ന്യൂദല്‍ഹി- ദല്‍ഹിയില്‍ മുസ്ലിം പ്രദേശത്ത് ദല്‍ഹി വികസന അതോറിറ്റി 25 വീടുകള്‍ തകര്‍ത്തതായി വസ്തുതാനേഷണ സംഘം. ഒക്ടോബര്‍ 21 ന് വെള്ളിയാഴ്ച തെക്കുപടിഞ്ഞാറന്‍ ദല്‍ഹിയിലെ ഖരക് റിവാര സത്ബാരി പ്രദേശത്താണ് വന്‍ പോലീസ് സന്നാഹത്തോടെ വികസന അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തിയാണ് മുന്നറിയിപ്പൊന്നുമില്ലാതെ വീടുകള്‍ തകര്‍ത്തത്.
പുരുഷന്മാര് ജുമുഅ നമസ്കാരത്തിനായി പള്ളിയില്‍ പോയപ്പോഴാണ് സംഭവമെന്നും പ്രദേശം സന്ദര്‍ശിച്ച വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ പറയുന്നു.
താമസക്കാര്‍ക്കെതിരെ ക്രൂരമായ ബലപ്രയോഗത്തിലൂടെയാണ് ഡി.ഡി.എ പൊളിച്ചുമാറ്റല്‍ നടത്തിയതെന്ന്
വ്യാഴാഴ്ച ഛത്തര്‍പൂരിലെ ഫത്തേപൂര്‍ ബേരിക്കു കീഴില്‍ വരുന്ന പ്രദേശം സന്ദര്‍ശിച്ചു സംഘം പറഞ്ഞു.
ദല്‍ഹി പോലീസ് നടത്തിയ ലാത്തി ചാര്‍ജില്‍ സ്ത്രീകളുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതിഷേധിച്ച സ്ത്രീകളെ പുരുഷ പോലീസുകാര്‍ കൈയേറ്റം ചെയ്തതായും പറയുന്നു. തകര്‍ന്ന വീടുകളിലെ താമസക്കാര്‍ക്ക് അവരുടെ വീട്ടുപകരണങ്ങള്‍ വീണ്ടെടുക്കാന്‍ പോലും സമയം നല്‍കിയില്ല. ദീപാവലിക്ക് ശേഷം ബുള്‍ഡോസറുമായി മടങ്ങിയെത്തുമെന്നും കൂടുതല്‍ വീടുകള്‍ പൊളിക്കുമെന്നും ഡിഡിഎ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും സംഘം പ്രസ്താവനയില്‍ പറഞ്ഞു.
ഓള് ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂണിയന്‍സ് (എഐസിസിടിയു) പ്രതിനിധി ആകാശ് ഭട്ടാചാര്യ, ഓള് ഇന്ത്യ ലോയേഴ്സ് ഫോര്‍ ജസ്റ്റിസില്‍ നിന്നുള്ള അനുപ്രദ, ഓള് ഇന്ത്യ സ്റ്റുഡന്റ് അസോസിയേഷനില്‍ (എഐഎസ്എ) നിന്ന് നൗഷാദ് അഹമ്മദ് റാസ, ഓള് ഇന്ത്യ പ്രോഗ്രസീവ് വിമന്‍ അസോസിയേഷനില്‍ (എഐപിഡബ്ല്യുഎ) നിന്ന് സുമന് ഘോഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
സ്ത്രീകളെ പുരുഷ പോലീസ് ഉദ്യോഗസ്ഥര്‍ ക്രൂരമായി മര്‍ദ്ദിച്ചതായും നിരവധി സ്ത്രീകള്‍ക്ക് പരിക്കേറ്റതായും അനുപ്രദ പറഞ്ഞു. ഒരു സ്ത്രീയെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി മണിക്കൂറുകളോളം തടങ്കലിലാക്കിയതായും അവര്‍ പറഞ്ഞു.
ഭൂമി ഏതോ സ്വകാര്യ ഡീലര്‍ കമ്പനിയുടേതാണെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. ഭൂമി ആരുടേതാണെന്നും എത്രത്തോളം ഭൂമി കൈയേറിയെന്നും അളന്ന് തിട്ടപ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഇതുവരെ ഒരു സര്‍വേയും നടത്തിയിട്ടില്ലെന്നും ഒരു നടപടിക്രമവും പാലിച്ചിട്ടില്ലെന്നും അനുപ്രദ പറഞ്ഞു.
DDA demolished 25 houses in south west Delhi's Fatehpur Beri, a Muslim locality on Friday during namaz time without any prior notice. Residents said they were not allowed to take out their household appliances and were threatened and beaten by the police force when they objected. pic.twitter.com/23P6qBpIq7
— Waquar Hasan (@WaqarHasan1231) October 27, 2022