ബംഗളൂരു- കർണാടകയിൽ 45-കാരനായ ലിംഗായത്ത് സമുദായത്തിലെ പുരോഹിതൻ ജീവനൊടുക്കാൻ കാരണം തേൻകെണിയെന്ന് സൂചന. ഒരു സ്ത്രീയോടൊപ്പമുള്ള അശ്ലീല വീഡിയോ ചിത്രീകരിച്ച് ബസവലിംഗ സ്വാമിയെ ഹണി ട്രാപ്പിൽ പെടുത്തുകയായിരുന്നു. ഇദ്ദേഹത്തിന്റെ മഠത്തിലെ രണ്ടു പേർക്കും ഇതിൽ പങ്കുണ്ട്. സ്ത്രീയെ ഇതേവരെ കണ്ടെത്തിയിട്ടില്ല. സ്വാമിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങൾ ഫോണിൽ സ്‌ക്രീൻ റെക്കോർഡിംഗ് ഉപയോഗിച്ച് പകർത്തുകയായിരുന്നു. ഒരു സ്ത്രീയാണ് എന്നെ ചതിച്ചതെന്ന് സ്വാമിയുടെ ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു.
ബസവലിംഗ സ്വാമിയെ തിങ്കളാഴ്ച രാവിലെ കർണാടകയിലെ രാമനഗര ജില്ലയിലെ കഞ്ചുഗൽ ബന്ദേ മഠത്തിലെ തന്റെ പൂജാമുറിയുടെ ജനൽ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. തന്നെ സ്ഥാനത്ത് നിന്ന് മാറ്റാൻ ആഗ്രഹിക്കുന്ന ചിലർ' ബ്ലാക്ക് മെയിലിംഗും ഉപദ്രവവും തുടങ്ങിയതായും ആത്മഹത്യ കുറിപ്പിലുണ്ടായിരുന്നു. നാല് അശ്ലീല വീഡിയോകൾ പുറത്തുവിടുമെന്ന് യുവതിയും മറ്റ് ചിലരും ഭീഷണിപ്പെടുത്തിയതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ആത്മഹത്യാ കുറിപ്പിൽ രാഷ്ട്രീയക്കാരെക്കുറിച്ച് പരാമർശമില്ല.






