ആത്മവീര്യമുള്ള പോലീസിനെയല്ല, ജനാധിപത്യ പോലീസിനെയാണ് കേരളം ആവശ്യപ്പെടുന്നത് എന്നാണ് സർക്കാർ ആദ്യമായി തിരിച്ചറിയേണ്ടത്. അതാകട്ടെ ആധുനിക കാലത്തിന് അനുയോജ്യമായിരിക്കണം.
ഒരു പക്ഷേ ഈ പംക്തിയിൽ ഏറ്റവുമധികം എഴുതിയ വിഷയത്തെ കുറിച്ചാണ് വീണ്ടും ആവർത്തിക്കുന്നത്. അത് മറ്റൊന്നുമല്ല, ആവർത്തിക്കുന്ന പോലീസ് അതിക്രമങ്ങൾ തന്നെ. ഒരുപക്ഷേ വി.എസ് സർക്കാരിന്റെ കാലത്തും ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും താരതമ്യേന വളരെ കുറച്ച് പോലീസ് അതിക്രമങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം ഇക്കാര്യത്തിൽ വൻവർധനയാണുണ്ടായതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ സർക്കാരിലെ ഏറ്റവും മോശം വകുപ്പായി പൊതുവിൽ വിലയിരുത്തപ്പെട്ടതും ആഭ്യന്തരമായിരുന്നു. രണ്ടാം പിണറായി സർക്കാർ വന്നതിനു ശേഷവും ഇത്തരം സംഭവങ്ങൾ വർധിക്കുകയാണ്. വി.എസ് സർക്കാരിലും ഉമ്മൻ ചാണ്ടി സർക്കാരിലും ആഭ്യന്തരത്തിന് മുഴുവൻ സമയ മന്ത്രിമാരുണ്ടായിരുന്നു എന്നതും ഇപ്പോൾ മുപ്പതോളം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയാണ് ആഭ്യന്തരവും കൈകാര്യം ചെയ്യുന്നത് എന്നതുമാണ് ഇതുമായി കൂട്ടിവായിക്കേണ്ട പ്രധാന വിഷയം. അപ്പോഴാണ് യുവമന്ത്രിയും സൈദ്ധാന്തികനുമായ പി. രാജീവ് കേരള പോലീസ് ലോകോത്തരമാണെന്ന വാദവുമായി രംഗത്തു വന്നിരിക്കുന്നത്.
കഞ്ചാവ് കേസ് പ്രതിയെ ജാമ്യത്തിലിറക്കാനെത്തിയ സൈനികനെയും സഹോദരനെയും കൊല്ലം കിളിക്കൊല്ലൂർ സ്റ്റേഷനിലെ പോലീസുകാർ അതിക്രൂരമായി മർദിച്ചതാണ് പോലീസ് അതിക്രമ പരമ്പരയിലെ ഒടുവിലത്തെ സംഭവം. ഇവർ എ.എസ്.ഐയുടെ തലയ്ക്കടിച്ചെന്ന പോലീസിന്റെ പ്രചാരണം കള്ളമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. ലാത്തി ഒടിയുന്നതുവരെ പോലീസുകാർ ഓരോരുത്തരായി തങ്ങളെ ക്രൂരമായി അടിച്ച് അവശരാക്കുകയായിരുന്നുവെന്നാണ് മർദനമേറ്റവരുടെ വെളിപ്പെടുത്തൽ. മർദിച്ച് അവശനാക്കിയ ശേഷം കുടിക്കാൻ പോലും വെള്ളം തന്നില്ലെന്നാണ് സൈനികൻ മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. കൂടാതെ എം.ഡി.എം.എ കേസിലെ പ്രതിയായും ഇദ്ദേഹത്തെ ചിത്രീകരിച്ചു. 12 ദിവസം ഇരുകൂട്ടരെയും കൊല്ലം ജില്ല ജയിലിലടച്ചു. സംഭവത്തെ തുടർന്ന് ചേട്ടന്റെ കല്യാണം മുടങ്ങി. 7 വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം ഉറപ്പിച്ചിരുന്നത്. പതിവുപോലെ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിട്ടുണ്ട്. പലർക്കും സ്ഥലംമാറ്റമാകട്ടെ സ്വന്തം നാട്ടിലേക്കും.
കഴിഞ്ഞ ദിവസമാണ് കോതമംഗലത്ത് സുഹൃത്തിനെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയാനെത്തിയ യുവാവിന് എസ്.ഐയുടെ ക്രൂരമർദനമേറ്റത്. സംഭവം വിവാദമായതോടെ കോതമംഗലം എസ്.ഐ. മാഹിൻ സലീമിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. റോഷനെ ചികിത്സയ്ക്കായി കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവുപോലെ ഈ വിഷയത്തിലും പോലീസ് കള്ളക്കഥകൾ മെനഞ്ഞെടുത്തിട്ടുണ്ട്. രണ്ടു സംഭവങ്ങളിലും മർദനമേറ്റവർ സിപിഎം പ്രവർത്തകർ കൂടിയാണ്. അതേസമയം കഴിഞ്ഞ ആറു വർഷത്തിൽ കൂടുതലായി പോലീസ് മർദനമേൽക്കുന്നവരിൽ രാഷ്ട്രീയ വ്യത്യാസമൊന്നുമില്ല എന്നതാണ് വസ്തുത. ഇക്കാലയളവിൽ മർദനമേറ്റവരുടെയും കൊല്ലപ്പെട്ടവരുടെയും വലിയ പട്ടിക തന്നെ മനുഷ്യാവകാക പ്രവർത്തകർ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മാത്രമല്ല, അര നൂറ്റാണ്ടിനു ശേഷം വ്യാജ ഏറ്റുമുട്ടൽ കൊലകളും സംസ്ഥാനത്തു നടന്നു. പല ജനകീയ സമരങ്ങൾക്കെതിരെയും പോലീസ് അതിക്രമങ്ങളുണ്ടായി. എന്തിനേറെ, മാമ്പഴ മോഷണവും സ്വർണണ്ണാഭരണ മോഷണവും നടത്തുന്ന പോലീസിനെയും കേരളം കണ്ടു. രാത്രി മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാൻ കൊടുത്ത ക്വാട്ട തികഞ്ഞില്ലെന്നു പറഞ്ഞ് പോലീസുദ്യോഗസ്ഥനോട് മുകളിൽ നിന്നു വിശദീകരണം ചോദിച്ചതും കഴിഞ്ഞ ദിവസമാണ്.
പോലീസിനെതിരായ പരാതികൾ വർധിക്കുന്നതായി പോലീസ് കംപ്ലെയന്റ്സ് അതോറിറ്റിയും മനുഷ്യാവകാശ കമ്മീഷനുമൊക്കെ സർക്കാരിനു മുന്നിൽ നിരന്തരമായി ചൂണ്ടിക്കാണിക്കാറുണ്ട്. അപ്പോഴെല്ലാം ലോക്കപ്പ് മർദനവും പീഡനവും സർക്കാരിന്റെ പോലീസ് നയമല്ല എന്ന പതിവു പല്ലവിയും കേൾക്കാം.
പോലീസിൽ വലിയൊരു ഭാഗം ക്രിമിനലുകളാണെന്നു മുൻ ഡി.ജി.പി പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. സ്വാധീനമില്ലാത്തവരുടെ കേസുകളോട് പലപ്പോഴും പോലീസ് ഉദാസീനരാണെന്ന് വാളയാർ സംഭവവുമായി ബന്ധപ്പെട്ട് മറ്റൊരു ഉന്നത ഉദ്യോഗസ്ഥയും പറഞ്ഞു. വിനായകനെയും മറ്റും മറക്കാറായിട്ടില്ലല്ലോ. പോലീസ് അതിക്രമങ്ങൾക്ക് കൂടുതൽ വിധേയരാകുന്നത്. ഉന്നതരെ സംരക്ഷിക്കാൻ ഏതറ്റം വരെ പോകാനും പല ഉദ്യോഗസ്ഥരും തയാറുമാണ്. മറ്റൊരു പ്രവണതയും അടുത്തയിടെ പോലീസിൽ കാണുന്നു. ഉന്നത ഉദ്യോഗസ്ഥരിൽ പലരും റിട്ടയർ ചെയ്ത ശേഷം സംഘപരിവാറിലേക്കു പോകുന്നു എന്നതാണ്. എങ്കിൽ പദവിലിരിക്കുമ്പോൾ തന്നെ അവർ അതായിരിക്കണമല്ലോ. അതുകൊണ്ടാകുമല്ലോ യുഎപിഎ പോലുള്ള ഭീകര നിയമങ്ങൾ നിരന്തരമായി ഉപയോഗിക്കുന്നത്. സർക്കാരാകട്ടെ, അതിനു കൈയൊപ്പ് ചാർത്തുന്നു. നാഴികക്കു നാൽപതു വട്ടം സംഘപരിവാറിനെതിരെ സംസാരിക്കുന്നവർക്ക് ഇതൊന്നും തിരിച്ചറിയാൻ കഴിയാത്തതോ അതോ കണ്ണടക്കുന്നതോ?
ആത്മവീര്യമുള്ള പോലീസിനെയല്ല, ജനാധിപത്യ പോലീസിനെയാണ് കേരളം ആവശ്യപ്പെടുന്നത് എന്നാണ് സർക്കാർ ആദ്യമായി തിരിച്ചറിയേണ്ടത്. അതാകട്ടെ ആധുനിക കാലത്തിന് അനുയോജ്യമായിരിക്കണം.






