എം.എല്‍.എയെ ഭീഷണിപ്പെടുത്തിയ പ്രതി കോട്ടയത്ത് പൂജാരി വേഷത്തില്‍ അറസ്റ്റില്‍

കണ്ണൂര്‍- പയ്യന്നൂര്‍ എം.എല്‍.എ ടി.ഐ.മധുസൂദനനെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ആളെ പോലീസ് അറസ്റ്റു ചെയ്തു. ചെറുതാഴം കൊവ്വല്‍ കോളനിയിലെ പി.വിജേഷ് കുമാറിനെ (38)യാണ് കോട്ടയത്ത് വെച്ച് പയ്യന്നൂര്‍ പോലീസ് പിടികൂടിയത്. അവിടെ ക്ഷേത്ര പൂജാരിയായി കഴിയുകയായിരുന്നു പ്രതി.
പയ്യന്നൂര്‍ ഡിവൈ.എസ്.പി.കെ.ഇ.പ്രേമചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് . കെ.നായരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ്  കോട്ടയം മുണ്ടക്കയം വെള്ളനാടി ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപത്ത് വെച്ച് പ്രതിയെ പിടികൂടിയത്.
ഈ മാസം അഞ്ചിന് വൈകുന്നേരമാണ്  എം.എല്‍.എ.യുടെ ഫോണില്‍ ഭീഷണി വിളി എത്തിയത്. ക്രമസമാധാനം തകര്‍ക്കും വിധത്തില്‍ ലഹളയുണ്ടാക്കാനും അപകീര്‍ത്തിപ്പെടുത്താനുമുദ്ദേശിച്ച് അശ്ലീല വാക്കുകളുപയോഗിച്ചായിരുന്നു ഫോണില്‍ വിളിച്ചതെന്ന എം.എല്‍.എയുടെ പരാതിയില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ പ്രതി പല ക്ഷേത്ര ഭാര
വാഹികളെയും തെറ്റിദ്ധരിപ്പിച്ച് ക്ഷേത്രത്തിലെ താത്കാലിക പൂജാരിയായി ജോലി ചെയ്തു വരികയായിരുന്നു. ബ്രഹ്മചാരി വിജേഷ് ചൈതന്യ എന്ന പേരില്‍ സന്യാസിമാര്‍ക്കൊപ്പം ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച് ദല്‍ഹി സ്വദേശിയെന്ന് തെറ്റിദ്ധരിപ്പിച്ച് മുണ്ടക്കയം വെള്ളനാടി ദുര്‍ഗാദേവി ക്ഷേത്രത്തിലെ മേല്‍ശാന്തിയായി ജോലി ചെയ്യുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലായത്. ഋഷികേശിലും മറ്റു പുണ്യസ്ഥലങ്ങളിലും സന്ദര്‍ശിച്ച് പ്രമുഖരായ സന്യാസിമാര്‍ക്കൊപ്പം ഫോട്ടോയെടുത്ത് ഫെയ്‌സ് ബുക്കില്‍ പ്രചരിപ്പിച്ചാണ് കഴിഞ്ഞിരുന്നത്.
             2016  ല്‍ സമാനമായ കേസില്‍ പയ്യന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തിവരുന്നതിനിടയിലായിരുന്നു ഈ മാസം അഞ്ചിന് പുതിയ ഭീഷണി. 2018 ല്‍ മൊബൈല്‍ ഫോണിലും പയ്യന്നൂര്‍ ഏരിയ കമ്മിറ്റി ഓഫീസിലെ ലാന്‍ഡ് ഫോണിലും വിളിച്ച് ഇയാള്‍ വധഭീഷണി മുഴക്കിയ സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് ഇയാള്‍ക്കെതിരെ പരാതിയില്‍ കേസെടുത്തിരുന്നു. മുഖ്യമന്ത്രിയെ വധിക്കുമെന്നും സി പി എം ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജന്റെ കൈവെട്ടുമെന്നും ഫോണിലൂടെ ഭീഷണി മുഴക്കിയ കേസില്‍ കോഴിക്കോട് കോഴിക്കോട് കൊളത്തൂരില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍  കോടതി മുമ്പ് റിമാന്റ് ചെയ്തു.  വളപട്ടണത്തും, കണ്ണൂര്‍ ടൗണ്‍ സ്‌റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.

 

Latest News