ഗാസ സിറ്റി- ഇസ്രായില്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ആറാമത്തെ ആഴ്ചയും നടന്ന പ്രകടനത്തില്‍ ആയിരക്കണക്കിനു ഫലസ്തീനികള്‍ അണിനിരന്നു. ഇസ്രായില്‍ സൈന്യം നടത്തിയ വെടിവെപ്പിലും കണ്ണീര്‍ വാതക പ്രയോഗത്തിലും 200-ലേറെ പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ 69 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ വൈകിട്ട് വരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതിര്‍ത്തിയില്‍ ഫലസ്തീന്‍ പ്രതിഷേധം ആരംഭിച്ച ശേഷം ഇതുവരെ ഇസ്രായില്‍ സൈന്യം നടത്തിയ ആക്രമണങ്ങളില്‍ അമ്പതോളം ഫലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
കിഴക്കന്‍ ഗാസ സിറ്റിയിലെ പ്രതിഷേധ ക്യാമ്പിനു മുകളില്‍ കറുത്ത പുക ഉയര്‍ന്നു. പ്രതിഷേധക്കാര്‍ ടയര്‍ കത്തിച്ചതിനെ തുടര്‍ന്നാണ് കരിമ്പുക പടര്‍ന്നത്.
അതിര്‍ത്തി വേലിക്കടുത്തേക്ക് നീങ്ങിയ ഫലസ്തീനി പ്രകടനക്കാര്‍ക്കുനേരെ ഇസ്രായില്‍ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു. സൈനികര്‍ക്കുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞതായി സൈനിക വക്താവ് പറഞ്ഞു. കഴിഞ്ഞയാഴ്ചകളെ അപേക്ഷിച്ച് ജനക്കൂട്ടം കുറവായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അതേസമയം, അമേരിക്ക തങ്ങളുടെ എംബസി തെല്‍അവീവില്‍നിന്ന് ജറൂസലമിലേക്ക് മാറ്റുന്ന മേയ് 14-ന് വന്‍ പ്രതിഷേധമാണ് കാത്തിരിക്കുന്നതെന്ന് ഫലസ്തീനികള്‍ അവകാശപ്പെട്ടു.
മാര്‍ച്ച് 30ന് ആരംഭിച്ച പ്രതിഷേധ റാലികള്‍ക്കിടെ ഇതുവരെ 49 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റു.