രാജസ്ഥാനിലെ പെണ്‍കുട്ടികളുടെ ലേലം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടു

ജയ്പൂര്‍- രാജസ്ഥാനില്‍ എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ലേലം ചെയ്തുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു.
സംസ്ഥാനത്തെ അരഡസന്‍ ജില്ലകളിലായി എട്ടിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളെ മുദ്രപത്രത്തിലെഴുതി ലേലം ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനു വിസമ്മതിച്ചാല്‍ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ഇവരുടെ അമ്മമാര്‍ പ്രാദേശിക ജാതി പഞ്ചായത്തുകളുടെ കല്‍പ്പനകള്‍ പ്രകാരം ബലാത്സംഗത്തിന് വിധേയരാകുന്നുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
നോട്ടീസിന് നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് കമ്മീഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സാമ്പത്തിക ഇടപാടുകളും വായ്പകളും ഉള്‍പ്പെടെ ഇരുകക്ഷികള്‍ തമ്മില്‍ തര്‍ക്കമുണ്ടാകുമ്പോഴെല്ലാം പണം തിരിച്ചുപിടിക്കാന്‍ 8-18 വയസ് പ്രായമുള്ള പെണ്‍കുട്ടികളെ ലേലം ചെയ്യാറുണ്ടെന്ന റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയായിരുന്നു.
ഈ പെണ്‍കുട്ടികളെ ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, മുംബൈ, ദല്‍ഹി തുടങ്ങി വിദേശത്തേക്ക് പോലും അയക്കുന്നു. ഇവര്‍ ശാരീരിക പീഡനത്തിനും ലൈംഗികാതിക്രമത്തിനും ഇരയാകുന്നു.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് ഇരയായ പലരുടെയും അനുഭവങ്ങള്‍ മാധ്യമ റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് എന്‍എച്ച്ആര്‍സി പറഞ്ഞു, ശരിയാണെങ്കില്‍ അത് അവരുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് തുല്യമാണെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു.
വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രാജസ്ഥാന്‍ ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും നടപടി  റിപ്പോര്‍ട്ടും ആവശ്യപ്പെട്ടതായി കമ്മീഷന്‍ അറിയിച്ചു.
പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മനുഷ്യാവകാശങ്ങള്‍ക്കും അന്തസ്സിനുമുള്ള അവകാശത്തിനും തടസ്സമാകുന്ന ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യാന്‍ ഭരണഘടനാ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനെ കുറിച്ചും റിപ്പോര്‍ട്ടില്‍ അടങ്ങിയിരിക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു.

 

Latest News