തിരുവനന്തപുരം- നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ ആരംഭിക്കുന്നത് സജീവ പരിഗണയിലാണെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആര്‍. ബിന്ദു. ഉന്നതവിദ്യാഭ്യാസ പരിഷ്‌കരണ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് നടന്ന ദ്വിദിന കൊളോക്കിയത്തിന്റെ സമാപന സെഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിദ്യാര്‍ഥികളുടെ അഭിരുചികള്‍ക്കനുസരിച്ച് കോഴ്‌സുകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കും. ഇതിന്റെ ഭാഗമായി സ്‌കില്‍ കോഴ്‌സുകള്‍, ഫൗണ്ടേഷന്‍ കോഴ്‌സുകള്‍, തൊഴില്‍ പരിശീലനത്തിനുള്ള ഇന്റേണ്‍ഷിപ് എന്നിവ നാലുവര്‍ഷ ബിരുദ കോഴ്‌സുകളില്‍ ഉണ്ടാകും.
വിദ്യാര്‍ഥികളുടെ അവകാശപത്രിക ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മെച്ചപ്പെട്ട ഭൗതിക സാഹചര്യങ്ങളും ലബോറട്ടറികളും അടിസ്ഥാന സൗകര്യങ്ങളും എല്ലാ കലാലയങ്ങളിലും ഉറപ്പുവരുത്തും. വിദ്യാര്‍ഥികള്‍, അധ്യാപക അനധ്യാപകര്‍ എന്നിവര്‍ക്ക് സ്വതന്ത്രമായി, നിര്‍ഭയമായി കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ഗാത്മകമായ രീതിയില്‍ കലാലയങ്ങള്‍ മുന്നോട്ടു പോകേണ്ടതുണ്ട്.
പ്ലേസ്‌മെന്റ് സെല്ലുകള്‍ സ്ഥാപനതലത്തില്‍ ശക്തിപ്പെടുത്തും. കലാലയങ്ങളില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കും. ഗവേഷണങ്ങളുമായി ബന്ധപ്പെട്ട് എല്ലാ കലാലയങ്ങളിലും പരാതി പരിഹാര സെല്‍ രൂപീകരിക്കും. ജെ.ആര്‍.എഫ്, എസ്.ആര്‍.എഫ് എന്നിവ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് മുഖ്യമന്ത്രിയുടെ ഗവേഷണ ഫെല്ലോഷിപ്പ് നല്‍കുന്നതിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സെമിനാറുകളില്‍ പങ്കെടുക്കാനായി യാത്രാ ഗ്രാന്റുകള്‍ അനുവദിക്കും.
ഇന്റഗ്രേറ്റഡ് പി.എച്ച്ഡി കോഴ്‌സുകള്‍ ആരംഭിക്കും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് അക്കാദമിക് രചനയില്‍ ആവശ്യമായ വിദഗ്ധ പരിശീലനം നല്‍കും. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് നല്‍കുന്നത് ആലോചിക്കും. വിദ്യാഭ്യാസപരമായി പിന്നോക്കം നില്‍ക്കുന്ന മേഖലകളിലെ 50 കോളേജുകളില്‍ പുതുതലമുറ കോഴ്‌സുകള്‍ ആരംഭിക്കും.
സര്‍വകലാശാലകളുടെ കരിക്കുലം പരിഷ്‌കരണത്തിന്റെ ഭാഗമായി മോഡല്‍ കരിക്കുലം ഫ്രെയിം വര്‍ക്ക് രൂപീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.