തെരഞ്ഞെടുപ്പ് കമ്മീഷന്റെ അസാധാരണ നീക്കം; അഖിലേഷ് യാദവ് തെളിവ് ഹാജരാക്കണം

ന്യൂദല്‍ഹി- യാദവ, മുസ്ലിം സമുദായക്കാരായ 20,000 വോട്ടര്‍മാരുടെ പേരുകള്‍ നീക്കിയെന്ന ആരോപണം തെളിയിക്കുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സമാജ് വാദി പാര്‍ട്ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായി ബി.ജെ.പിക്ക് വേണ്ടി 403 അസംബ്ലി സീറ്റുകളിലായി ഇത്രയും വോട്ടര്‍മാരുടെ പേരുകള്‍ ഡിലീറ്റ് ചെയ്തുവെന്നായിരുന്നു അഖിലേഷിന്റെ ആരോപണം.


ഇത് തെളിയിക്കാനാവശ്യമായ രേഖകള്‍ നവബംര്‍ പത്തിനു മുമ്പായി നല്‍കണമെന്നാണ് ഇലക് ഷന്‍ കമ്മീഷന്‍ അഖിലേഷിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നാം തവണയും പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സെപ്റ്റംബര്‍ 29 നു ചേര്‍ന്ന ദേശീയ കണ്‍വെന്‍ഷനിലാണ് അഖിലേഷ് യാദവ് ഈ ആരോപണം ഉന്നയിച്ചിരുന്നത്. എന്നാല്‍ 49 കാരനായ അഖിലേഷോ പാര്‍ട്ടിയോ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയിട്ടില്ല.


സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവും മുന്‍മുഖ്യമന്ത്രിയുമായതിനാല്‍ ഒരു മാസത്തിനുശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരിക്കയാണ്. ജനാധിപത്യത്തിന്റെയും തെരഞ്ഞടുപ്പുകളുടേയും വിശ്വാസ്യത തന്ന ചോദ്യം ചെയ്യുന്നതായതിനാലാണ് ഇലക് ഷന്‍ കമ്മീഷന്റെ അസാധാരണ നടപടി.

 

Latest News