കണ്ണൂര്‍- പോക്‌സോ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളില്‍ പുറത്തിറങ്ങിയ യുവാവ് അതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റില്‍. തിരുവനന്തപുരം കാട്ടാക്കട സ്വദേശി എസ്.എസ്.ജിതേഷിനെ (22) ആണ് തളിപ്പറമ്പ് പോലീസ് പിടികൂടിയത്. ആന്തൂര്‍ നഗരസഭാ പരിധിയിലെ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് യുവാവ് നേരത്തെ ശിക്ഷിക്കപ്പെട്ടത്. പരോളില്‍ പുറത്തിറങ്ങിയ ശേഷം പെണ്‍കുട്ടിയെ ധര്‍മശാലയ്ക്ക് സമീപം ഒരു പമ്പ് ഹൗസിലെത്തിച്ചാണ് വീണ്ടും പീഡിപ്പിച്ചത്.
സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ട ആന്തൂരിലെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജനുവരി 28നാണ് ഇയാള്‍ അറസ്റ്റിലായത്. ഈ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നതിനിടെയാണ് പരോളില്‍ പുറത്തിറങ്ങിയത്. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപോധിയോടെയാണ് ജിതേഷിന് പരോള്‍ അനുവദിച്ചിരുന്നത്. ഇത് ലംഘിച്ച് വീണ്ടും ഇരയെ പീഡിപ്പിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.






