Sorry, you need to enable JavaScript to visit this website.

ടാക്‌സികൾ ഓടിക്കാൻ വനിതകൾക്ക് അനുമതി

പൊതുസുരക്ഷയെ ബാധിക്കുന്ന ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷ ഉയർത്തുംറിയാദ് - ടാക്‌സികൾ  ഓടിക്കുന്നതിനും സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ അവലംബിച്ച് പ്രവർത്തിക്കുന്ന നവടാക്‌സി കമ്പനികൾക്കു കീഴിൽ ടാക്‌സി സേവനം നൽകുന്നതിനും വനിതകൾക്ക് അനുമതിയുണ്ടാകുമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ഡ്രൈവിംഗ് ലൈസൻസ് വനിതകളുടെ പക്കലുണ്ടായിരിക്കണം. സ്വകാര്യവാഹനങ്ങൾ ഓടിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന വനിതകൾ പതിനെട്ടു വയസ് തികഞ്ഞവരായിരിക്കണം. ഉമൂമി ലൈസൻസി(ഹെവി)ന് അപേക്ഷിക്കുന്നവർക്ക് 20 വയസ് തികയണം. ഇവർ മെഡിക്കലും ഡ്രൈവിംഗ് സ്‌കൂളുകളിലെ നിശ്ചിത മണിക്കൂർ പരിശീലനത്തിനു ശേഷമുള്ള തിയറി, പ്രാക്ടിക്കൽ പരീക്ഷകളും പാസാകണം. 
പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് ലേഡീസ് ഡ്രൈവിംഗ് സ്‌കൂളുകളിലെ നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ഈടാക്കാവുന്ന കൂടിയ നിരക്കുകളാണിവ. വനിതാ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് അംഗീകരിച്ച അതേ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്‌കരിച്ച ശേഷം പുരുഷന്മാർക്കുള്ള ഡ്രൈവിംഗ് സ്‌കൂളുകൾക്കും ഇതേ നിരക്കുകൾ ബാധകമാക്കും. ചില്ലുകളിൽ കൂളിംഗ് ഫിലിം ഒട്ടിക്കൽ പോലുള്ള നിയമ ലംഘനങ്ങളിൽനിന്ന് വനിതാ ഡ്രൈവർമാർക്ക് പ്രത്യേക ഇളവുകൾ നൽകില്ല. ട്രാഫിക് നിയമം സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ ബാധകമായിരിക്കും. 
ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ എന്നീ നിയമ ലംഘനങ്ങൾ കണ്ടെത്തി രജിസ്റ്റർ ചെയ്യുന്നതിൽ വനിതകൾ പങ്കാളിത്തം വഹിക്കുന്നുണ്ട്. ട്രാഫിക് ഡയറക്ടറേറ്റിനു കീഴിലെ ഫീൽഡ്, ഓഫീസ് ജോലികളിൽ വനിതകൾക്ക് പരിശീലനം നൽകുന്നുണ്ട്. വൈകാതെ ഈ മേഖലകളിൽ വനിതകൾ ഫലപ്രദമായ പങ്ക് വഹിക്കും. 
രാജ്യത്ത് കൂടുതൽ ഡ്രൈവിംഗ് സ്‌കൂളുകൾ സ്ഥാപിക്കുന്നതിന് ശ്രമിച്ചുവരികയാണ്. തങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഗതാഗത നിയമ ലംഘനങ്ങളിൽ ഓൺലൈൻ വഴി വിയോജിപ്പ് അറിയിക്കുന്നതിന് ഡ്രൈവർമാരെ സഹായിക്കുന്ന ഇ-പ്ലാറ്റ്‌ഫോം വൈകാതെ ഉദ്ഘാടനം ചെയ്യും. സീറ്റ്‌ബെൽറ്റ് ധരിക്കാത്തവരെയും ഡ്രൈവിംഗിനിടെ കൈകൾ കൊണ്ട് മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരെയും കണ്ടെത്തി പിഴ ചുമത്തുന്ന ഓട്ടോമാറ്റിക് സംവിധാനം നിലവിൽവന്ന ശേഷം നിയമം പാലിക്കുന്നവരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഗതാഗത നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം എല്ലാ പ്രവിശ്യകളിലും ഏർപ്പെടുത്തും. ഇതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ പൂർത്തിയാക്കിവരികയാണ്. 
പൊതുസരക്ഷയെ ബാധിക്കുന്ന ചില ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള ശിക്ഷകൾ ഉയർത്തും. ഇതിന് ഗതാഗത നിയമത്തിലെ ചില വകുപ്പുകൾ ഭേദഗതി ചെയ്തുവരികയാണ്. ഇതുമായി ബന്ധപ്പെട്ട മുഴുവൻ നടപടികളും പൂർത്തിയായ ശേഷം അതേ കുറിച്ച് പരസ്യപ്പെടുത്തും. വിലക്കുള്ള സമയങ്ങളിൽ നഗരത്തിൽ പ്രവേശിക്കുന്ന ലോറികൾ നിരീക്ഷിക്കുന്നതിന് റിയാദിൽ പതിനൊന്നു കേന്ദ്രങ്ങളിൽ ഈയാഴ്ച മുതൽ ക്യാമറകൾ അടങ്ങിയ ഓട്ടോമാറ്റിക് സംവിധാനം പ്രവർത്തിപ്പിച്ച് തുടങ്ങുമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ മുഹമ്മദ് അൽബസ്സാമി പറഞ്ഞു. 

Latest News