കൊച്ചി- കുണ്ടന്നൂരിലെ ബാറില്‍ വെടിവെപ്പ് നടത്തിയ സംഭവത്തില്‍ അഭിഭാഷകനും കൂട്ടാളിയും അറസ്റ്റില്‍. അഭിഭാഷകന്‍ അര്‍ത്തുങ്കല്‍ സ്വദേശി ഹറോള്‍ഡ്, സുഹൃത്ത് എഴുപുന്ന സ്വദേശി സോജന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ബാറില്‍ നാളെ ബാലിസ്റ്റിക് വിദഗ്ധര്‍ പരിശോധന നടത്തും. ഹറോള്‍ഡിന്റെ തോക്കുപയോഗിച്ച് സോജനാണ് വെടിവെച്ചതെന്ന് പോലീസ് പറഞ്ഞു. ലൈസനന്‍സുള്ള തോക്കാണിത്. പോലീസ് കസ്റ്റഡിയിലുള്ള തോക്ക് ബാലിസ്റ്റിക് പരിശോധനക്ക് ശേഷം കോടതിക്ക് കൈമാറും.
ഒരു ക്രിമിനല്‍ കേസില്‍ അടുത്തിടെയാണ് സോജന്‍ ജയില്‍ മോചിതനായത്. സോജനെ ജാമ്യത്തിലെടുത്തത് അഭിഭാഷകന്‍ ഹാറോള്‍ഡാണ്. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്റെ സന്തോഷത്തിനാണ് സോജന്‍ അഭിഭാഷകനേയും കൂട്ടി ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് പോകും വഴിയാണ് വെടിവച്ചത്.
കുണ്ടന്നൂരിലെ ഓ ജി എസ് കാന്താരി എന്ന ബാറില്‍ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സോജനും ഹറാള്‍ഡും എത്തിയത്. രണ്ട് മണിക്കൂറോളം ബാറില്‍ ഇരുന്ന് മദ്യപിച്ച ഇരുവരും നാല് മണിയോടെ ബില്ലിന്റെ പണം നല്‍കി പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് പോകുന്നതിനിടെ പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന കവറില്‍ നിന്നും റിവോള്‍വര്‍ പുറത്തെടുത്ത് സോജന്‍ റിസപ്ഷനിലെ ഭിത്തിയിലേക്ക് രണ്ട് തവണ വെടിവച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവയ്പ്പ് വെടിവപ്പില്‍ അങ്കലാപ്പിലായ ജീവനക്കാര്‍ എന്തു വേണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഇരുവരും ഒന്നും സംഭവിക്കാത്ത പോലെ പുറത്തേക്കിറങ്ങി കാറില്‍ കയറി പോയി.
നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും ഉടനെ പോലീസില്‍ വിവരം അറിയിക്കാന്‍ ബാര്‍ ജീവനക്കാരോ ബാറുടമയോ തയ്യാറായില്ല. ഏഴ് മണിയോടെയാണ് പോലീസിനെ ബാറില്‍ നിന്നും വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പോലീസ് ബാറിന്റെ ഗേറ്റ് അടച്ച് മുഴുവന്‍ ജീവനക്കാരുടേയും മൊഴിയെടുത്തു. എക്സൈസ് ഉദ്യോഗസ്ഥരും ഇതേസമയം ബാറിലെത്തി പരിശോധന നടത്തി. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങള്‍ കണ്ടെത്തി. ഈ ദൃശ്യങ്ങള്‍ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. പോലീസിന്റെ കൈവശമുണ്ടായിരുന്ന ക്രിമിനലുകളുടെ ലിസ്റ്റിലും ചിത്രം ഉപയോഗിച്ച് പരിശോധന തുടങ്ങി. അര്‍ധരാത്രിയോടെ എറണാകുളം ആലപ്പുഴ ജില്ലാ അതിര്‍ത്തിയില്‍ നിന്നും പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.






