കോട്ടയം- ചങ്ങനാശേരി കറുകച്ചാലില്‍ പെണ്‍കുട്ടിയെ കത്രിക കൊണ്ട് കുത്തിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കറുകച്ചാല്‍ പോലീസ് സ്റ്റേഷന് മുന്നില്‍ ഉച്ചയോടെയാണ് സംഭവം. പ്രണയം നിരസിച്ചതാണ് കാരണമെന്ന് പറയുന്നു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിക്കാണ് കുത്തേറ്റത്.
പാമ്പാടി പൂതക്കുഴി ഭാഗത്ത് ചീനിക്കടുപ്പില്‍ വീട്ടില്‍ സുനില്‍ മകന്‍ അഖില്‍ സി സുനിലിനെ (21) കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടി അഖിലിനെതിരേ പരാതി പറയാനായി സുഹൃത്ത് മനുവിനോടൊപ്പം കറുകച്ചാല്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തിയതായിരുന്നു. അഖിലും പെണ്‍കുട്ടിയും നേരത്തേ പരിചയമുണ്ടായിരുന്നു. ഇവര്‍ സുഹൃത്തുക്കളുമായിരുന്നു. സൗഹൃദം നിഷേധിച്ചതിലുള്ള പക പെണ്‍കുട്ടിയോട് അഖിലിനുണ്ടായിരുന്നു. പോലീസ് സ്റ്റേഷനു മുന്നിലെത്തിയപ്പോള്‍ പെണ്‍കുട്ടിയും അഖിലും തമ്മില്‍ തര്‍ക്കമുണ്ടായി.
ഇതിനിടെ കയ്യില്‍ കരുതിയ കത്രിക ഉപയോഗിച്ച അഖില്‍ പെണ്‍കുട്ടിയുടെ കൈത്തണ്ടയില്‍ കുത്തുകയായിരുന്നു. ഇടത് കൈ തണ്ടയിലാണ് കുത്തേറ്റത്. പെണ്‍കുട്ടി തൊട്ടടുത്ത പോലീസ് സ്റ്റേഷനിലേക്ക് ഓടി കയറിയാണ് ജീവന്‍ രക്ഷിച്ചത്. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.






