Sorry, you need to enable JavaScript to visit this website.

സൗദിയിൽ ജീവിത നിലവാരം ഉയർത്താൻ 13,000 കോടി റിയാൽ

റിയാദ് - സൗദിയിൽ ജീവിത നിലവാരം മെച്ചപ്പെടുത്താൻ  കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അധ്യക്ഷനായ സാമ്പത്തിക, വികസന സമിതി പുതിയ പദ്ധതി പ്രഖ്യാപിച്ചു. വ്യക്തിയുടെയും കുടുംബത്തിന്റെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.  സാംസ്‌കാരിക, വിനോദ, സ്‌പോർട്‌സ് മേഖലകളിൽ പങ്കാളിത്തം വർധിപ്പിക്കും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി നിക്ഷേപ സാഹചര്യങ്ങൾ മെച്ചപ്പെടുത്തും. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനു പുറമെ, ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലേക്ക് സൗദി നഗരങ്ങളെ ഉയർത്താനും പദ്ധതി ലക്ഷ്യമിടുന്നു. 
പദ്ധതി വിജയിപ്പിക്കുന്നതിന് 2020 വരെ ജീവിത ഗുണനിലവാര പ്രോഗ്രാമുമായി ബന്ധപ്പെട്ട വകുപ്പുകൾ 13,000 കോടി റിയാൽ ചെലവഴിക്കും. 
ഖിദിയ, ചെങ്കടൽ പദ്ധതി, ദർഇയ പദ്ധതി, ഹിസ്റ്റൊറിക് ജിദ്ദ പദ്ധതി, അൽഉല റോയൽ കമ്മീഷൻ പദ്ധതികൾ എന്നിവ അടക്കം ഇതുമായി ബന്ധപ്പെട്ട വൻകിട പദ്ധതികൾ ഉൾപ്പെടുത്താതെയാണിത്. 2020 വരെയുള്ള കാലത്ത് 220 പദ്ധതികളാണ് ജീവിത നിലവാര പ്രോഗ്രാമിന്റെ ഭാഗമായി നടപ്പാക്കുക. 7450 കോടി റിയാൽ നേരിട്ടുള്ള നിക്ഷേപങ്ങളും സർക്കാർ മൂലധന വിനിയോഗം 5090 കോടി റിയാലുമായിരിക്കും. ഇതേ കാലയളവിൽ സ്വകാര്യ മേഖലക്ക് 2370 കോടി റിയാലിന്റെ നിക്ഷേപാവസരങ്ങളും ലഭിക്കും. ഇവ കൂടാതെയുള്ള വൻകിട പദ്ധതികളിൽ 8600 കോടിയിലേറെ റിയാലിന്റെ മൂലധന നിക്ഷേപങ്ങളാണ് പ്രതീക്ഷിക്കുന്നത്. 2030 ഓടെ ലോകത്തെ ഏറ്റവും മികച്ച ജീവിത സാഹചര്യമുള്ള 100 നഗരങ്ങളുടെ പട്ടികയിൽ ചുരുങ്ങിയത് സൗദിയിലെ മൂന്നു നഗരങ്ങളെ ഉയർത്തുന്നതിന് പ്രോഗ്രാം ലക്ഷ്യമിടുന്നു. മൂന്നു നഗരങ്ങളാണ് പൊതുവിൽ ലക്ഷ്യമിടുന്നതെങ്കിലും സൗദിയിലെങ്ങും സ്വദേശികളുടെയും വിദേശികളുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രോഗ്രാം ശ്രമിക്കും. ജീവിത ഗുണനിലവാരവുമായി ബന്ധപ്പെട്ട നിരവധി തന്ത്രപ്രധാന മേഖലകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് സ്വകാര്യ മേഖലയെയും വിദേശ നിക്ഷേപകരെയും പ്രോത്സാഹിപ്പിക്കും. 
3,46,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പെട്രോളിതര മേഖലയിൽ നിന്ന് 190 കോടി റിയാൽ പൊതുവരുമാനം നേടുന്നതിനും ജീവിത ഗുണനിലവാര പ്രോഗ്രാം ലക്ഷ്യമിടുന്നു.  
 

Latest News