കഷ്ടകാലം ആർക്കൊക്കെ?

'അരിമണിയൊന്നു കൊറിപ്പാനില്ല, തരിവളയിട്ടു കിലുക്കാൻ മോഹം' എന്നു കുഞ്ചൻ നമ്പ്യാർ പാടിയത് ആരെ ഉദ്ദേശിച്ചാണെങ്കിലും ഒരു കച്ചവട സിനിമയുടെ ഫോർമുല പോലെയാണ് ഭരണവും. ജനതക്കു മുഷിയരുത്. അനേകമനേകം പദ്ധതികൾ മനോരാജ്യം കണക്കേ മുള്ളുതൊടാതെ വിഴുങ്ങാൻ പറഞ്ഞാൽ വോട്ട് ചെയ്തവർ മുഷിയും. അതിനാൽ 'കോമഡി ട്രാക്കും' വേണം; സ്റ്റണ്ടും; സെക്‌സിനു സ്വപ്നയുണ്ട്. വ്യവസായം, പഠനം, പോരാഞ്ഞ് ഉപരിപഠനം, ഫുഡ്-മറൈൻ സ്ഥാപനങ്ങൾ, ആരോഗ്യ മേഖലയെക്കുറിച്ചു ചർച്ചയു കൂടിക്കാഴ്ചയും കാപ്പികുടിയും എന്നു വേണ്ട സർവത്ര പദ്ധതിമയം. ഇതൊന്നു നിനയ്ക്കാതെ ഇത്രയും കാലം തളർന്നു വശം കെട്ടുകിടപ്പിലായിരുന്നു പല മന്ത്രിമാരും. ഒടുവിൽ കിടന്ന കിടപ്പിൽ നിന്നു ചാടിയെണീറ്റ്, ആർക്കിമെഡിസ് 'യുറേക്ക' എന്നു വിളിച്ചുകൊണ്ടു പുറത്തേക്കോടിയതു പോലെ സർക്കാർ ഒരു പണിയൊപ്പിച്ചു. മന്ത്രിമാർ വെവ്വേറെയായും കഥാവസാനം ഒന്നിച്ചും ടൂർ പോകുക. ഇക്കാലത്ത് കളത്ര-സന്താനങ്ങൾ വീട്ടിലിരിക്കുകയില്ല. അവരും കൂടി ചേർന്നാൽ 'വിനോദ സഞ്ചാരം' എന്നു പ്രതിപക്ഷം പരിഹസിക്കും. അസൂയക്കു മരുന്നില്ലല്ലോ. 'നിനൈത്തതൈ മുടിപ്പവൻ'  എന്നു പറഞ്ഞതുപോലെ കാര്യം നടന്നു, കടൽ കടന്നു. ആലോചിച്ച് ഇരുന്നിട്ടൊന്നും കാര്യമില്ല. 'ശുഭസ്യ ശ്രീഘ്രം' എന്ന് പിന്തിരിപ്പന്മാർ പണ്ടേ പറഞ്ഞിട്ടുണ്ട്. അവരെ നിഷേധിച്ചു എന്നു പേര് കേൾപ്പിക്കേണ്ട. ദില്ലി നിറയെ പിന്തിരിപ്പന്മാരാണ്.


സർക്കാർ വിദേശയാത്ര ഒരു കുറ്റമല്ല. പ്രതീക്ഷിക്കുന്ന ഫലമുണ്ടാകണം. നാട്ടിൽ ഭരണഘടനയുടെ 163 ാം അനുഛേദം ഛേദിച്ച് വായ്ക്കകത്താക്കി സഭ ഗവർണറെ പിന്തുണയ്ക്കുന്നവരുണ്ട്. തമിഴ്‌നാട് മുതലമൈച്ചർ 1600 കോടി വ്യവസായത്തിനു നേടിയ കഥ ഇപ്പോഴും വൈറലാണ്. നമ്മുടെ യാത്രയിൽ നേട്ടമെത്ര എന്നു ചോദിച്ചാൽ, ഫിൻലന്റ് യാത്ര ഒഴിവാക്കിയതു തന്നെ ഒന്നാമത്തെ നേട്ടം. ആഭരണങ്ങൾക്കു പണിക്കൂലി ലാഭം എന്നു പറഞ്ഞതുപോലെ സർക്കാരിനു ചെലവു കുറഞ്ഞു. പക്ഷേ പത്രസമ്മേളനത്തിലും പാർട്ടി സമ്മേളനത്തിലുമൊക്കെ മുഖ്യൻ സ്വന്തം ഭാഷയിൽ 'പിപ്പിടി' കാട്ടി. (അതു ഗവർണറോടു മതിയായിരുന്നു) നോർവേയിൽ 'കുപ്പിവെള്ളം' കണ്ടില്ലത്രേ! ആരോടോ ചോദിച്ചപ്പോൾ അവർ വാപൊത്തി ചിരിച്ചുകൊണ്ടു ഓടിപ്പോയെന്നും കേൾക്കുന്നുണ്ട്. മറ്റെന്തോ ധരിച്ചിരിക്കണം. അവിടെ നിറയെ ശുദ്ധജലം ഒഴുകുകയാണ് പോലും! നോർവേയിൽ ജനസംഖ്യ 54 ലക്ഷം മാത്രം. എന്തു വേണേൽ ഒഴുക്കാം. ഇവിടെ കൊച്ചു കേരളത്തിൽ 2018 ൽ 3.46 കോടിയാണ്. 43 നദികളുണ്ട്; അവ എങ്ങോട്ടാണ് ഒഴുകുന്നതെന്ന് ഉറപ്പാക്കണമെങ്കിൽ അഞ്ചാം ക്ലാസിലെ പാഠപുസ്തകം നോക്കണം. പിന്നെയല്ലേ ശുദ്ധജല സംഭരണം! ഏതായാലും ആരും തിരികെ ഒരു ചോദ്യവും ഉന്നയിച്ചില്ല. പണ്ട് 'കടക്കു പുറത്ത്' എന്ന പ്രയോഗം നടത്തിയ കാര്യം പലരും മറന്നിട്ടില്ല. മാത്രമല്ല, ചോദ്യോത്തരങ്ങൾ ഒഴിവാക്കുന്ന കാര്യത്തിൽ മോഡിജിയും പിണറായി സഖാവും തമ്മിൽ മത്സരിക്കുന്ന കാലവുമാണ്. അപ്പോൾ പിന്നെ മുഖ്യന്റെ കോമഡി ആസ്വദിക്കുക തന്നെ!


****                               ****                     ****


'സ്ഥാനമാനങ്ങൾ ചൊല്ലിക്കലഹിച്ചു/നാണം കേട്ടു നടക്കുന്നിതു ചിലർ' എന്ന പദ്യഭാഗം ഓർത്തുപോകും, ഭരണ നഷ്ടവും മാനഹാനിയുമായി കഴിയുന്ന മുൻ ദേശീയ പാർട്ടിയെ കണ്ടാൽ. മല്ലികാർജുനൻ ജയിച്ചു കരേറി കാലുണക്കാൻ തൂവാലയെടുത്തതേയുള്ളൂ, അപ്പോഴേക്കും വരുന്നു കേരള ഡെലിഗേഷൻ! പക്ഷേ ബറ്റാലിയനല്ല, ഒറ്റ തിരിഞ്ഞുള്ള പുറപ്പാടാണ്. പ്രവർത്തക സമിതിയാണ് ലക്ഷ്യം. ഇന്നലെ വരെ തിരുവേന്തോരം എം.പി മാത്രമായിരുന്ന തരൂർജി ഇന്ന് ആരാണ്? നിലക്കണ്ണാടി മുന്നിൽ നിർത്തിയാലും പിടികിട്ടില്ല. അഖിലേന്ത്യ നേതാവാകാൻ പരമയോഗ്യൻ.
പുതുപ്പള്ളിയിലെ കുഞ്ഞൂഞ്ഞും ആലപ്പുഴയിലെ തങ്കച്ചനും ഇല്ലാത്ത പ്രവർത്തക സമിതി സങ്കൽപിക്കാൻ കഴിയില്ല. അവർ ഒന്നും പ്രവർത്തിക്കണ്ട. അതുകൊണ്ടു കാര്യവുമില്ല. പിന്നെ കെ.സി കണ്ണൂർ. അദ്ദേഹമില്ലാതെ സമിതിയോ കോൺഗ്രസിന്റെ ചരിത്രമോ പൂർണമാകില്ല. കാലെടുത്തുവെച്ച ശേഷം നേട്ടങ്ങളേയുള്ളൂ. അവശേഷിക്കുന്ന രണ്ടു സംസ്ഥാനങ്ങൾ കൂടി ഒരക്കുക്കാക്കിയാൽ ജയിച്ചു. പിരിച്ചുവിടാൻ പാർട്ടിക്ക് ഒരു കാരണം കിട്ടും. പ്രാർഥിക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ട് എന്ന സാമ്പ്രാണിത്തിരിയുടെ പരസ്യം ഓർമ വരുന്നില്ലേ? കെ.സിയുടെയു വെമ്പായം മണിയുടെയും കൈവശമുള്ള പാരകൾ കണ്ടെടുക്കുക ക്രൈം ബ്രാഞ്ചിനു പോലും ദുഷ്‌കരമാണെന്നാണ് കേൾവി. ഏതായാലും ശശി തരൂർ മത്സരമില്ലാതെ പ്രവർത്തക സമിതിയിൽ കടന്നുകയറുമെന്ന് ശിഷ്യന്മാർ കിനാവു കാണുന്നു. പണ്ട് മാഡം കഴിഞ്ഞാൽ മതിയായിരുന്നു. ഇന്ന് ഖാർഗേയും വേണം. തരൂർജി പാർട്ടി വിട്ടുപോയ കുമ്പളങ്ങി പ്രൊഫസറെ കണ്ട് പല അടവുകളും പഠിക്കേണ്ടതായിരുന്നു. വൈകിയിട്ടില്ല. രസതന്ത്ര വിഷയത്തിൽ വിദഗ്ധനാണ് കക്ഷി.


****                                  ****                       ****


കേരള പോലീസ് അതിവിദഗ്ധരാണെന്നാണ് മന്ത്രി രാജീവിന്റെ പക്ഷം. പഠിക്കുന്ന കാലത്ത് കിട്ടിയതിന്റെ തഴമ്പ് ഒന്നും മാഞ്ഞിട്ടില്ലെന്നു തോന്നുന്നു. കുറേക്കാലം മുമ്പ് പോലീസിൽ ഇത്ര ശതമാനം ക്രിമിനലുകൾ ഉണ്ടെന്ന് സെൻകുമാർജി ഒരു കണക്ക് അവതരിപ്പിച്ചിരുന്നു. ഇപ്പോൾ കണക്കിൽ കാര്യമായ വർധന അവതരിപ്പിച്ചിരുന്നു. ഇപ്പോൾ കണക്കിൽ കാര്യമായ വർധന രേഖപ്പെടുത്തിയിട്ടുമുണ്ട്. സ്വർണം മോഷ്ടിച്ച പോലീസുകാരന് നിർബന്ധമാണെങ്കിൽ ക്രിമിനലായി ഭാവി സുരക്ഷതിമാക്കാം. വേണ്ടത്ര വാർത്ത പ്രാധാന്യവും കിട്ടും; കേരളമാണല്ലോ. പക്ഷേ, മാമ്പഴം മോഷ്ടിച്ച പോലീസുകാരനെ ഏതു വർഗം ഏറ്റെടുക്കും? പഴക്കച്ചവടക്കാരന് അലിവു തോന്നി പരാതി പിൻവലിക്കാൻ ചെന്നപ്പോൾ അവിടെ വർഗശത്രു പോലീസ് വകുപ്പു തന്നെ. കേസ് പിൻവലിക്കുന്നത് മോശമായ സന്ദേശമാകും സമൂഹത്തിനു നൽകുക എന്നായി മറുവാദം. എന്നിട്ടും പരാതി പിൻവലിക്കുക തന്നെ ചെയ്തു. മറിച്ചായിരുന്നെങ്കിലോ? കനിവു തോന്നിയ വ്യാപാരി കോടതിയിലെത്തി പരോഹിതനായി മാറുകയും പോലീസുകാരൻ വിക്ടർ യൂഗോയുടെ 'പാവങ്ങൾ' നോവലിലെ നായകൻ ഴാങ് വാൽ ഴാങ് ആയി രൂപാന്തരപ്പെടുകയും ചെയ്‌തേനേ. അയാളുടെ വിശന്നിരിക്കുന്ന കുട്ടികൾക്കായി താൻ മാമ്പഴം രാത്രിയിൽ എടുത്തുകൊണ്ടു പൊയ്‌ക്കൊള്ളാൻ പറഞ്ഞിരുന്നുവെന്നു മൊഴി. പോരേ, വാദി പ്രതിയാകാൻ? പിന്നെ പോലീസ് വകുപ്പ് എവിടെപ്പോയി മുഖം ഒളിപ്പിക്കും? ഇ.ഡി പോലും നട്ടെല്ലില്ലാത്തവരായി മാറുന്ന കാലമാണ്; സംശയമുള്ളവർക്ക് സ്വപ്ന സുരേഷിനെ സമീപിക്കാം. 'കണ്ണിൽ കൊള്ളാനുള്ളതു പുരികത്തിൽ കൊണ്ടങ്ങുപോയി' എന്നു സമാധാനിക്കാം, കേരള പോലീസേ! ഇതുവരെ കടകംപള്ളിയും ശ്രീരാമകൃഷ്ണനും തോമസ് ഐസക് ഡോക്ടറും മാത്രമേ 'സ്വപ്ന വലയത്തിലായിട്ടുള്ളൂ. അടുത്ത അധ്യായം പോലീസ് പ്രലോഭനങ്ങളാണോ എന്ന് ആർക്കറിയാം.


****                                     ****                 ****


കേരള രാഷ്ട്രീയത്തിൽ രണ്ട് അഗ്നിപർവതങ്ങളുണ്ട്. ഒന്ന് പൂഞ്ഞാറിലെ പി.സി. ജോർജ്. അദ്ദേഹം കോടതി കയറിയിറങ്ങി വശം കെട്ടു. ഈയിടെയായി പൊട്ടലും ചീറ്റലുമൊന്നുമില്ല. വിശ്രമം. അപ്പോഴേക്കും കടുത്തുരുത്തിക്കാരനും ഇടുക്കി കുടിയേറ്റ നിവാസിയുമായ എം.എം. മണിയാശാൻ തുടങ്ങി. നിരന്തരം വെടിക്കെട്ട് എന്നതാണ് ശൈലി. സഖാവ് വാതുറക്കുമ്പോൾ പരിസരവാസികൾ ഭയന്നുമാറും. വല്യേട്ടൻ പാർട്ടി മൊത്തം വീടുപൂകും. അനിഷ്ട സംഭവങ്ങൾക്കു സാക്ഷിയായി മറുപടി പറയേണ്ടി വന്നാലോ? എന്നാൽ വളഞ്ഞിട്ടു പിടിക്കുക തന്നെ എന്നതാണ് മണിയാശാൻ സ്റ്റൈൽ. 
ഒടുവിൽ കഷ്ടകാലം പിടിപെട്ടത് മുൻ ദേവികുളം എമ്മെല്ലേ രാജേന്ദ്രൻ സഖാവിനത്രേ! മണിയാശാന്റെ പ്രസംഗം കേട്ടാൽ ശിലകൾ പോലും നടുങ്ങും. 'ഒരുത്തനെ കുത്തിക്കൊന്നു, രണ്ടാമനെ അടിച്ചുകൊന്നു, മൂന്നാമത് ഒരുത്തനെ വെടിവെച്ചു കൊന്നു' എന്നൊക്കെ കേട്ടാൽ കല്ലറക്കുള്ളിൽ കിടന്ന് അങ്ങു റഷ്യയിലെ സ്റ്റാലിൻ പോലും വിറയ്ക്കും. ആ മണിയാണ് 'അവനെ കൈകാര്യം ചെയ്യണം വെറുതെ വിടരുത്' എന്ന് ആഹ്വാനം ചെയ്തത്. എന്നെ കാപ്പാത്തുങ്കോ' എന്നു നിലവിളിച്ചു കൊണ്ടു രാജേന്ദ്രൻ സഖാവ് ചെന്നൈയിലെ സ്റ്റാലിന്റെ പിറകെ ഓടുന്നത് നാട്ടുകാർക്കു കാണേണ്ടി വന്നേക്കാം. മണിയെ പിടിച്ചുകെട്ടാൻ വല്യേട്ടൻ പാർട്ടിയിൽ ആളില്ല. ബി.ജെ.പി, കോൺഗ്രസ്, ആം ആദ്മി, ദളിത് മുന്നണി തുടങ്ങി എല്ലാം ഒന്നുപോലെ കേരളത്തിൽ അഴകൊഴമ്പന്മാരാണ്. പിന്നെ വേറെന്തു ചെയ്യാൻ?

Latest News