Sorry, you need to enable JavaScript to visit this website.

അല്‍വലീദ് രാജകുമാരനും കമ്പനിക്കും 700 കോടി റിയാലിന്റെ ട്വിറ്റര്‍ നിക്ഷേപം, പുതിയ കമ്പനിയിലേക്ക് മാറ്റി

റിയാദ് - സൗദിയിലെ ഏറ്റവും വലിയ വ്യവസായിയായ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്‍ ചെയര്‍മാനായ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിക്കും അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ പ്രൈവറ്റ് ഓഫീസിനും ട്വിറ്ററിലുള്ള 700 കോടി റിയാല്‍ മൂല്യമുള്ള 3,49,48,975 ഷെയറുകള്‍ പുതിയ ട്വിറ്റര്‍ കമ്പനിയിലേക്ക് മാറ്റിയതായി കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയും അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ പ്രൈവറ്റ് ഓഫീസും അറിയിച്ചു.
എലോണ്‍ മസ്‌ക് കഴിഞ്ഞാല്‍ ട്വിറ്റര്‍ കമ്പനിയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിയുടമകളാണ് കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയും അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ പ്രൈവറ്റ് ഓഫീസും. കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയുടെ ദീര്‍ഘകാല നിക്ഷേപ തന്ത്രവുമായി ഒത്തുപോകുന്നതാണ് പുതിയ ഇടപാടെന്ന് കമ്പനി പറഞ്ഞു. മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതില്‍ നേരത്തെ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു.
4,400 കോടി ഡോളറിന്റെ ട്വിറ്റര്‍ ഏറ്റെടുക്കല്‍ ഇടപാട് വ്യാഴാഴ്ച രാത്രി വൈകി മസ്‌ക് പൂര്‍ത്തിയാക്കിയിരുന്നു. ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നീക്കം ഏപ്രിലിലാണ് മസ്‌ക് ആദ്യമായി വെളിപ്പെടുത്തിയത്. എന്നാല്‍ അന്നു മുതല്‍ ഇടപാട് പൂര്‍ത്തിയാക്കാനുള്ള മസ്‌കിന്റെ യാത്ര ദുര്‍ഘടമായിരുന്നു. ട്വിറ്റര്‍ സ്വന്തമാക്കി മണിക്കൂറുകള്‍ക്കകം സി.ഇ.ഒ പരാഗ് അഗ്രവാളിനെയും ലീഗല്‍ മേധാവി വിജയ ഗഡ്ഡയെയും ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാലിനെയും മറ്റേതാനും മുതിര്‍ന്ന ജീവനക്കാരെയും മസ്‌ക് പിരിച്ചുവിട്ടു. ഇടപാട് പൂര്‍ത്തിയാകുമ്പോള്‍ ട്വിറ്ററിന്റെ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനത്തായിരുന്ന പരാഗ് അഗ്രവാളിനെയും നെഡ് സെഗാലിനെയും ഇടപാട് പൂര്‍ത്തിയായ ഉടന്‍ കെട്ടിടത്തിന് പുറത്തേക്ക് ആനയിക്കുകയായിരുന്നു. ട്വിറ്റര്‍ സി.ഇ.ഒ ആയി മസ്‌ക് സ്വയം അവരോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

 

Latest News