പറയുമ്പോൾ ഗവർണർ ഭരണഘടന തത്തലവൻ തന്നെയാണ്. പക്ഷേ അദ്ദേഹം ഭരണാധികാരിയല്ല. അതായത് ഗവർണർക്ക് എക്സിക്യൂട്ടീവ് പവർ ഇല്ല എന്നർത്ഥം. ജനാധിപത്യത്തിൽ അത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് ഗവർണർക്കുള്ളത്.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരുമായുള്ള ഏറ്റുമുട്ടൽ അതിരൂക്ഷമാവുകയാണ്. ഗവർണറും മുഖ്യമന്ത്രിയുമായുള്ള വാക്യുദ്ധം സകല സീമകളേയും മറികടന്നിരിക്കുന്നു. മറുവശത്ത് ഗവർണർക്കെതിരെ ഇടതുമുന്നണി വലിയ പ്രതിഷേധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. വിദ്യാർത്ഥി, യുവജന സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുക്കും.
സമകാലീന രാഷ്ട്രീയ സാഹചര്യത്തിൽ ഏതൊരു ഗവർണർക്കും എതിരെ ഏതു സംസ്ഥാനത്തും നടക്കുന്ന പ്രതിഷേധങ്ങൾ ജനാധിപത്യത്തെയും ഫെഡറലിസത്തെയും ശക്തിപ്പെടുത്തുകയേ ഉള്ളൂ. എന്നാൽ കേരള സർക്കാരും ഇടതുമുന്നണിയും പലപ്പോഴും ഗവർണർക്കെതിരെ മൃദുസമീപനമാണ് സ്വീകരിക്കുന്നത് എന്നു കാണാം. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട നിലപാടുകളുടെ പശ്ചാത്തലത്തിൽ ഗവർണറെ തിരിച്ചുവിളിക്കാനാവശ്യപ്പെട്ടുളള പ്രതിപക്ഷ പ്രമേയത്തെ പിന്തുണക്കാനവർ തയാറായിരുന്നില്ല. സർവകലാശാല പ്രശ്നങ്ങളുമായി ബന്ധപ്പെട്ടു തന്നെ പല സംസ്ഥാന സർക്കാരുകളും ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കം ചെയ്തപ്പോഴും കേരളം ആ ദിശയിൽ ചിന്തിച്ചില്ല. ഗവർണർ സ്ഥാനം തന്നെ ജനാധിപത്യത്തിൽ അനാവശ്യമാണെന്ന സിപിഐ നിലപാടിനെ കുറിച്ചും ഇന്നോളം ഇടതുമുന്നണി ചർച്ച ചെയ്തിട്ടില്ല. ഒരു കാലത്ത് ഭരണവും കേന്ദ്രത്തിനെതിരെ സമരവും നടത്തിയിരുന്നവരാണ് എൽഡിഎഫ്. എന്നാൽ അടുത്ത കാലത്തൊന്നും അത്തരം ഒരു സമരവും നടത്തുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ എന്നത് ശ്രദ്ധേയമാണ്.
രാഷ്ട്രീയമായി പിന്തുണക്കപ്പെടേണ്ട ഒരു ഘടകം ഈ സമരത്തിലുണ്ടെങ്കിലും ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങൾ പൂർണമായും ശരിയാണെന്നു പറയാനാകില്ല. വിവാദമായിരിക്കുന്ന വി.സി നിയമനങ്ങൾ അനധികൃതമാണെന്ന ഗവർണറുടെ വാദം തള്ളിക്കളയാവുന്നതല്ല. യു.ജി.സി നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടിട്ടില്ല എന്നതൊരു വിഷയം. യുജിസി നൽകുന്ന വേതനവും ആനുകൂല്യങ്ങളുമെല്ലാം ആവാം, നിബന്ധനങ്ങൾ പാലിക്കാനാവില്ല എന്നതൊരിക്കലും ശരിയല്ല. പ്രാഥമിക വിദ്യാഭ്യാസത്തിൽ മുന്നിലാണെങ്കിലും ഉന്നത വിദ്യാഭ്യാസത്തിൽ പിറകിലാണ് നാമെന്നത് മറക്കരുത്. അത്തരമൊരു സാഹചര്യത്തിൽ യുജിസി മുന്നോട്ടു വെക്കുന്ന നിബന്ധനകൾക്കെതിരെ മുഖം തിരിക്കുന്നത് ശരിയല്ല.
സർക്കാരിന്റെ നിർദേശങ്ങളെല്ലാം അംഗീകരിച്ച് നിയമനം നടത്തിയ ഗവർണർ തന്നെയാണ് ഇപ്പോൾ അവരോടെല്ലാം സ്ഥാനമൊഴിയാൻ പറയുന്നതെന്നത് മറ്റൊരു തമാശ. സാങ്കേതിക സർവകലാശാലയിലെ വിസി നിയമനവുമായി ബന്ധപ്പെട്ട കോടതി വിധിയാണ് അദ്ദേഹത്തിനു തുറുപ്പുചീട്ടായത്. യാതൊരുവിധ സാമാന്യ മര്യാദ പോലുമില്ലാതെ 24 മണിക്കൂറിനകം രാജിവെക്കാനാണ് അദ്ദേഹം വി.സിമാരോട് ആവശ്യപ്പെട്ടത്. പിന്നീടൽപം അയഞ്ഞ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുകയാണ്. അതോടെ വി.സിമാർ ഉടൻ രാജിവെക്കണമെന്ന കത്ത് അസാധുവായെന്നും 9 വി.സിമാർക്കും തൽക്കാലം സ്ഥാനത്ത് തുടരാമെന്നും ഹൈക്കോടതിയും വ്യക്തമാക്കി. അതേസമയം ഇക്കാര്യത്തിൽ അന്തിമ തീരുമാനം ചാൻസലറുടേത് തന്നെയായിരിക്കുമെന്നും നടപടിക്രമങ്ങൾ നിയമപ്രകാരം ആകണമെന്നും കോടതി വ്യക്തമാക്കിയിട്ടുമുണ്ട്.
മറുവശത്ത് ഗവർണറും മുഖ്യമന്ത്രിയുമായള്ള വാക്പോരാട്ടം തുടരുന്നു. ചെപ്പടിവിദ്യ കാണിക്കുന്നവരോട് അൽപം പിപ്പിടിയാകാമെന്നാണ് ഗവർണർ പറഞ്ഞത്. മാധ്യമ പ്രവർത്തനം എന്നതിനേക്കാൾ പാർട്ടി പ്രവർത്തനം നടത്തുന്നു എന്നാരോപിച്ച് നാലു ചാനലുകൾക്ക് അവസരം നിഷേധിച്ച അദ്ദേഹം, കടക്കു പുറത്ത് എന്നു താൻ പറയില്ലെന്നും വ്യക്തമാക്കി. ഗവർണർ ഗവർണറുടെ ചുമതല നിർവഹിച്ചാൽ മതി. ആ അധികാര പരിധിക്ക് അപ്പുറം കടക്കാൻ ഗവർണർ നോക്കേണ്ടെന്ന് അതിശക്തമായ ഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി.
ഗവർണർക്ക് ഭരണഘടന നൽകിയിട്ടുള്ള അധികാരം സംസ്ഥാന സർക്കാർ എന്താണോ ഉപദേശിക്കുന്നത് അത് അനുസരിച്ച് കാര്യങ്ങൾ ചെയ്യാനാണെന്നും വ്യക്തിപരമായി ഒരു കാര്യവും ചെയ്യാൻ സാധിക്കില്ലെന്നും വികസനത്തിന് തടയിടാൻ ആര് വന്നാലും ശക്തമായി നേരിടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഗവർണർ എന്ന സ്ഥാനത്തിനെതിരെ ശക്തമായി എന്തെങ്കിലും പറയാനോ ചാൻസലർ സ്ഥാനത്തുനിന്ന് അദ്ദേഹത്തെ മാറ്റാനോ മുഖ്യമന്ത്രി തയാറാകുന്നില്ല. ചാൻസലറും ഗവർണറുമായിരിക്കുന്നതിനാലാണ് ഇത്ര മാത്രം അഹന്തയോടെ ജനാധിപത്യ സംവിധാനത്തെ അദ്ദേഹം വെല്ലുവിളിക്കുന്നതെന്ന് എന്നാണാവോ മുഖ്യമന്ത്രി മനസ്സിലാക്കുക?
പറയുമ്പോൾ ഗവർണർ ഭരണഘടന തലവൻ തന്നെയാണ്. പക്ഷേ അദ്ദേഹം ഭരണാധികാരിയല്ല. അതായത് ഗവർണർക്ക് എക്സിക്യൂട്ടീവ് പവർ ഇല്ല എന്നർത്ഥം. ജനാധിപത്യത്തിൽ അത് തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനാണ്. സർക്കാർ എടുക്കുന്ന തീരുമാനങ്ങൾ അംഗീകരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യതയാണ് ഗവർണർക്കുള്ളത്. തീർച്ചയായും അവയോട് വിയോജിക്കാനും പുനഃപരിശോധിക്കാൻ ആവശ്യപ്പെടാനും ഗവർണർക്ക് അധികാരമുണ്ട്. അതു ചെയ്യകയും വേണം. 'ഗവർണരുടെ പദവിയും അധികാരങ്ങളും' എന്ന ഭാഗത്ത് അംബേദ്കർ അർധശങ്കക്ക് ഇടയില്ലാത്ത വിധം എഴുതിയതിങ്ങനെയാണ്. 'ഭരണഘടനയനുസരിച്ച് നിയമസഭ പാസാക്കാത്ത നിയമം പ്രമാണീകരിക്കാനോ നിയമസഭ നിരാകരിക്കുന്ന ധനാഭ്യർഥന അംഗീകരിക്കാനോ മന്ത്രിമാരെ പിരിച്ചുവിടുകയും കാര്യങ്ങളുടെ നിയന്ത്രണം സ്വയം ഏറ്റെടുക്കുകയും ചെയ്ത് ഭരണഘടനയുടെ പ്രവർത്തനം നിറുത്തിവെക്കാനുള്ള സ്വതന്ത്രാധികാരം യാതൊരു സാഹചര്യത്തിലും അദ്ദേഹത്തിന് (ഗവർണർ) ഉണ്ടായിരിക്കുകയില്ല. അപ്പോൾ, ഗവർണറെ വ്യവസ്ഥാപിത ഭരണത്തലവനാക്കണമെങ്കിൽ, പ്രമാണീകരിക്കാനും ഭരണഘടനയുടെ പ്രവർത്തനം നിറുത്തിവെക്കാനുമുള്ള അദ്ദേഹത്തിന്റെ അധികാരം എടുത്തുകളയുകയും അങ്ങനെ നിയമസഭയോടുത്തരവാദിത്തമുള്ള മന്ത്രിമാരെ ആശ്രയിക്കാതെ പ്രവർത്തിക്കുക അദ്ദേഹത്തിന് അസാധ്യമാക്കിത്തീർക്കുകയും ചെയ്യേണ്ടതാവശ്യമാണെന്നുവരുന്നു.
ഗവർണറുടെ അധികാരങ്ങൾ നിർവചിക്കുന്നതോടൊപ്പം എക്സിക്യൂട്ടീവിൽ ഗവർണറുടെ സ്ഥാനം എപ്രകാരമായിരിക്കുമെന്നു കൂടി നിർവചിക്കണം. കാര്യങ്ങൾക്കു മാർഗനിർദേശം നൽകുക എന്ന ഉത്തരവാദിത്തത്തിൽ നിന്നും ഗവർണർ വിമുക്തനാവുന്നതോടു കൂടി അദ്ദേഹത്തിന്റെ ധർമം ഭരണനിർവഹണത്തിനു പകരം മേൽനോട്ടമായിത്തീരുന്നു. ഭരണഘടനയിൽ പ്രഖ്യാപിച്ചിരിക്കുന്ന മാർഗനിർദേശക തത്വങ്ങളെ പുതുതായി ചുമതലയേൽക്കുന്നവർ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തുകയാണ് അദ്ദേഹത്തിന്റെ മുഖ്യ ജോലി. ഈ ധർമം നിറവേറ്റാൻ കഴിയണമെങ്കിൽ അദ്ദേഹം തദ്ദേക രാഷ്ട്രീയത്തിൽ നിന്നു സ്വതന്ത്രനായിരിക്കണം. മുൻവിധിയില്ലാത്ത മേൽനോട്ടത്തിന് ആ സ്വാതന്ത്ര്യം തികച്ചും അനിവാര്യമാണ്. ഗവർണറെ സ്വതന്ത്രനായി നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം എക്സിക്യൂട്ടീവിൽ നിന്ന് അകറ്റുക തന്നെ. ഗവർണർ രാഷ്ട്രീയ വിവാദങ്ങളിൽ നേരിട്ടു പങ്കെടുക്കുന്നത് മറ്റൊന്നും തന്നെ അദ്ദേഹത്തിന്റെ നിഷ്പക്ഷമായ തീർപ്പിൽ പൊതുജനങ്ങൾക്കുള്ള വിശ്വാസത്തിന്റെ അടിത്തറ തോണ്ടുകയില്ല. നിയമസഭയും എക്സിക്യൂട്ടീവും തമ്മിലുള്ള തർക്കത്തിൽ അദ്ദേഹം പങ്കുകൊള്ളുന്നതിന്റെയും ഫലം അതു തന്നെ ആയിരിക്കുമെന്നതിൽ സംശയമില്ല.






