Sorry, you need to enable JavaScript to visit this website.

ദളിത് വീടുകളിൽ ഭയങ്കര കൊതുകു കടി; വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി

ലഖ്‌നൗ- ദളിത് വീടുകളിൽ പോയി വാർത്തയാകുന്ന ബിജെപി നേതാക്കളുടെ നാടകം നിർത്താൻ സമയമായെന്ന ആർ എസ് എസ് മേധാവിയുടെ പ്രസ്താവനയ്ക്കു തൊട്ടുപിറകെ ദളിത് വീടുകളിലെ അനുഭവം സംബന്ധിച്ച് വിവാദ പ്രസ്താവനയുമായി ഉത്തർ പ്രദേശിലെ ബിജെപി മന്ത്രി അനുപമ ജയ്‌സ്വാൾ രംഗത്ത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായ അനുപമ പാവപ്പെട്ടവർക്കു വേണ്ടി പ്രവർത്തിക്കുന്നതിലെ ആത്മസംതൃപ്തിയെ കുറിച്ചു സംസാരിക്കവെയാണ് ദളിതു വീടുകളിലെ കൊതുകു കടി പരാമർശിച്ചത്. 'മന്ത്രിമാരെല്ലാം ഇവരുടെ വീടുകളിലേക്ക് പോകുന്നത് അവർക്ക് ആനൂകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താനാണ്. രാത്രിയിലുടനീളം കൊതുകുകടി ഏറ്റുവാങ്ങിയാണ് ദളിത് വീടുകളിൽ മന്ത്രിമാർ കഴിച്ചു കൂട്ടുന്നത്. എങ്കിലും ഈ സന്ദർശനം അവർക്ക് നല്ല അനുഭവമാണ്. രണ്ടിടത്തേക്കു പോകാൻ നിർദേശിച്ചാൽ നാലിടങ്ങളിൽ സന്ദർശനം നടത്താൻ വരെ തയാറാണ്. എന്നോട് നിർദേശിക്കപ്പെട്ടതിലേറെ വീടുകളിൽ ഞാൻ ഇതിനകം പോയിട്ടുണ്ട്,' മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം മറ്റൊരു മന്ത്രിയായ സുരേഷ് റാണ ഒരു ദളിത് വീട്ടിൽ അത്താഴത്തിനെത്തി ഭക്ഷണവും വെള്ളവും പാത്രങ്ങളുമടക്കം പുറത്തു നിന്ന് വരുത്തിച്ച് കഴിച്ച വിവാദം കെട്ടടങ്ങും മുമ്പോണ് മന്ത്രി അനുപമയുടെ കൊതുകുകടി പ്രസ്താവന വന്നിരിക്കുന്നത്. 

ബിജെപി മന്ത്രിമാരുടെ ഈ നാടകത്തിനെതിരെ സമാജ് വാദ് പാർട്ടി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളും രംഗത്തു വന്നിട്ടുണ്ട്. ദളിത് വീടുകളിൽ കയറിച്ചെന്ന് അത്താഴം കഴിക്കുന്നതിനു പകരം അവരുടെ വീടുകളിൽ കൃത്യമായി പോഷകാഹാരം ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് എസ് പി നേതാവ് സി പി റായ് പറഞ്ഞു. 

Latest News