കേരളത്തിലേക്ക് വരുന്നതിനിടെ മഅദനി പള്ളിയില്‍ പോകുന്നത് പോലീസ് തടഞ്ഞു

പാലക്കാട്- അര്‍ബുദ രോഗം മൂലം ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കാന്‍ കോടതി അനുമതിയോടെ കേരളത്തിലേക്ക് വരികയായിരുന്ന അബ്ദുന്നാസര്‍ മഅദനിയെ കഞ്ചിക്കോടിനു സമീപം ചടയന്‍കാലയിലെ പള്ളിയില്‍ പോകുന്നത് പോലീസ് തടഞ്ഞു. ഇതിനു കോടതി അനുമതിയില്ലെന്നാണ് പോലീസ് കാരണം പറഞ്ഞത്. നേരത്തെ പോലീസ് സുരക്ഷ സംബന്ധിച്ച ആശയക്കുഴപ്പമുണ്ടായതാണ് യാത്ര വെള്ളിയാഴ്ചയിലേക്കു നീണ്ടത്. വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കരിക്കാനാണ് മഅദനി പള്ളിയില്‍ പോകണമെന്ന് സുരക്ഷാ അകമ്പടിയുള്ള പോലീസിനെ അറിയിച്ചത്. പോലീസ് എതിര്‍ത്തതോടെ പിഡിപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നീട് പോലീസ് അനുവാദത്തോടെ മഅദനി പള്ളിയില്‍ പ്രവേശിച്ചു. 

രോഗശയ്യയിലായ മാതാവിനെ സന്ദര്‍ശിക്കാന്‍ കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയിലെ വീട്ടില്‍ മേയ് 11 വരെ തങ്ങാനാണ് മഅദനിക്കു കോടതി അനുമതി നല്‍കിയിരിക്കുന്നത്. മാതാവിന്റെ രോഗാവസ്ഥ ബോധ്യപ്പെട്ട എന്‍ഐഎ കോടതി മഅദനിക്ക് നേരത്തെ യാത്രാ അനുമതി നല്‍കിയിരുന്നെങ്കിലും അകമ്പടിക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച് ആശയക്കുഴപ്പമുണ്ടായതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ചത്തേക്ക്ു യാത്ര മാറ്റിയത്. 

ആറു അകമ്പടി പോലീസുകാരുടെ എല്ലാ ചെലവുകളും ഉള്‍പ്പെടെ 1.16 ലക്ഷം രൂപ ആറു ദിവസത്തെ ചെലവിലേക്ക് മഅദനി അടച്ചിട്ടുണ്ട്. അകമ്പടി വാഹനത്തിനു കിലോമീറ്റര്‍ 60 രൂപ വീതവും പോലീസ് ഉദ്യോഗസ്ഥരുടെ യാത്രാ ബത്തയായ 34,950 രൂപയും ഇതിലുള്‍പ്പെടും. 

Latest News