Sorry, you need to enable JavaScript to visit this website.

ഇന്ത്യൻ സ്‌കൂളുകൾക്ക് പുതിയ പ്രിൻസിപ്പൽമാർ വരുന്നു

ജിദ്ദ- സൗദി അറേബ്യയിലെ മൂന്ന് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളുകളിലേക്ക് പുതിയ പ്രിൻസിപ്പൽമാരെ നിയമിക്കുന്നു. ജിദ്ദ, ദമാം, ജുബൈൽ സ്‌കൂളുകളിലേക്കാണ് പുതിയ നിയമനം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള സുബൈർ അഹമ്മദ് ഖാൻ, ഡോ. മുസഫർ ഹസൻ, റിയാദ് സ്‌കൂളിൽ സേവനം അനുഷ്ഠിക്കുന്ന മലയാളിയായ മീരാ റഹ്മാൻ എന്നിവരാണ് പരിഗണനയിൽ. നാളെ ജിദ്ദയിൽ ചേരുന്ന ഹയർ ബോർഡ് യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച അന്തിമ തീരുമാനം. അംബാസഡർ  ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ജിദ്ദ പ്രിൻസിപ്പൽ സെയ്ദ് മസൂദ് അഹമ്മദ്, ദമാം പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഷാഫി, ജുബൈൽ പ്രിൻസിപ്പൽ സെയ്ദ് ഹമീദ് എന്നിവർക്ക് നടപ്പ് അധ്യയന വർഷം അവസാനിക്കുന്ന 2019 മാർച്ച് 31 വരെ സർവീസിൽ തുടരാനുള്ള അവകാശമുണ്ട്. പുതിയതായി നിയമിക്കപ്പെടുന്ന പ്രിൻസിപ്പൽമാർക്ക് പരിശീലനം ലഭിക്കത്തക്ക വിധം ഇവരെ കൂടി സർവീസിൽ തുടരാൻ അനുവദിച്ചുകൊണ്ടോ, അതല്ലെങ്കിൽ ഇവരെ മാറ്റിയതിനു ശേഷമോ ആയിരിക്കും പുതിയ നിയമനം. ഇക്കാര്യത്തിലും നാളെ ചേരുന്ന ഹയർ ബോർഡിൽ തീരുമാനം ഉണ്ടാവുമെന്നാണ് അറിയുന്നത്. 
മൂന്നു സ്‌കൂളുകളിലെ പ്രിൻസിപ്പൽ പോസ്റ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട് ഏതാനും മാസം മുമ്പ് സൗദിയിലെയും ഇന്ത്യയിലെയും പത്രങ്ങളിൽ പരസ്യം ചെയ്തിരുന്നു. അഞ്ഞൂറിലേറെ അപേക്ഷകരിൽനിന്ന് 150 ഓളം പേരെ ഷോർട്ട് ലിസ്റ്റ് ചെയ്തുവെങ്കിലും ദൽഹിയിൽ നടന്ന ഇന്റർവ്യൂവിന് ഇരുപതിൽ താഴെ പേർ മാത്രമാണ് ഉണ്ടായിരുന്നത്. ഇതിൽ ജിദ്ദയിലേക്ക് പരിഗണിക്കപ്പെട്ട സുബൈർ അഹമ്മദ് ഖാൻ നേരത്തെ ജിദ്ദയിലെ രണ്ട് സ്വകാര്യ സ്‌കൂളുകളിൽ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. മലയാളിയായ മീരാ റഹ്മാനെ ജുബൈൽ സ്‌കൂൾ പ്രിൻസിപ്പലായാണ് പരിഗണിക്കുന്നത്. നിലവിൽ റിയാദ് ഇന്റർനാഷണൽ സ്‌കൂളിലാണ് ജോലി ചെയ്യുന്നത്. ഡോ. മുസഫർ ഹസനെ ദമാം സ്‌കൂളിലേക്കാണ്  പരിഗണിക്കുന്നത്. 
പ്രിൻസിപ്പൽമാരുടെ പ്രായപരിധി 60 വയസ്സാണ്. രാഷ്ട്രപതിയുടെ അവാർഡിനർഹരായിട്ടുള്ളവർക്കും അക്കാദമിക് തല നേട്ടങ്ങൾ കൈവരിച്ചവർക്കും അഞ്ചു വർഷം വരെ കാലാവധി നീട്ടിക്കൊടുക്കാമെന്ന് വ്യവസ്ഥയുണ്ട്. അതു പ്രകാരമുള്ള എക്സ്റ്റൻഷനിലാണ് ദമാം, ജുബൈൽ പ്രിൻസിപ്പൽമാർ  ഇപ്പോൾ ജോലി ചെയ്യുന്നത്. ഇവരുടെ കാലാവധി തീരാൻ ഇനിയുമേറെ സമയമുണ്ടെങ്കിലും ഹയർ ബോർഡും സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളും ചേർന്ന് പുതിയ പുതിയ നിയമനത്തിന് വഴിയൊരുക്കുകയായിരുന്നു. ജിദ്ദ പ്രിൻസിപ്പലിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നു.  

Latest News