Sorry, you need to enable JavaScript to visit this website.

മൃതദേഹത്തിൽ പുരുഷബീജം; ഇലന്തൂരിലെ സ്ത്രീയുടെ മരണത്തിൽ ദുരൂഹതയെന്ന് മകൾ, കേസ് ഡയരി പൂട്ടി ക്രൈംബ്രാഞ്ച്

പത്തനംതിട്ട - ഇലന്തൂരിൽ ബാങ്ക് ജീവനക്കാരിയായ സ്ത്രീയുടെ മരണത്തിൽ ദുരൂഹതയാരോപിച്ച് മകൾ. അമ്മയുടെ രഹസ്യ ഭാഗത്ത് പുരുഷ ബീജം കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം ആ വഴിക്ക് നീങ്ങിയില്ലെന്നാണ് മകളുടെ ആരോപണം. എന്നാൽ സംഭവത്തിൽ തന്നെ കുടുക്കാനാണ് ശ്രമമെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും മരിച്ച സ്ത്രീയുടെ സഹോദരൻ പ്രതികരിച്ചു.
 രണ്ട് മക്കളും ഭർത്താവുമായി അകന്നുകഴിയവെ 2005 ജൂൺ എട്ടിനാണ് സ്ത്രീയെ മരിച്ച നിലയിൽ ഇലന്തൂരിലെ വീട്ടുമുറിയിൽ കണ്ടെത്തിയത്. കിടപ്പുമുറിയോട് ചേർന്ന മറ്റൊരു മുറിയിൽ തറയിൽ തുണി വിരിച്ചുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. പോസ്റ്റ്‌മോർട്ടത്തിൽ ഫ്യുരിഡാന്റെ അംശം കണ്ടെത്തിയിരുന്നു. ഒപ്പം ഫ്യുരിഡാന്റെ അവശിഷ്ടം മുറ്റത്ത് കവറിൽനിന്നും ഇത് കലക്കാനുപയോഗിച്ചെന്ന് കരുതുന്ന പാത്രം കുളിമുറിയിൽ കഴുകിവെച്ച നിലയിലും കണ്ടെത്തിയിരുന്നു. വീടിന്റെ അടുക്കള ഭാഗത്തുനിന്ന് പുറത്തേക്കിറങ്ങുന്ന വാതിൽ ചാരിയ നിലയിലായിരുന്നു. മൃതദേഹം കിടന്ന സ്ഥലം ഒരിക്കലും കിടക്കാനായി ഉപയോഗിച്ചിരുന്നില്ലെന്നും പകരം വേസ്റ്റ് വയ്ക്കാനായി ഉപയോഗിച്ചിരുന്നതാണെന്നും മകൾ പറയുന്നു. ഈ സാഹചര്യങ്ങൾ തീർത്തും അസ്വഭാവികതയിലെക്കാണ് വിരൽ ചൂണ്ടുന്നത്. പോലീസിന് നൽകിയ മൊഴിയിൽ പുറത്തേക്കുളള വാതിൽ തുറന്ന് കിടക്കുകയാണെന്ന് താൻ പറഞ്ഞെങ്കിലും മാതൃസഹോദരൻ വാതിൽ അടഞ്ഞുകിടക്കുകയായിരുന്നുവെന്ന് മാറ്റി മൊഴി നല്കിയെന്നും മൂത്തമകൾ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് ഇയാൾ നിരവധി ഇല്ലാ കഥകൾ മെനയുന്നതായും അവർ ആരോപിച്ചു. 
 കേസിന്റെ അന്വേഷണം പോലീസിൽനിന്നും ക്രൈംബ്രാഞ്ച്‌ ഏറ്റെടുത്തിരുന്നു.
പുനരന്വേഷണം പൂർത്തിയാക്കിയ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോർട്ടിൽ ആത്മഹത്യയാണെന്നാണ് നിഗമനം. എന്നാൽ ശരീരത്തിൽ പുരുഷ ബീജം കണ്ടെത്തിയതിനെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തിയിട്ടില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണം കൊലപാതകമാണെന്നും കൊലപ്പെടുത്തിയ ശേഷം വിഷം വായിൽ ഒഴിച്ചതാകാനുളള സാധ്യതയുണ്ടെന്നുമാണ് ഇവർ പറയുന്നത്. എന്നാൽ കേസിൽ ദുരൂഹതകളില്ലെന്നും വിഷം ഉളളിൽചെന്നാണ് മരണമെന്നാണ് ക്രൈംബ്രാഞ്ച്‌ സർക്കിൾ ഇൻസ്‌പെക്ടർ പറയുന്നത്. അതേസമയം, സഹോദരിയുടെ മരണത്തിൽ വീട്ടിലുളള ചിലർക്ക് പങ്കുള്ളതായി സംശയമുണ്ടെന്നും സംഭവത്തിൽ തന്നെ സംശയിക്കുന്നവരോട് സഹതാപം മാത്രമേയുള്ളൂവെന്നും സഹോദരൻ പ്രതികരിച്ചു. 

Latest News