ട്വിറ്റർ പ്രതിപക്ഷത്തിന്റെ ശബ്ദം തടയില്ലെന്ന് പ്രതീക്ഷിക്കുന്നു-രാഹുൽ

ന്യൂദൽഹി- ട്വിറ്റർ ഏറ്റെടുത്ത ഇലോൺ മസ്‌കിന്റെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അഭിനന്ദിച്ചു. ഇന്ത്യയിൽ പ്രതിപക്ഷത്തിന്റെ ശബ്ദം ഇനി തടയില്ലെന്ന് പ്രതീക്ഷിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു. ട്വിറ്റർ ഇനി കൂടുതൽ കാര്യക്ഷമമായി വസ്തുതാ പരിശോധന(ഫാക്ട് ചെക്ക്)നടത്തുമെന്നും വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. സർക്കാറിന്റെ സമർദ്ദം മൂലം പ്രതിപക്ഷത്തിന്റെ ശബ്ദം ഇനി തടയില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ട്വീറ്റ് ചെയ്തു. നേരത്തെ ഫോളോവേഴ്‌സിന്റെ എണ്ണം കുറച്ച് ട്വിറ്റർ തന്റെ അക്കൗണ്ടിൽ കൃത്രിമം കാണിച്ചതായി രാഹുൽ ആരോപിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സി.ഇ.ഒ പരാഗ് അഗർവാളിന് കത്തയച്ചെങ്കിലും ആരോപണം ട്വിറ്റർ നിഷേധിക്കുകയായിരുന്നു.

ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗർവാൾ ഉൾപ്പെടെ സുപ്രധാന തസ്തികയിലുള്ള നാലു പേരെ ഇലോൺ മസ്‌ക് പുറത്താക്കിയിരുന്നു. ചീഫ് ഫിനാൻഷ്യൽ ഓഫീസർ നസ് സെഗാൾ, ലീഗൽ ഹെഡ് വിജയ് ഗഡ്‌ഢെ എന്നിവരെയും പുറത്താക്കി. അതേസമയം പുറത്താക്കിയതോടെ പരാഗ് അഗർവാളിന് മസ്‌ക് വൻ തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ വംശജനായ പരാഗ് അഗർവാളിനെ ഒരു വർഷത്തിനുള്ളിൽ സ്ഥാനത്ത്‌നിന്ന് നീക്കിയാൽ 4.2 കോടി ഡോളർ നഷ്ടപരിഹാരം നൽകാമെന്ന് നേരത്തെ വ്യവസ്ഥയുണ്ടായിരുന്നുവെന്നാണ് വിവരം. ഒരു വർഷത്തെ അടിസ്ഥാന ശമ്പളവും ഇക്വിറ്റി ആനുകൂല്യങ്ങളും ഉൾപ്പെടെയാണിത്. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസറായിരുന്ന പരാഗ് കഴിഞ്ഞ നവംബറിലാണ് ട്വിറ്റർ സി.ഇ.ഒ ആയത്. മുംബൈ സ്വദേശിയായ അഗർവാൾ മുംബൈ ഐ.ഐ.ടിയിൽനിന്നാണ് ബിരുദം നേടിയത്. ഒരു പതിറ്റാണ്ടിലേറെയായി ട്വിറ്ററിൽ ജോലി ചെയ്തുവരികയാണ്. തന്നെ പുറത്താക്കിയ മസ്‌കിന്റെ നടപടി ചോദ്യം ചെയ്ത് പരാഗ് അഗർവാൾ കോടതിയെ സമീപിച്ചു. 
ട്വിറ്ററിൽ സമ്പൂർണ അധികാരം സ്ഥാപിക്കാനുള്ള നീക്കത്തിലാണ് ഇലോൺ  മസ്‌ക്. ട്വിറ്റർ പ്ലാറ്റ്‌ഫോം വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും പ്രതിധ്വനിയാകുന്നത് തടയുമെന്ന് മസ്‌ക് വ്യക്തമാക്കി. വ്യാജ എക്കൗണ്ടുകൾ പൂർണമായും ഇല്ലാതാക്കാനാണ് നീക്കം. അതേസമയം, ആരാണ് കമ്പനിയെ നയിക്കുക എന്നത് സംബന്ധിച്ച് വിശദാംശം നൽകിയിട്ടില്ല. 7,500-ലേറെ ജീവനക്കാരാണ് നിലവിൽ ട്വിറ്ററിനുള്ളത്. തങ്ങളുടെ ഭാവി സംബന്ധിച്ച് ജീവനക്കാർക്കും ആശങ്കയുണ്ട്. കൂടുതൽ പണം സമ്പാദിക്കാനല്ല ട്വിറ്റർ വാങ്ങിയതെന്നും താൻ സ്‌നേഹിക്കുന്ന മനുഷ്യരാശിയെ സഹായിക്കാനാണ് ശ്രമിക്കുന്നതെന്നും മസ്‌ക് പറഞ്ഞു.
ട്വിറ്ററിന്റെ ആസ്ഥാനത്തേക്ക് ഒരു സിങ്കും കയ്യിലേന്തിയാണ് ഇലോൺ മസ്‌ക് എത്തിയത്. ഒരു കമ്പനിയിൽ പെട്ടെന്നുള്ള നടപടികൾ സ്വീകരിക്കുന്നതിന് വ്യവസായ രംഗത്ത് പ്രയോഗിക്കുന്ന കിച്ചൻ സിങ്കിങ് എന്ന വാക്കിനെ അനുസ്മരിച്ചാണ് ട്വിറ്റർ ആസ്ഥാനത്തേക്ക് മസ്‌ക് സിങ്കുമായി എത്തിയത്. ട്വിറ്റർ ഏറ്റെടുക്കൽ നടപടി വേഗത്തിലാക്കുന്നതിനെയാണ് ഇതിലൂടെ അദ്ദേഹം ഉദ്ദേശിച്ചത് എന്നാണ് സൂചന. ട്വിറ്റർ ഏറ്റെടുക്കൽ നടപടി വെള്ളിയാഴ്ച്ചക്കകം പൂർത്തിയാക്കണമെന്ന കോടതി ഉത്തരവുണ്ടായിരുന്നു. 
 

Latest News