ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലച്ചോറില്‍ ശസ്ത്രക്രിയ; കോട്ടയം മെഡിക്കല്‍ കോളെജിന് അപൂര്‍വ്വ നേട്ടം

കോട്ടയം- കോട്ടയം മെഡിക്കല്‍ കോളെജില്‍ ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലച്ചോറില്‍ സങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി നാല് സെന്റീമീറ്റര്‍ വലിപ്പമുള്ള മുഴ നീക്കം ചെയ്തു. പക്ഷാഘാതത്തിന് സാധ്യതയുണ്ടായിരുന്നതിനാല്‍ രോഗിയ്ക്ക് കുറഞ്ഞ അളവില്‍ മാത്രമാണ് അനസ്തീസ്യ നല്‍കിയിരുന്നത്. കുട്ടനാട് വെളിയനാട് സ്വദേശി 46-കാരനായ സുദേവന്റെ തലച്ചോറില്‍ നിന്നാണ് കോട്ടയം മെഡിക്കല്‍ കോളെജിലെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. കടുത്ത തലവേദനയും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് സുദേവന്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയ്‌ക്കെത്തിയത്. വിഗദ്ധ പരിശോധനയില്‍ തലച്ചോറിനകത്ത് മുഴ കണ്ടെത്തുകയായിരുന്നു. ന്യൂറോ സര്‍ജറി വിഭാഗം മേധാവി ഡോ. പി കെ ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഇന്നലെ വിജയകരമായ ശസ്ത്രക്രിയ നടന്നത്.

ശരീരം തളര്‍ന്നു പോകാന്‍ സാധ്യത ഏറെ ആയിരുന്നതിനാല്‍ ശസ്ത്രക്രിയയ്ക്കിടെ തന്നെ ഡോക്ടര്‍മാരുടെ നിര്‍േദശമനുസരിച്ച് സുദേവന്‍ ഇടയ്ക്കിടെ കൈകാലുകള്‍ ചലിപ്പിച്ചിരുന്നതായും ഡോക്ടര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച ശസ്ത്രക്രിയ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പൂര്‍ത്തിയായത്. 


 

Latest News