ബ്രിട്ടീഷുകാർ ഇന്ത്യ കീഴടക്കിയതിന്റെ ചരിത്ര വായനയിൽനിന്ന് മാറി ബ്രിട്ടന്റെ ഭരണ യന്ത്രം തിരിക്കും വിധം വളർന്ന ഇന്ത്യൻ വംശജന്റെ വിജയ ഗാഥയാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്നത്. ലോകം ഇന്ത്യൻ മൂല്യങ്ങളെ പുണരുമ്പോൾ ആ മൂല്യങ്ങൾ കൈവിട്ട് പോകുന്ന വർത്തമാന ഇന്ത്യൻ യാഥാർഥ്യം നാം കാണാതെ പോകരുത്.
ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ ഏഷ്യക്കാരനും ഇന്ത്യൻ വംശജനും ബ്രിട്ടീഷ് ചരിത്രത്തിലെ വെള്ളക്കാരനല്ലാത്ത ആദ്യ പ്രധാനമന്ത്രിയുമായി ഋഷി സുനക് ചരിത്രത്തിൽ ഇടം പിടിക്കുമ്പോൾ അത് ബഹുസ്വര സംസ്കാരത്തിന് ഇന്ത്യക്ക് പുറത്തും മാതൃക തീർക്കുകയാണ്.
ഇന്ത്യ ഭരിച്ചിരുന്ന ഒരു മുൻ കൊളോണിയൽ ശക്തിയുടെ കടിഞ്ഞാൺ 'വസുധൈവ കുടുംബകം' അഥവാ ലോകമേ തറവാട് എന്ന് വിശ്വസിക്കുന്ന ഇന്ത്യൻ പാരമ്പര്യത്തിന്റെ പ്രതിനിധിയുടെ കൈകളിലേക്ക് ഏൽപിക്കപ്പെടുമ്പോൾ ചരിത്രത്തെ തിരിച്ചുപിടിച്ച ഇന്ത്യൻ മൂല്യങ്ങളുടെ വിജയമായി അതിനെ വിശേഷിപ്പിക്കാം.
ചരിത്രത്തിൽ ഇതാദ്യമായാണ് ബക്കിങ്ഹാം പാലസിലെ രാജകുടുംബത്തേക്കാൾ സമ്പന്നരായ ഒരു കുടുംബം പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെത്തുന്നത്. അതും ഒരിന്ത്യൻ കുടുംബമാകുമ്പോൾ അതിൽനിന്നും ലോകത്തിന് പഠിക്കാൻ പാഠങ്ങൾ ഏറെ. ഇൻഫോസിസ് സഹ സ്ഥാപകൻ നാരായണ മൂർത്തിയുടെ മകൾ അക്ഷിതയുടെ ഭർത്താവും മുൻ ബാങ്കറുമായ സുനകിന്റെ ആസ്തി 827 മില്യൺ ഡോളർ വരുമെന്നാണ് കണക്കാക്കുന്നത്. മരണത്തിന് മുമ്പ് പ്രസിദ്ധീകരിച്ച 'സൺഡേ ടൈംസ്' റിച്ച് ലിസ്റ്റ് പ്രകാരം എലിസബത്ത് രാജ്ഞി രണ്ടാമന്റെ ആസ്തി 420 മില്യൺ ഡോളറായിരുന്നു.
സമ്പത്തിന്റെ താരതമ്യത്തേക്കാൾ ബ്രിട്ടീഷ് പാർലമെന്ററി അധ്യായങ്ങളിലെ ഇന്ത്യൻ സാന്നിധ്യ താളുകൾ ഇപ്പോൾ മറിച്ചുനോക്കുന്നത് കൂടുതൽ കൗതുകകരമായിരിക്കും.
പതിനേഴാം നൂറ്റാണ്ടിൽ ഇന്ത്യൻ തീരത്ത് വ്യാപാര കേന്ദ്രങ്ങൾ സ്ഥാപിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയിലൂടെയാണ് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഉത്ഭവം. 1876 ലെ പാർലമെന്റ് റോയൽ ടൈറ്റിൽ ആക്ട് പ്രകാരമാണ് ഇന്ത്യക്ക് മേൽ ബ്രിട്ടീഷ് ഭരണം ശക്തിപ്പെടുത്തിക്കൊണ്ട് വിക്ടോറിയ രാജ്ഞിക്ക് ഔപചാരികമായി ഇന്ത്യയുടെ ചക്രവർത്തി പദവി നൽകുന്നത്. അത് കഴിഞ്ഞ് പത്ത് വർഷം പിന്നിടും മുമ്പ് 1885 ൽ ഇന്ത്യൻ ദേശീയവാദികൾ യോഗം ചേർന്ന് ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിച്ചു. ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിതമായതോടെയാണ് ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഭൂപടത്തിൽ നിർണായകമായ ചലനങ്ങൾ സംഭവിച്ചു തുടങ്ങിയത്. 1892 - 95 കാലയളവിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ദാദാ ഭായ് നവ്റോജിയാണ് ബ്രിട്ടീഷ് പാര്ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരൻ .ബ്രിട്ടനിലെ പാർലമെന്റ് മണ്ഡലമായ ഫിൻസ്ബറി സെൻട്രലിൽനിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെടുന്നത്.1835 ൽ ബ്രിട്ടീഷ് രാഷ്ട്രീയക്കാരനായ തോമസ് മക്കാളെയായിരുന്നു ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ ഇന്ത്യക്കാരെ ബ്രിട്ടീഷ് ഭരണത്തിൽ പങ്കാളിയാക്കണമെന്ന് ആദ്യമായി വാദിച്ചത . ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ നേതാക്കളിൽ പലരും യു.കെയിൽ വിദ്യാഭ്യാസം നേടിയിരുന്നവരായതിനാൽ മക്കാളെയുടെ നിർദേശമാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിന് വിത്ത് പാകിയതെന്ന് പറയാം. ഫിറോസ് ഷാ മേത്ത, ദാദാ ഭായ് നവ്റോജി, മഹാത്മാഗാന്ധി, ജവാഹർലാൽ നെഹ്റു, സുഭാഷ് ചന്ദ്രബോസ്, വി.കെ. കൃഷ്ണമേനോൻ എന്നിവർ യു കെയിൽ വിദ്യാഭ്യാസം നേടിയ സ്വാതന്ത്ര്യ സമര നേതാക്കളായിരുന്നു.
1951 ൽ ബ്രിട്ടനിലെ ഇന്ത്യൻ ജനസംഖ്യ മുപ്പത്തിനായിരത്തോളമായിരുന്നെങ്കിൽ 1961 ൽ അത് രണ്ടര ലക്ഷമായി ഉയർന്നു. 1971 ആയപ്പോൾ ഇന്ത്യക്കാരുടെ എണ്ണം നാലര ലക്ഷത്തിലധികമായി .ബ്രിട്ടനിലെ തൊഴിലാളി ക്ഷാമം നികത്തിയിരുന്നത് ഇന്ത്യയിൽനിന്നുള്ള കുടിയേറ്റക്കാരായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിൽ മാത്രമല്ല, നിർമാണ ടെക്സ്റ്റൈൽ മേഖലകളിലും വ്യോമയാന വ്യവസായത്തിലുമെല്ലാം അവർ ജോലി ചെയ്യുകയുണ്ടായി. ഇന്ന് യു.കെയിൽ ജീവിക്കുന്ന ഇന്ത്യക്കാരിൽ നല്ലൊരു ശതമാനവും ഉയർന്ന സാമ്പത്തിക നില കൈവരിച്ചിട്ടുണ്ട്. ഇന്ത്യൻ വംശജരുടെ ഈ വളർച്ച അവരുടെ രാഷ്ട്രീയ ശാക്തീകരണത്തിനും കാരണമായിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസം നേടി ജീവിത വിജയം കൈവരിച്ച മൂന്നാം തലമുറയിലെ ബ്രിട്ടീഷ് ഇന്ത്യക്കാരൻ എന്ന ശ്രേണിയിൽ ഇതിന് മികച്ച ഉദാഹരണമാണ് ഋഷി സുനക്. ദാദാ ഭായ് നവ്റോജിയെ പോലുള്ള മുൻ തലമുറയിലെ ഇന്ത്യക്കാർ കൈമാറി വന്ന സാമൂഹ്യ - രാഷ്ട്രീയ വിജയത്തിന്റെ ഉൽപന്നമാണ് ഇപ്പോൾ ബ്രിട്ടനിൽ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്ന ഋഷി സുനക് എന്ന് പറയാം. അദ്ദേഹത്തിന്റെ കുടുംബ വേരുകൾ പഞ്ചാബിലാണ്. ആദ്യ കാലത്ത് കിഴക്കൻ ആഫ്രിക്കയിലേക്കും പിന്നീടവിടുന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂർവികർ.
ഒരു കോമൺവെൽത്ത് രാഷ്ട്രത്തിലെ പൗരനായിരിക്കേ യു.കെയിൽ നിശ്ചിത കാലയളവിൽ താമസിക്കാൻ അനുമതിയുള്ളവർക്ക് ബ്രിട്ടനിൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാം.
ബ്രിട്ടീഷുകാർ ഇന്ത്യ കീഴടക്കിയതിന്റെ ചരിത്ര വായനയിൽനിന്ന് മാറി ബ്രിട്ടന്റെ ഭരണ യന്ത്രം തിരിക്കും വിധം വളർന്ന ഇന്ത്യൻ വംശജന്റെ വിജയ ഗാഥയാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്നത്. ലോകം ഇന്ത്യൻ മൂല്യങ്ങളെ പുണരുമ്പോൾ ആ മൂല്യങ്ങൾ കൈവിട്ട് പോകുന്ന വർത്തമാന ഇന്ത്യൻ യാഥാർഥ്യം നാം കാണാതെ പോകരുത്. ബഹുസ്വരതയുടെ സൗന്ദര്യം നഷ്ടമാവാതെ നമ്മൾ ഇന്ത്യക്കാർ ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു.






