മൃതദേഹം മോർച്ചറിയിലെത്തിക്കാൻ  നോക്കുകൂലി

തലശ്ശേരി-വാർധക്യ സഹജമായ അസുഖം മൂർഛിച്ചതിനെ തുടർന്ന് തലശ്ശേരി ജനറലാശുപത്രിയിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റിയതിന് നോക്കുകൂലി വാങ്ങിയതായി പരാതി. ആശുപത്രിയിലെ മെഡിക്കൽ വാർഡിൽ നിന്നും 100 മീറ്റർ പോലുമില്ലാത്ത മോർച്ചറിയിലേക്ക് മൃതദേഹം മാറ്റിയതിനാണ്  300 രൂപ ഇവിടുത്തെ ജീവനക്കാരൻ നോക്കുകൂലിയായി വാങ്ങിയത.് കതിരൂർ തരുവണത്തെരുവിലെ പുത്തൻപറമ്പത്ത് മൈഥിലി(62)യുടെ ബന്ധുക്കളോടാണ് യൂനിഫോമിടാത്ത  ജീവനക്കാരൻ നോക്കു കൂലി വാങ്ങിയതെന്നാണ് പരാതി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്  സംഭവം. ഞായറാഴ്ച  സ്ത്രീകളുടെ മെഡിക്കൽ വാർഡിൽ പ്രവേശിപ്പിച്ച മൈഥിലി അസുഖം മൂർഛിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് മരണപ്പെട്ടത.് 
വാർഡിൽനിന്ന് രണ്ട് ജീവനക്കാർ മൃതദേഹം സ്ട്രച്ചറിൽ കിടത്തി മോർച്ചറിയിലെത്തിക്കുകയായിരുന്നു. ഇവരുടെ കൂടെ യൂനിഫോമില്ലാത്തത ഒരാളെത്തി മോർച്ചറി തുറന്ന് മൃതദേഹം ഫ്രീസറിൽ വെച്ചു. ഇയാളാണ് ആദ്യം 200 രൂപയും പിന്നീട് 100 രൂപ കൂടി വാങ്ങിയത.് മൃതദേഹം മോർച്ചറിയിലെത്തിച്ചവർക്ക്  നൽകാനാണെന്നാണ് ഇയാൾ മൈഥിലിയുടെ ബന്ധുക്കളോട് പറഞ്ഞത.് സംഭവം സംബന്ധിച്ച് മൈഥിലിയുടെ ബന്ധുക്കൾ സ്ഥലം എം.എൽ.എ എ.എൻ ഷംസീറിനും ആശുപത്രി സൂപ്രണ്ടിനും പരാതി നൽകി.
 

Latest News