Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇറാൻ ഭീഷണി: മൊറോക്കൊക്ക് ഒപ്പം നിലയുറപ്പിക്കുമെന്ന് സൽമാൻ രാജാവ്

റിയാദ് - മൊറോക്കൊയുടെ സുരക്ഷാ ഭദ്രതക്കും അഖണ്ഡതക്കും ഭീഷണി സൃഷ്ടിക്കുന്ന എല്ലാ കാര്യങ്ങളും നേരിടുന്നതിന് മൊറോക്കൊപ്പം സൗദി ഭരണകൂടവും ജനങ്ങളും നിലയുറപ്പിക്കുമെന്ന് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് വ്യക്തമാക്കി. മൊറോക്കൊ ഭരണാധികാരി മുഹമ്മദ് ആറാമൻ രാജാവുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് ഇറാൻ ഭീഷണി നേരിടുന്നതിന് മൊറോക്കൊക്കുള്ള പൂർണ പിന്തുണ സൽമാൻ രാജാവ് വ്യക്തമാക്കിയത്. ഇറാന്റെ ശത്രുതാപരമായ പ്രവർത്തനങ്ങളും അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാനും ഇറാന്റെ പിണിയാളുകളും നടത്തുന്ന ഇടപെടലുകളും അറബ് ലോകത്ത് സുരക്ഷാ ഭദ്രത തകർക്കുന്നതിന് ലക്ഷ്യമിടുന്ന ഇറാന്റെ നയങ്ങളും ചെറുക്കുന്നതിന് നിലപാടുകൾ ഏകീകരിക്കുകയും ശ്രമങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യേണ്ടതിന്റെ അനിവാര്യത ഇരു നേതാക്കളും പ്രത്യേകം എടുത്തുപറഞ്ഞു. 
അതേസമയം, ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനുള്ള മൊറോക്കൊയുടെ തീരുമാനത്തിന് അറബ് ലീഗ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അറബ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ അപലപനീയമാണെന്ന് അറബ് ലീഗ് വക്താവ് മഹ്മൂദ് അഫീഫി പറഞ്ഞു. അറബ് രാജ്യങ്ങളിലെ ഇറാൻ ഇടപെടലുകളുമായി ബന്ധപ്പെട്ട് സൗദിയിലെ ദഹ്‌റാനിൽ ചേർന്ന അറബ് ഉച്ചകോടി അംഗീകരിച്ച തീരുമാനം ഇക്കാര്യത്തിലുള്ള അറബ് രാജ്യങ്ങളുടെ ശക്തമായ നിലപാടാണ് പ്രതിഫലിപ്പിക്കുന്നത്. 
അറബ് രാജ്യങ്ങളിൽ അരാജകത്വവും അസ്ഥിരതയും വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ശ്രമങ്ങൾക്കു മുന്നിൽ അറബ് രാജ്യങ്ങൾ കൈയും കെട്ടി നോക്കിനിൽക്കാൻ പാടില്ലെന്നും അറബ് ലീഗ് വക്താവ് പറഞ്ഞു. 
മൊറോക്കൊയിൽ നിന്ന് സ്വാതന്ത്ര്യം തേടുന്ന, പശ്ചിമ സഹാറയിലെ പോളിസാരിയോ ഫ്രിന്റിന് പിന്തുണ നൽകുന്നതിൽ പ്രതിഷേധിച്ച് ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിന് തീരുമാനിച്ചതായി ചൊവ്വാഴ്ച മൊറോക്കൊ അറിയിച്ചിരുന്നു. പോളിസാരിയോ പോരാളികൾക്ക് ഇറാൻ പിന്തുണയുള്ള ഹിസ്ബുല്ല പരിശീലനം നൽകുന്നതായി കണ്ടെത്തിയ പശ്ചാത്തലത്തിൽ തെഹ്‌റാനിലെ മൊറോക്കൊ എംബസി അടച്ചുപൂട്ടുമെന്നും റബാത്തിലെ ഇറാൻ അംബാസഡറെ പുറത്താക്കുമെന്നും മൊറോക്കൊ വിദേശ മന്ത്രി നാസിർ ബൂരിദ പറഞ്ഞു. പോളിസാരിയോ പോരാളികളെയും ഹിസ്ബുല്ലയെയും അൾജീരിയ സഹായിക്കുന്നതായും മൊറോക്കൊ ആരോപിച്ചു. പോളിസാരിയോ ഫ്രന്റിനുള്ള ആദ്യ ആയുധ ശേഖരം അൾജിയേഴ്‌സിലെ ഇറാൻ എംബസി ഏജന്റ് വഴി അടുത്തിടെ അയച്ചതായും വിദേശ മന്ത്രി പറഞ്ഞു. ഇറാനുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്നതിനുള്ള മൊറോക്കൊയുടെ തീരുമാനത്തിന് സൗദി അറേബ്യയും ബഹ്‌റൈനും യു.എ.ഇയും നേരത്തെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. യെമനിലെ ഹൂത്തികൾ, ഇറാഖിലെ ശിയാ മിലീഷ്യകൾ പോലുള്ള സായുധ ഗ്രൂപ്പുകളെ ആയുധമണിയിച്ച് മേഖലയിൽ ആരാജകത്വവും അസ്ഥിരതയും വ്യാപിപ്പിക്കുന്നതിന് ഇറാൻ ശ്രമിക്കുന്നതായി ഗൾഫ് രാജ്യങ്ങൾ ആരോപിക്കുന്നു. കുവൈത്തിലെയും ബഹ്‌റൈനിലെയും ശിയാക്കളെ ഇറാൻ ഏജന്റുമാർ കലാപങ്ങൾക്ക് പ്രേരിപ്പിക്കുന്നതായും ആരോപണമുണ്ട്. 
 

Latest News