രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്, തെറ്റുകള്‍ തിരുത്തും; ബ്രിട്ടനില്‍ അധികാരമേറ്റ് ഋഷി സുനക്

ലണ്ടന്‍- ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഇന്ത്യന്‍ വംശജന്‍ ഋഷി സുനക് ചുമതലയേറ്റു. ബക്കിങ്ങാം കൊട്ടാരത്തിലെത്തിയ സുനകിനെ ചാള്‍സ് മൂന്നാമന്‍ രാജാവ് പ്രധാനമന്ത്രിയായി നിയമിച്ചു. കൊട്ടാരത്തിന്റെ 1844ാം മുറിയില്‍ വെച്ചായിരുന്നു ചടങ്ങ്.
ബക്കിങ്ങാം കൊട്ടാരത്തില്‍നിന്നു പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ വസതിയിലെത്തിയ പുതിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു.
മോശം ഉദ്ദേശ്യത്തോടെയല്ലെങ്കിലും ലിസ് ട്രസിനു ചില തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും തന്നെ പുതിയ ടോറി നേതാവായി തെരഞ്ഞെടുത്തത് അവ തിരുത്താന്‍ വേണ്ടിയാണെന്നും  അദ്ദേഹം പറഞ്ഞു. രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ് വെല്ലുവിളികളെ നേരിട്ടുകൊണ്ട് രാജ്യത്തെ ഏകീകരിക്കുമെന്നും സുനക് പറഞ്ഞു.
പ്രധാനമന്ത്രിയായതിനു പിന്നാലെ മന്ത്രിസഭാംഗങ്ങളെ തീരുമാനിക്കുന്നതിനുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

Latest News