കന്യാസ്ത്രീകള്‍ വരെ അശ്ലീല ചിത്രങ്ങള്‍ കാണുന്നു; ചെകുത്താനെതിരെ മുന്നറിയിപ്പ് നല്‍കി പോപ്പ്

വത്തിക്കാന്‍- പുരോഹിതന്മാരും കന്യാസ്ത്രീകളും വരെ ഓണ്‍ലൈനില്‍ അശ്ലീല ചിത്രങ്ങള്‍ കാണുകയാണെന്നും ഈ വിപത്തിനെതിരെ ജാഗ്രത പുലര്‍ത്തണമെന്നും ഉണര്‍ത്തി പോപ്പ് ഫ്രാന്‍സിസ്.
ഡിജിറ്റല്‍, സോഷ്യല്‍ മീഡിയ എങ്ങനെ നല്ലതിനായി ഉപയോഗിക്കാമെന്ന ചോദ്യത്തിന് വത്തിക്കാനില്‍ പുരോഹിതന്മാര്‍ക്കും സെമിനാരി വിദ്യാര്‍ഥികള്‍ക്കും മറുപടി നല്‍കുകയായിരുന്നു പോപ്പ്.
പോണോഗ്രാഫിക്ക് സാധാരണക്കാര്‍ മുതല്‍ പുരോഹിതന്മാരും കന്യാസ്ത്രീകളും വരെ അടിമകളാണെന്നും ഇത് പുരോഹിതന്മാരുടെ ഹൃദയങ്ങളെ ദുര്‍ബലമാക്കുമെന്നും അദ്ദേഹം മുന്നറിപ്പ് നല്‍കി.
ഡിജിറ്റല്‍ ലോകത്ത് സോഷ്യല്‍ മീഡിയ ഉപയോഗിക്കാമെങ്കിലും അതില്‍ കൂടുതല്‍ സമയം ചെലവഴിക്കരുതെന്ന് പോപ്പ് പുരോഹിതന്മാരേയും കന്യാസ്ത്രീകളേയും ഉണര്‍ത്തി. ക്രൈസ്തവരായിരിക്കുന്നതിന്റെ ആഹ്ലാദം പങ്കിടാനാകണം സോഷ്യല്‍ മീഡിയയെന്നും അദ്ദേഹം പറഞ്ഞു. ശുദ്ധഹൃദയങ്ങള്‍ ഒരിക്കലും ഇത്തരത്തിലുള്ള പോണ്‍ സിനിമകളും മറ്റും സ്വീകരിക്കില്ല. കുട്ടികളുടെ ദുരുപയോഗം പോലുള്ള കുറ്റകരമായ പോണോഗ്രാഫിയെ കുറിച്ചല്ല താന്‍ സംസാരിക്കുന്നതെന്നും സാധാരക്കാരായ സ്ത്രീകളും പുരുഷന്മാരും പുരോഹിതന്മാരും കന്യാസ്ത്രീകളുമൊക്കെ കാണുന്ന സാധാരണ അശ്ലീല ചിത്രങ്ങളെ കുറിച്ചാണെന്നും പോപ്പ് എടുത്തു പറഞ്ഞു. ചെകുത്താന്‍ പ്രവേശിച്ച് പുരോഹിതന്മാരുടെ ശുദ്ധ ഹൃദയങ്ങളെ ദുര്‍ബലമാക്കുകയാണെന്നും ജാഗ്രത പുലര്‍ത്തണമെന്നും 86 കാരനായ പോപ്പ് ഫ്രാന്‍സിസ് ഉണര്‍ത്തി.

 

Latest News