കാണ്‍പൂര്‍- സീലിംഗ് ഫാനില്‍ കെട്ടിത്തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്ന ഭാര്യയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ഭര്‍ത്താവ് ക്യാമറയില്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നു. ആദ്യ ശ്രമത്തില്‍ പരാജയപ്പെട്ട യുവതി രണ്ടാമത്തെ ശ്രമത്തില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്തു.
മകള്‍ ശോഭിത ആത്മഹത്യ ചെയ്തതായി മരുമകന്‍ സഞ്ജീവ് ഗുപ്ത ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് യുവതിയുടെ പിതാവ് രാജ് കിഷോര്‍ ഗുപ്ത പറഞ്ഞു.
ഉടന്‍ തന്നെ ഗുല്‍മോഹര്‍ നഗറിലെ വീട്ടില്‍ ഓടിയെത്തിയപ്പോള്‍ മകളെ കട്ടിലില്‍ കിടത്തി സഞ്ജീവ് നെഞ്ചില്‍ അമര്‍ത്തുന്നതാണ് കണ്ടത്. സഞ്ജീവിനോട് അന്വേഷിച്ചപ്പോള്‍ വീഡിയോ കാണിച്ചുവെന്നും രക്ഷപ്പെടുത്താന്‍ ശ്രമിക്കാതെ ക്യാമറയില്‍ പകര്‍ത്തിയത് തന്നെ ഞെട്ടിച്ചുവന്നും രാജ് കിഷോര്‍ ഗുപ്ത പറഞ്ഞു. മകളെ ആശുപത്രിയില്‍ എത്തിക്കാനും മരുമകന്‍ തയാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുവതിയുടെ കുടുംബം ഹനുമന്ത് നഗര്‍ പോലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് യുവതിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സഞ്ജീവ് ഗുപ്തയെ പോലീസ് ചോദ്യം ചെയ്തു. നാലു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.






