വാഷിംഗ്ടണ്‍- കോവിഡ് വൈറസ് വകഭേദമായ ഒമിക്രോണ്‍ ബിഎ.2 ഡെല്‍റ്റ വകഭേദം പോലെ മാരകമല്ലെന്ന് ഗവേഷകര്‍ സ്ഥിരീകരിച്ചു. ഒമിക്രോണിന്റെ ഉപവകഭേദമാണ് ബി.എ 2. ഇത് ഒറിജിനല്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ അത്രയും ഗുരതരമല്ലെന്നും യു.എസ് ആസ്ഥാനമായുള്ള മസാച്ചുസെറ്റസ് ജനറല്‍ ആശുപത്രയിലെ ഗവേഷകര്‍ പറയുന്നു.
2020 മാര്‍ച്ച് മൂന്ന് മുതല്‍ ഈ വര്‍ഷം ജൂണ്‍ 20 വരെ അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ച 1,02,315 പേരില്‍ 20,770 പേര്‍ക്ക് ഡെല്‍റ്റ വകഭേദവും 52,605 പേരില്‍ ഒമിക്രോണ്‍ ബി.1.1 വകഭേദവും 28,940 പേരില്‍ ഒമിക്രോണ്‍ ബിഎ 2 ഉപവകഭേവുമാണ് ഗവേഷകര് കണ്ടെത്തിയത്.
ഡെല്‍റ്റ വകഭേദത്തില്‍ മരണ നിരക്ക് 0.7 ശതമാനമാണെങ്കില്‍ ഒറിജിനല്‍ ഒമിക്രോണ്‍ വകഭേദത്തില്‍ അത് 0.4 ശതമാനവും ഒമിക്രോണ്‍ ബി.എ 2 ഉപവകഭേദത്തില്‍ അത് 0.3 ശതമാനവുമാണ്.
പുതിയ ബിഎ.2 വകഭേദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഡെല്‍റ്റ, ഒറിജിനല്‍ ഒമിക്രോണ്‍ എന്നിവയില്‍ രണ്ടിരട്ടിയില്‍ കൂടുതലാണ് മരണ സംഖ്യയെന്ന് ഗവേഷകര്‍ പറഞ്ഞു. ഡെല്‍റ്റ, ഒറിജിനല്‍ ഒമിക്രോണ്‍ വകഭേദങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന സാധ്യത കൂടുതലാണെന്നും അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ (ജെ.എ.എം.എ) പ്രസിദ്ധീകരിച്ച പഠനത്തില്‍ വിശദീകരിച്ചു.
കോവിഡ് വൈറസിന്റെ ഗുരുതരസ്വഭാവം കുറഞ്ഞുവരുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നത്.