Sorry, you need to enable JavaScript to visit this website.

വി.സിമാരുടെ രാജി ആവശ്യപ്പെട്ടത് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലെന്ന് ഗവർണർ

തിരുവനന്തപുരം-സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് വി.സിമാരോട് രാജിവെക്കാൻ ആവശ്യപ്പെട്ടതെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ആർക്കും സുപ്രീം കോടതി ഇളവ് നൽകിയിട്ടില്ലെന്നും രാജ്ഭവനിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ ഗവർണർ പറഞ്ഞു. കേരള ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വി.സി നിയമനം സംബന്ധിച്ച് സുപ്രീം കോടതി വിധി വ്യക്തമാണ്. നിയമോപദേശം തേടിയാണ് വി.സിമാരോട് രാജി ആവശ്യപ്പെട്ടത്. വി.സിമാർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകി. വി.സി നിയമനം റദ്ദാക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ ബോധിപ്പിക്കാനാണ് നോട്ടീസ് നൽകിയത്. നവംബർ മൂന്നിന് മുമ്പ് വിശദീകരണം നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മൂന്നിന് വൈകിട്ട് അഞ്ചുമണിക്ക് മുമ്പ് വിശദീകരണം നൽകണം. ഡിജിറ്റൽ, ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റി വി.സിമാർക്ക് എതിരെ നടപടി സ്വീകരിക്കുമെന്നും ഗവർണർ പറഞ്ഞു. നിയമം അറിയുന്ന ആളാണ് താനെന്നും ഗവർണർ വ്യക്തമാക്കി. 
വി.സിമാരോട് എതിർപ്പില്ല. നിയമന പ്രകിയയിലെ അപാകതയെ സംബന്ധിച്ചാണ് എതിർപ്പുള്ളത്. നിയമന നടപടികൾ വീണ്ടും തുടങ്ങിയ ശേഷം യോഗ്യതയുണ്ടെങ്കിൽ സ്ഥാനത്ത് വരാമെന്നും ഗവർണർ പറഞ്ഞു. വി.സി നിയമനം യു.ജി.സി ചട്ടത്തിന് വിരുദ്ധമായാണ് നടന്നത്. കേരളത്തിലെ ചില വി.സിമാർ മികച്ച നിലവാരമുള്ളവരാണ്. എന്നാൽ നിയമന പ്രക്രിയയിൽ പ്രശ്‌നമുണ്ട്. 
വി.സിമാർക്ക് സ്വാഭാവിക നീതി നിഷേധിച്ചിട്ടില്ല. ആരെയും പുറത്താക്കിയിട്ടില്ല. വി.ിസമാരോട് അനുകമ്പയുണ്ട്. പക്ഷെ, സുപ്രീം കോടതി വിധി എതിരാണ്. 
മാധ്യമങ്ങളോട് തനിക്ക് എല്ലാ കാലത്തും ബഹുമാനമാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മാധ്യമ പ്രവർത്തകർ എന്ന പേരിൽ പാർട്ടി കേഡർമാർ ചോദ്യങ്ങൾ ഉന്നയിക്കാറുണ്ടെന്നും ഗവർണർ പറഞ്ഞു. പത്രലേഖകരോട് കടക്കു പുറത്ത് എന്ന് പറഞ്ഞത് താനല്ല. മാധ്യമ സിണ്ടിക്കേറ്റ് എന്ന് വിളിച്ചത് ആരാണെന്നും ഗവർണർ ചോദിച്ചു. ചെപ്പടി വിദ്യ കാട്ടുന്നവർക്ക് എതിരെ പിപ്പിടി വിദ്യയാകാമെന്നും ഗവർണർ പറഞ്ഞു. കേരള വി.സി അപമാനകരമായ വാക്കുകളാണ് പ്രസിഡന്റിന് എതിരെ പ്രയോഗിച്ചത്. 
അതേസമയം, കൈരളി, ജയ്ഹിന്ദ്, റിപ്പോർട്ടർ, മീഡിയ വൺ ചാനലുകളെ രാജ്ഭവനിലെ പത്രസമ്മേളത്തിൽ പ്രവേശിപ്പിച്ചില്ല. 

Latest News