സുഹൃത്തിന്റെ വീട്ടില്‍നിന്ന് മാല മോഷ്ടിച്ച പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊച്ചി- സുഹൃത്തിന്റെ വീട്ടിലെ  സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച പോലീസുകാരനെ സര്‍വീസില്‍  നിന്ന് സസ്പെന്‍ഡ് ചെയ്തു. കൊച്ചി എ ആര്‍ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ വൈപ്പിന്‍ ഞാറക്കല്‍ സ്വദേശി അമല്‍ദേവിനെയാണ് എറണാകുളം ഡിസിപി സസ്പെന്‍ഡ് ചെയ്തത്. സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ അമല്‍ദേവ് ഇപ്പോള്‍ റിമാന്‍ഡിലാണ്. ഇയാള്‍ക്കെതിരെ നേരത്തയും അച്ചടക്ക നടപടി ഉണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് പത്തുപവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ അമല്‍ദേവിനെ ഞാറയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഉറ്റസുഹൃത്തും അയല്‍ക്കാരനുമായ നിതിന്റെ വീട്ടില്‍നിന്നാണ് ഇയാള്‍ പത്തുപവന്റെ സ്വര്‍ണമാല കവര്‍ന്നത്. മോഷണം നടത്തിയതായി അമല്‍ദേവ് പോലീസിനോട് കുറ്റസമ്മതം നടത്തി. സ്വര്‍ണം ഇയാളില്‍ നിന്ന് വീണ്ടെടുത്തിരുന്നു.ഓണ്‍ലൈന്‍ റമ്മി കളിച്ച് ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത വന്നതിനാലാണ് മോഷണം നടത്തിയതെന്നായിരുന്നു പ്രതിയുടെ മൊഴി. നേരത്തെ എ.ആര്‍. ക്യാമ്പില്‍നിന്ന് പണം നഷ്ടമായ സംഭവത്തിലും ഇയാള്‍ ആരോപണവിധേയനായിരുന്നു.

 

Latest News