ജനതയെ പല തട്ടുകളിലാക്കി തമ്മിലടിപ്പിക്കുന്നത് കണ്ടുനിന്നാൽ അത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കർത്തവ്യ നിരാസമായി മാത്രമേ കാലം രേഖപ്പെടുത്തുകയുള്ളൂവെന്ന് തുരങ്കത്തിന്റെ ഏതോ വിദൂരമായ അറ്റത്തു നിന്നുള്ള വെളിച്ചമായി പുറത്തിറങ്ങിയ മഹത്തായ വിധിയിൽ കോടതി ജുഡീഷ്യറിയുടെ ആത്മാവിൽ തൊടുന്ന വികാരം പങ്കുവെച്ചിരിക്കുന്നു.
വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ കടുത്ത നടപടി വേണമെന്ന് സുപ്രീം കോടതി കർശന നിർദേശം നൽകിയത് കഴിഞ്ഞ ദിവസമാണ്. രാജ്യത്തെ ജനങ്ങൾ തമ്മിലുള്ള ഐക്യവും അതു വഴി രാജ്യം തന്നെയും തകർക്കുക എന്ന ലക്ഷ്യത്തോടെ ഏതെല്ലാമോ വിഷ ജീവികൾ അരങ്ങു തകർക്കുന്ന സന്ദർഭത്തിൽ വന്ന ഈ വിധി രാജ്യത്തെക്കുറിച്ചുള്ള പുതിയ സ്വപ്നങ്ങൾക്ക് ചിറകു നൽകുന്നു. പരാതികൾക്കായി കാത്തു നിൽക്കേണ്ടതില്ല. സ്വമേധയാ കേസെടുക്കുകയും അന്വേഷണം നടത്തി നിയമപരമായ നടപടി സ്വീകരിക്കുകയും വേണമെന്നാണ് ജസ്റ്റിസ് കെ.എം. ജോസഫ്, ജസ്റ്റിസ് ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിൽ വ്യക്തമാക്കിയത്. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിലല്ലേ നമ്മൾ ജീവിക്കുന്നത്', എന്നിട്ടും മതത്തിന്റെ പേരിൽ എവിടെയാണ് എത്തി നിൽക്കുന്നത് -വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച ബെഞ്ചിന്റെ ചോദ്യം ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരുടേതുമാണ്. മതേതര സ്വഭാവമുള്ള രാജ്യത്തിന് ചേർന്നതല്ല വിദ്വേഷ പ്രസംഗങ്ങൾ. ഇന്ത്യ ഒരു മതേതര രാജ്യമാണെന്നാണ് ഭരണഘടന വ്യക്തമാക്കിയിരിക്കുന്നതെന്നും കോടതി ഭരണഘടന അടിമുടി പഠിച്ച അഭിഭാഷക സമൂഹം ഉൾക്കൊള്ളുന്ന ഇടത്തിൽ നിന്ന് നടത്തിയ ഓർമപ്പെടുത്തൽ എല്ലാവർക്കും ബാധകമാണ്. ആരുടെ ഭാഗത്തു നിന്നായാലും വിദ്വേഷ പ്രസംഗങ്ങൾ അപലപിക്കപ്പെടേണ്ടതാണെന്നും സുപ്രീം കോടതി പറഞ്ഞു. ഇക്കാര്യത്തിൽ കർശന നടപടി വേണം. വിദ്വേഷ പ്രസംഗം നടത്തിയ ആളുടെ മതം നോക്കേണ്ടതില്ല. നടപടി ഉണ്ടായില്ലെങ്കിൽ ബന്ധപ്പെട്ട സർക്കാരുകൾ കോടതിയലക്ഷ്യം നേരിടേണ്ടി വരുമെന്ന സുപ്രധാ മുന്നറിയിപ്പും സുപ്രീം കോടതി ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ഇസ്ലാം മത വിശ്വാസികളായവരെ ഭീകരരായി മുദ്ര കുത്തുകയും ഉന്നം വെക്കുകയും ചെയ്യുന്നതിൽ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവേയായിരുന്നു ബെഞ്ചിന്റെ നിരീക്ഷണം.
ജനതയെ പല തട്ടുകളിലാക്കി തമ്മിലടിപ്പിക്കുന്നത് കണ്ടുനിന്നാൽ അത് തങ്ങളുടെ ഭാഗത്തുനിന്നുണ്ടാകുന്ന കർത്തവ്യ നിരാസമായി മാത്രമേ കാലം രേഖപ്പെടുത്തുകയുള്ളൂവെന്ന് തുരങ്കത്തിന്റെ ഏതോ വിദൂരമായ അറ്റത്തു നിന്നുള്ള വെളിച്ചമായി പുറത്തിറങ്ങിയ മഹത്തായ വിധിയിൽ കോടതി ജുഡീഷ്യറിയുടെ ആത്മാവിൽ തൊടുന്ന വികാരം പങ്കുവെച്ചിരിക്കുന്നു.
ഇങ്ങനെയൊരു വിധിയിലേക്ക് കാര്യങ്ങൾ എത്തിച്ചതിന് പിന്നിൽ സമീപകാല സംഭവ വികാസങ്ങളെല്ലാം കാരണമായിട്ടുണ്ടാകാം. 2021 ഡിസംബറിൽ ഹരിദ്വാർ, ദൽഹി, റായിപൂർ തുടങ്ങിയ സ്ഥലങ്ങളിൽ പൊട്ടിപ്പുറപ്പെട്ട പരസ്യമായ ഉന്മൂലന ആഹ്വാനം രാജ്യത്തെയാകെ ഞെട്ടിച്ചിരുന്നു. ഇതോടെ കേസുകളുടെ പരമ്പര തന്നെ ഉണ്ടായി -സ്വാഭാവികമായും ജുഡീഷ്യറിയുടെ ഇടപെടലുകളും. ഇതൊന്നും കണ്ട് ഇന്ത്യയിലെ നല്ല മനുഷ്യർ അടങ്ങിയിരിക്കുകയായിരുന്നില്ല. സമൂഹത്തിന്റെ ഉന്നത സ്ഥാനത്തിരുന്ന നിരവധി വ്യക്തികൾ ഭരണാധികാരികൾക്കും ജുഡീഷ്യറിക്കുമെല്ലാം കത്തെഴുതിക്കൊണ്ടെയിരുന്നു. പ്രമുഖ പത്രപ്രവർത്തകനായ ടി.ജെ.എസ്. ജോർജ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ ന്യൂ ഇന്ത്യൻ എക്സ് പ്രസ് കോളത്തിൽ ഈ വിപത്തിനെതിരെ പ്രതികരിച്ചു. ടി.ജെ.എസിന്റെ കോളം ശ്രദ്ധിക്കാത്ത ന്യായാധിപന്മാർ ഉണ്ടാകില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇതിന്റെയെല്ലാം തുടർച്ചയായാണ് ഷഹിൻ അബ്ദുല്ലയുടെ ഹരജി സുപ്രീം കോടതിയിൽ എത്തുന്നത്. രാജ്യത്തെ മുസ്ലിം സമൂഹത്തിനെതിരെയുള്ള വിദ്വേഷ പ്രസംഗം തടയാൻ അടിയന്തര ഇടപെടൽ വേണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. ദൽഹി എം.പിയും ബി.ജെ.പി നേതാവുമായ പർവേശ് വർമ പ്രത്യേക സമൂഹത്തിനെതിരെ നടത്തിയ വിദ്വേഷ പ്രസംഗം ഷഹിൻ അബ്ദുല്ലക്ക് വേണ്ടി ഹാജരായ കപിൽ സിബൽ എടുത്തുദ്ധരിച്ചപ്പോൾ കോടതിയിൽ നിന്നുണ്ടായ ചോദ്യവും ആ ചോദ്യത്തിന് കപിൽ സിബൽ നൽകിയ മറുപടിയും വിധിയിൽ നിർണായകമായിട്ടുണ്ടാകാം. മുസ്ലിം സമുദായത്തിൽപെട്ടവരും വിദ്വേഷ പ്രസംഗം നടത്താറുണ്ടോ എന്നായിരുന്നു കോടതിയുടെ മൂർച്ചയുള്ള ചോദ്യം. ഇത്തരത്തിൽ വിദ്വേഷ പ്രസംഗം നടത്തുന്ന ആരെയും വെറുതെ വിടരുത് എന്നായിരുന്നു കപിൽ സിബലിന്റെ മറുപടി. നാഴികക്കല്ലായി മാറിയ വിധിയിലേക്ക് നയിച്ച സുന്ദര മുഹൂർത്തം എന്ന് തന്നെ ഈ ചോദ്യോത്തര ഘട്ടത്തെ കാണാവുന്നതാണ്.
വിദ്വേഷ പ്രസംഗത്തിനെതിരെ ഫലപ്രദമായ നടപടി വേണമെങ്കിൽ പ്രത്യേകമായ നിയമ നിർമാണം വേണമെന്നാണ് നിയമ രംഗത്തുള്ളവർ പറയുന്നത്. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ആ വഴിക്കും ചിന്തിക്കുമെന്ന് പ്രതീക്ഷിക്കുക. തോന്നിയതൊക്കെ വിളിച്ചു പറഞ്ഞ് സമൂഹത്തെ ഭിന്നിപ്പിക്കുന്നവർക്ക് മൈക്കിന് മുന്നിൽ നിൽക്കുമ്പോഴും, ചാനൽ അവതാരകർ ക്യാമറക്ക് മുന്നിലും ഇതൊക്കെ ഓർക്കുമെന്നാണ് കരുതേണ്ടത്. ഓർത്തില്ലെങ്കിൽ ഇത്തരക്കാരെ നേരിട്ട് നിയമത്തിന് മുന്നിലെത്തിക്കാൻ ജുഡീഷ്യറിക്ക് സാധിക്കും. നടപടി സ്വീകരിക്കാത്ത സംസ്ഥാന ഭരണ കൂടങ്ങളും പ്രതിക്കൂട്ടിലാകും. അതാണ് മേൽപറഞ്ഞ വിധിക്ക് ശേഷമുള്ള ഇന്ത്യൻ സാഹചര്യം.






