Sorry, you need to enable JavaScript to visit this website.

ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിക്കുന്ന ശുംഭന്‍; ഗവര്‍ണര്‍ക്കെതിരെ കാനം

ചേര്‍ത്തല- ഇല്ലാത്ത അധികാരം ഉണ്ടെന്നു നടിക്കുന്ന ശുഭന്‍മാര്‍ ആ വഴിക്കുപോകട്ടെയെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എന്‍ ഡി എയുടെയും ആര്‍ എസ് എസിന്റെയും ഏജന്റായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ അധപതിച്ചിരിക്കുകയാണ്.  എല്ലാ സര്‍വകലാശാലകളും ഭരിക്കുന്നത് താനാണെന്ന് ഗവര്‍ണര്‍ കരുതുന്നു. അധികാരങ്ങളെല്ലാം തന്റേതെന്ന് എന്തെങ്കിലും ശുംഭന്‍ വിചാരിച്ചാല്‍ എന്തുചെയ്യും. കേരളത്തെ തുടര്‍ച്ചയായി അപമാനിക്കുന്ന ഗവര്‍ണറില്‍ കേരളത്തിനുണ്ടായിരുന്ന പ്രീതി ജനങ്ങള്‍ പിന്‍വലിച്ചു. ഒമ്പതു പാര്‍ട്ടിയില്‍ മാറിമാറി പ്രവര്‍ത്തിച്ച അദ്ദേഹത്തില്‍ നിന്നും ഇതില്‍കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.
ആര്‍ എസ് എസ് ചട്ടുകമായി കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണര്‍ക്കെതിരെ നിയമപരമായ നീക്കങ്ങള്‍ക്കൊപ്പം സംസ്ഥാനത്താകെ ജനകീയ പ്രതിരോധത്തിന് എല്‍ ഡി എഫ് നേതൃത്വം നല്‍കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. വയലാര്‍പുന്നപ്രരക്തസാക്ഷിവാരാചരണത്തിന്റെ സമാപനം കുറിച്ചു വയലാറില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.
15നു തിരുവനന്തപുരത്തു രാജ്ഭവനു മുന്നില്‍ മാത്രം നടത്താന്‍ നിശ്ചയിച്ചിരുന്ന സമരം ജനങ്ങളുടെ ആവശ്യപ്രകാരം എല്ലാ ജില്ലകളിലും എല്ലാ കേന്ദ്രങ്ങളിലുമായി വ്യാപിപ്പിക്കാനും നിശ്ചയിച്ചതായി എം.വി ഗോവിന്ദന്‍ പറഞ്ഞു. രാജ്യത്തിനു ബദലായി വളരുന്ന കേരളത്തെ തകര്‍ക്കാനുള്ള ആസ്രൂതിത നീക്കങ്ങള്‍ നടത്തുന്ന ബി ജെ പിയുടെയും ആര്‍ എസ് എസിന്റെയും ഏജന്റായി തരംതാണിരിക്കുകയാണ് ഗവര്‍ണര്‍. 29000 കോടിയോളം രൂപയുടെ ആനുകൂല്യങ്ങള്‍ കേരളത്തിനു നഷ്ടമാക്കി കേന്ദ്രസര്‍ക്കാര്‍ വീര്‍പ്പുമുട്ടിക്കുന്നതിനിടയിലാണ് ഇല്ലാത്ത അധികാരമുപയോഗിച്ചുള്ള ഇടപെടല്‍. ഇതിനു ഒത്താശചെയ്യുന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെ സ്ഥിതി പരമദയനീയമാണെന്നും അദ്ദേഹം പറഞ്ഞു. വാരാചരണകമ്മിറ്റി പ്രസിഡന്റ് എന്‍ എസ് ശിവപ്രസാദ് അധ്യക്ഷത വഹിച്ചു.

 

Latest News