തെഹ്‌റാന്‍- ഇറാന്‍ പട്ടണമായ സഹെദാനില്‍ വീണ്ടും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി. ഇറാന്‍ പരമോന്നത നേതാവ് അലി ഖാംനഇക്കെതിരെയാണ് പ്രതിഷേധ മുദ്രാവാക്യങ്ങള്‍. മഹ്‌സ അമീനി പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ പല ഭാഗങ്ങളിലും പ്രതിഷേധം രൂക്ഷമായത്. ഖാംനഇ തുലയട്ടെ, ഖാംനഇക്ക് മരണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴുക്കുന്നതിന്റെ വീഡിയോ ആക്ടിവിസ്റ്റ് ഗ്രൂപ്പായ 1500തസ് വീര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. പ്രക്ഷോഭകര്‍ക്കുനേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടതായും സംഘടന പറയുന്നു.
കഴിഞ്ഞ മാസം നടന്ന രൂക്ഷമായ ഏറ്റുമുട്ടലിന്റെ പേരില്‍ സെഹെദാന്‍ പോലീസ് മേധാവിയേയും നഗരത്തിലെ ഒരു പോലീസ് സ്‌റ്റേഷന്‍ മേധാവിയേയും കഴിഞ്ഞ ദിവസം അധികൃതര്‍ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.
സെപ്റ്റംബര്‍ 30ന് വെള്ളിയാഴ്ച ജുമുഅ പ്രാര്‍ഥനക്കുശേഷം കുട്ടികളടക്കം 66 പ്രതിഷേധക്കാരെ സുരക്ഷാ സൈന്യം കൊലപ്പെടുത്തിയതായും നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഈ മാസാദ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
22 കാരിയായ മഹ്‌സാ അമീനി കസ്റ്റഡിയില്‍ മരിച്ച സെപ്റ്റംബര്‍ 16ന് ശേഷം ആരംഭിച്ച പ്രതിഷേധത്തില്‍ ഏറ്റവും രക്തരൂഷിതമായ സംഭവമായിരുന്നു ഇത്. ഹിജാബ് ചട്ടങ്ങള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് ഇറാനിയന്‍ കുര്‍ദ് വനിതയായ മഹ്‌സയെ കസ്റ്റഡിയിലെടുത്തിരുന്നത്.