉത്തർപ്രദേശിൽ 73ഉം രാജസ്ഥാനിൽ 35ഉം തെലങ്കാനയിൽ എട്ടും ഉത്തരാഖണ്ഡിൽ ആറും പഞ്ചാബിൽ രണ്ട് പേരും കൊല്ലപ്പെട്ടുവെന്നും മന്ത്രാലയം വ്യക്തമാക്കി.  

നെല്ലിയാമ്പതിയിൽ വൻ ഉരുൾപൊട്ടൽ
പാലക്കാട്- നെല്ലിയാമ്പതി മലനിരയുടെ വൃഷ്ടിപ്രദേശത്ത് സീതാർകുണ്ട് മുതൽ പലകപ്പാണ്ടി വരെയുള്ള സ്ഥലത്തിനിടയിലാണ് സ്‌ഫോടന സമാനമായ ഉരുൾപൊട്ടലുണ്ടായത്. സ്‌ഫോടനത്തെ തുടർന്ന് പാറക്കല്ലുകൾ തെറിച്ച് താഴ്‌വരയിലെത്തി. കഴിഞ്ഞ രണ്ട് വർഷം മുമ്പ് സമാന രീതിയിൽ ഉരുൾപൊട്ടലുണ്ടായിരുന്നു. സ്‌ഫോടനവും തുടർന്നുള്ള പാറക്കല്ലുകൾ തെറിച്ച് താഴെ വരുന്നതും ഏറെ ഭീതിയോടെയാണ് മലയോര നിവാസികൾ കാണുന്നത്. 

ഇടിമിന്നലിൽ വ്യാപക നാശം; ഫർണിച്ചർശാല കത്തിനശിച്ചു  
കാളികാവ്- മൂച്ചിക്കലിൽ ഇന്നലെ പുലർച്ചെയുണ്ടായ ശക്തമായ ഇടിമിന്നലിൽ വ്യാപക നാശം. ഫർണിച്ചർശാല കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. രണ്ടു വീടുകൾക്കു കേടുപാട് പറ്റി. അഞ്ചച്ചവിടി മൂച്ചിക്കലിലാണ് ഇടിമിന്നലുണ്ടായത്. പൊറ്റയിൽ ജാബിറിന്റെ ഫർണിച്ചർ ശാല കത്തിനശിച്ചു. ഇടിമിന്നലിൽ വൈദ്യുതി ഉപകരണങ്ങൾ കത്തിയാണ് തീ പടർന്നത്. നിർമാണം പൂർത്തിയായ ഫർണിച്ചറുകളും ഒട്ടേറെ ഉരുപ്പടികളും കത്തിനശിച്ചു. 
രണ്ടു യൂണിറ്റ് ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ഞായറാഴ്ച വിവാഹം നടക്കാനിരുന്ന കൈപ്പള്ളി സുരേഷിന്റെ വീട് ഭാഗികമായി തകർന്നു. ജനൽ ചില്ലുകൾ പൊട്ടിത്തെറിച്ചു. വയറിംഗുകളും വൈദ്യുതി ഉപകരണങ്ങളും പൂർണമായും കത്തിനശിച്ചു. പന്തലിനു തീപിടിച്ചു. വിവാഹത്തിനു കൊണ്ടുവന്ന ചെമ്പുപാത്രങ്ങളും ഉരുകി. തൊട്ടടുത്ത കൈപ്പള്ളി രാഘവന്റെ വീടിനും കേടുപാടുകൾ പറ്റി. ചുമരിനു വിള്ളൽ വീണു. ജനൽ ചില്ല് തകർന്നു. സുരേഷിന്റെ തൊട്ടടുത്ത പറമ്പിൽ അമ്പതു മീറ്റർ ചുറ്റളവിൽ നിലം ഉഴുതുമറിച്ചിട്ട നിലയിലായി. പറമ്പിലുണ്ടായിരുന്ന തെങ്ങും കത്തിനശിച്ചു. മൂച്ചിക്കൽ പ്രദേശത്തെ പത്തോളം വീടുകളിലെ വൈദ്യുതോപകരണങ്ങളും കത്തിനശിച്ചു.


 

Latest News