Sorry, you need to enable JavaScript to visit this website.

സസ്‌പെന്‍ഷന്‍ കാലം സര്‍വീസാക്കണം; ശിവശങ്കര്‍ കേന്ദ്ര ട്രൈബ്യൂണലില്‍

കൊച്ചി- സ്വര്‍ണക്കടത്ത് കേസിലെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്നും സസ്‌പെന്‍ഷന്‍ കാലയളവ് സര്‍വീസ് കാലയളവായി കണക്കാക്കാന്‍ നിര്‍ദേശിക്കണമെന്നുമാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. ജനുവരിയില്‍ ശിവശങ്കര്‍ സര്‍വീസില്‍ നിന്ന് വിരമിക്കാനിരിക്കെയാണ് നീക്കം. ഹരജി ഫയലില്‍ സ്വീകരിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ ചീഫ് സെക്രട്ടറി അടക്കമുള്ളവര്‍ക്ക് നോട്ടീസയച്ചു.
സ്പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിനെ നിയമിച്ചതില്‍ അഖിലേന്ത്യാ സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് ചീഫ് സെക്രട്ടറിതല കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് 2020 ജൂലൈ 17 ന് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. ഈ ഉത്തരവ് നിയമ വിരുദ്ധമാണെന്നും മാധ്യമങ്ങളെ തൃപ്തിപ്പെടുത്താന്‍ ബാഹ്യ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സര്‍ക്കാര്‍ തനിക്കെതിരെ നടപടിയെടുത്തതെന്നും ഹരജിയില്‍ ശിവശങ്കര്‍ ആരോപിക്കുന്നു. തന്റെ ഭാഗം  അച്ചടക്ക സമിതി കേട്ടിട്ടില്ല. ഈ സാഹചര്യത്തില്‍ നിയമവിരുദ്ധമായ സസ്പെന്‍ഷന്‍ ഉത്തരവുകള്‍ റദ്ദാക്കി  170 ദിവസത്തെ സസ്പെന്‍ഷന്‍ കാലാവധി സര്‍വീസായി കണക്കാക്കണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു.
സ്വയം വിരമിക്കാനുള്ള അപേക്ഷയും അച്ചടക്കനടപടിയുടെ പേരില്‍ തള്ളി. സ്വര്‍ണക്കടത്ത് കേസില്‍ കുറ്റാരോപിതനായാണ് ജയിലില്‍ കിടന്നത്. താന്‍ കുറ്റം ചെയ്തതായി എന്‍ഐഎ കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ 2020 ജൂലൈ 17 മുതല്‍ 2022 ജനുവരി 1 വരെയുള്ള സസ്‌പെന്‍ഷന്‍ കാലാവധി  റദ്ദാക്കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടു.
സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞ് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരം അദ്ദേഹത്തെ സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. ഒരു വര്‍ഷവും അഞ്ച് മാസവും നീണ്ട സസ്പെന്‍ഷന്‍ കാലത്തിന് ശേഷമാണ് ശിവശങ്കര്‍ തിരിച്ച് സര്‍വീസില്‍ പ്രവേശിച്ചത്. നിലവില്‍ കായിക യുവജനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.

 

 

Latest News