നെടുമ്പാശേരി-കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ മൂന്നര കോടി രൂപയുടെ സ്വര്‍ണം പിടികൂടിയ കേസില്‍ അറസ്റ്റിലായ അഞ്ച് പേരെയും കൊച്ചിയിലെ സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയിലെടുത്ത ഒരാളെ സംഭവത്തില്‍ പങ്കില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിട്ടയച്ചു.
റിമാന്‍ഡിലായവരുടെ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കോഴിക്കോട്, മലപ്പുറം സ്വദേശികളാണിവര്‍. ബുധനാഴ്ച രാത്രി പത്ത് മണിയോടെ ദുബായില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനത്തില്‍ നിന്ന് 6.7 കിലോ സ്വര്‍ണമാണ് ഡയയറക്ടറേറ്റ് ഒഫ് റവന്യൂ ഇന്റലിജന്‍സ് (ഡി.ആര്‍.ഐ.) ഉദ്യോഗസ്ഥര്‍ പിടികൂടിയത്. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. മിശ്രിത രൂപത്തിലാക്കിയ സ്വര്‍ണം കവറില്‍ പൊതിഞ്ഞ് സീറ്റിനടിയില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. ദുബായില്‍ നിന്ന് കൊച്ചിയില്‍ എത്തിയശേഷം തുടര്‍ന്ന് ഈ വിമാനം ദല്‍ഹിക്കാണ് പോകുന്നത്.
ദുബായില്‍ നിന്ന് സ്വര്‍ണം കടത്തിക്കൊണ്ടുവന്ന മൂന്ന് പേരെയും കൊച്ചിയില്‍ നിന്ന് ദല്‍ഹിക്ക് പോകുന്നതിനായി ഈ വിമാനത്തില്‍ കയറിയ മൂന്നുപേരെയുമാണ് സി.ആര്‍.ഐ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ ഒരാളെയാണ് വിട്ടയച്ചത്. ദുബായില്‍ നിന്ന് സ്വര്‍ണവുമായി കയറുന്നവര്‍ വിമാനത്തിലെ സീറ്റിനടിയില്‍ സ്വര്‍ണം ഒളിപ്പിക്കും. കൊച്ചിയില്‍ നിന്ന് ആഭ്യന്തര യാത്രക്കാരായി കയറുന്ന സ്വര്‍ണക്കടത്ത് സംഘാംഗങ്ങള്‍ ഈ സ്വര്‍ണം എടുത്ത് പുറത്തെത്തിക്കും. ഇതാണ് രീതി.