Sorry, you need to enable JavaScript to visit this website.

രാജാവ് പുറത്താക്കിയ യൂനിവേഴ്‌സിറ്റി പ്രസിഡന്റ് അപഹരിച്ചത് 50 കോടി റിയാല്‍

റിയാദ് - ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബി 50 കോടിയിലേറെ റിയാല്‍ അപഹരിച്ചതായി തെളിഞ്ഞിട്ടുണ്ടെന്ന് ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി വക്താവ് അഹ്മദ് അല്‍ഹുസൈന്‍ പറഞ്ഞു. സര്‍വകലാശാലാ പണത്തില്‍നിന്ന് 10 കോടിയിലേറെ റിയാല്‍ പ്രസിഡന്റ് നേരിട്ട് അപഹരിച്ചു. മറ്റു രീതികളിലും ഇദ്ദേഹം പണം അപഹരിച്ചിട്ടുണ്ട്. ആകെ 50 കോടിലേറെ റിയാലിന്റെ അഴിമതികളും വെട്ടിപ്പുകളുമാണ് മുന്‍ പ്രസിഡന്റ് നടത്തിയത്.  
ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി നടത്തിയ അന്വേഷണത്തില്‍ ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബി കുറ്റസമ്മതം നടത്തിയിയിട്ടുണ്ട്. കണ്‍സള്‍ട്ടിംഗ് മേഖലയില്‍ കരാറുകള്‍ ഒപ്പുവെച്ചതില്‍ അഴിമതികള്‍ നടത്തിയ യൂനിവേഴ്‌സിറ്റി പ്രസിഡന്റ്, സര്‍വകലാശാലാ ബാങ്ക് അക്കൗണ്ടുകള്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്ക് ഉപയോഗിച്ച് അധികാര ദുര്‍വിനിയോഗം നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്. യൂനിവേഴ്‌സിറ്റി പ്രസിഡന്റിന്റെ അധികാര ദുര്‍വിനിയോഗത്തെയും അഴിമതികളെയും കുറിച്ച് അതോറിറ്റിക്ക് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രസിഡന്റ് അഴിമതികള്‍ നടത്തിയതായി തെളിയുകയായിരുന്നു.
യൂനിവേഴ്‌സിറ്റിയില്‍ നിന്ന് അപരഹിച്ച പണം സര്‍ക്കാര്‍ ഖജനാവില്‍ തിരിച്ചെത്തിക്കാനുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാകുന്നതു വരെ ഇവ അക്കൗണ്ടുകളില്‍ നിന്ന് നീക്കം ചെയ്യുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അഹ്മദ് അല്‍ഹുസൈന്‍ പറഞ്ഞു. അഴിമതിയും അധികാര ദുര്‍വിനിയോഗവും സാമ്പത്തിക വെട്ടിപ്പും അടക്കമുള്ള ആരോപണങ്ങള്‍ നേരിടുന്ന ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. അബ്ദുറഹ്മാന്‍ അല്‍യൂബിയെ ഓവര്‍സൈറ്റ് ആന്റ് ആന്റി-കറപ്ഷന്‍ അതോറിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് കഴിഞ്ഞ ദിവസം പദവിയില്‍ നിന്ന് നീക്കുകയായിരുന്നു. ഇദ്ദേഹത്തിനെതിരെ നിയമാനുസൃത നടപടികള്‍ തുടരാനും രാജാവ് നിര്‍ദേശം നല്‍കി.

 

 

Latest News