Sorry, you need to enable JavaScript to visit this website.

ഗവർണറുടെ ഉത്തരവ് നടപ്പായില്ല, ഒരു വി.സിയും രാജിവെച്ചില്ല

തിരുവനന്തപുരം- സംസ്ഥാനത്തെ ഒമ്പത് വൈസ് ചാൻസലർമാരോടും രാജി വെക്കാൻ ആവശ്യപ്പെട്ടുള്ള ഗവർണറുടെ ഉത്തരവ് നടപ്പായില്ല. ഇന്ന് രാവിലെ 11.30ന് മുമ്പ് രാജിവെക്കണം എന്ന് ഗവർണർ ഉത്തരവിട്ടിരുന്നു. എന്നാൽ ഒരു വി.സിയും രാജിവെച്ചില്ല. വി.സിമാർ രാജിവെക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. യു.ജി.സി ചട്ടം പാലിക്കാത്തതിനാൽ സാങ്കേതിക സർവകലാശാല വി.സിയെ പുറത്താക്കിയ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ചാൻസലർ കൂടിയായ ഗവർണർ ഇന്നലെ മുഴുവൻ വി.സിമാരോടും രാജിവെക്കാൻ ആവശ്യപ്പെട്ടിരുന്നു. കേരള, എം.ജി, കുസാറ്റ്, ഫിഷറീസ്, കണ്ണൂർ, ടെക്‌നിക്കൽ യൂനിവേഴ്‌സിറ്റി, ശ്രീശങ്കരാചാര്യ, കാലിക്കറ്റ്, മലയാളം സർവകലാശാല എന്നിവിടങ്ങളിലെ വൈസ് ചാൻസലർമാരോടാണ് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. 
ഇന്ന് രാവിലെ 11.30 ന് മുമ്പ് രാജി രാജ്ഭവനിൽ എത്തിക്കണമെന്നായിരുന്നു ഗവർണറുടെ നിർദേശം. അഞ്ചു വി.സിമാരെ നിയമിക്കാൻ നൽകിയ പട്ടികയിൽ ഒറ്റ പേര് മാത്രമാണുള്ളത്. നാലുപേരുടെ നിയമനത്തിനുള്ള സെർച്ച് കമ്മറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവൻ കണ്ടെത്തി. തുടർന്നാണ് ഗവർണർ ഒമ്പത് വി.സിമാരോടും രാജിവെക്കാൻ ആവശ്യപ്പെട്ടത്. സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ തന്നെ സർവകലാശാല വി.സിമാരുടെ നിയമന ഫയലുകൾ രാജ്ഭവൻ ശേഖരിച്ചിരുന്നു. ഗവർണർക്കെതിരെ പ്രത്യക്ഷ സമരം നടത്താൻ ഇന്നലെ ചേർന്ന എൽ.ഡി.എഫ് യോഗം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വി.സിമാരുടെ രാജി ആവശ്യപ്പെട്ട വിവരം ഗവർണർ ട്വീറ്റ് ചെയ്തത്. 
യു.ജി.സി മാനദണ്ഡപ്രകാരം വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ വിദ്യാഭ്യാസ വിദഗ്ധൻ ഉണ്ടാകണം. കൂടാതെ മൂന്നു മുതൽ അഞ്ചു വരെയുള്ളവരുടെ പാനൽ ഗവർണർക്ക് നൽകുകയും ഗവർണർ അതിൽനിന്നും ഒരാളെ തെരഞ്ഞെടുക്കുകയുമാണ് വേണ്ടത്.
എന്നാൽ കേരളയുടെ വി.സി  ഡോ. വി.പി. മഹാദേവൻ പിള്ള, എം.ജിയുടെ ഡോ. സാബു തോമസ്, ഫിഷറീസിലെ ഡോ. കെ. റിജി ജോൺ, കണ്ണൂരിന്റെ ഡോ. ഗോപിനാഥ് രവീന്ദ്രൻ, സുപ്രീം കോടതി നിയമനം റദ്ദാക്കിയ സാങ്കേതിക സർവകലാശാലയുടെ ഡോ. എം.എസ്. രാജശ്രീ, സംസ്‌കൃത സർവകലാശാലയുടെ ഡോ. എം.വി. നാരായണൻ എന്നിവരുടെ നിയമനത്തിന് ഒറ്റപ്പേരുള്ള പാനലാണ് ഗവർണർക്ക് നൽകിയത്. വിദ്യാഭ്യാസ വിദഗ്ധന് പകരം ചീഫ് സെക്രട്ടറി സെർച്ച് കമ്മിറ്റിയിൽ അംഗമായിക്കൊണ്ടാണ് മലയാളം സർവകലാശാല വി.സി ഡോ. വി. അനിൽ കുമാർ, കാലിക്കറ്റിന്റെ എം.കെ. ജയരാജ്, കുസാറ്റിന്റെ ഡോ. കെ.എൻ. മധുസൂദനൻ എന്നിവരെ നിയമിച്ചത്. കേരളയുടെ ഡോ. വി.പി. മഹാദവൻ പിള്ളയുടെ കാലാവധി ഇന്ന് അവസാനിക്കും. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ സാങ്കേതിക സർവകലാശാലയുടെ വി.സി ഡോ. എം.എസ്. രാജശ്രീക്ക് പകരം ഡിജിറ്റൽ സർവകലാശാല വി.സി ഡോ. സജി ഗോപിനാഥിന് അധിക ചുമതല നൽകണമെന്ന് സർക്കാർ തന്നെ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ആവശ്യപ്പെട്ടുകൊണ്ടുള്ള ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ കത്തും പുറത്ത് വന്നിട്ടുണ്ട്.  
കേരള സർവകലാശാല വി.സി. ഡോ. വി.പി. മഹാദേവൻ പിള്ള വിരമിക്കുന്നതിന് മുമ്പ് ഗവർണർ ചില നടപടികളിലേക്ക് കടക്കുമെന്ന് സംസ്ഥാന സർക്കാരിനും സൂചന ലഭിച്ചിരുന്നു. അതിനിടയിലാണ് കോടതി വിധി വന്നത്. സർവകലാശാലകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്ന കാര്യം ഇടതുമുന്നണി ഗൗരവമായി ചർച്ച ചെയ്യുമെന്ന് ഇടതുനേതാക്കൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗവർണറുടെ നിർദേശം വന്നത്.
ഇതോടെ ഗവർണർക്കെതിരെ ഇടതുമുന്നണി നടത്താൻ തീരുമാനിച്ച പ്രക്ഷോഭം കൂടുതൽ ശക്തമാകുമെന്നുറപ്പായി. വാക്‌പോരാട്ടങ്ങളും കൂടുതൽ രൂക്ഷമാകും. രാജിയില്ലെങ്കിൽ സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി ഗവർണർ വി.സിമാരെ പുറത്താക്കിയേക്കും. അത്തരമൊരു സാഹചര്യമുണ്ടായാൽ നിയമ പോരാട്ടത്തിലേക്ക് പോകും. 


സ്വാഗതം ചെയ്ത് പ്രതിപക്ഷം

തിരുവനന്തപുരം- സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞ അവസ്ഥയിലാണെന്നും പൂർണ അനിശ്ചിതത്വമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനിൽക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിൻവാതിൽ നിയമനങ്ങൾ തകൃതിയായി നടത്താൻ വേണ്ടി മാത്രമാണ് സ്വന്തക്കാരെയും ഇഷ്ടക്കാരെയും വൈസ് ചാൻസലർമാരാക്കിയത്. ഇക്കാര്യം പ്രതിപക്ഷം പലവട്ടം ചൂണ്ടിക്കാട്ടിയിരുന്നു. അപ്പോഴെല്ലാം സർക്കാരിന്റെ ചട്ടവിരുദ്ധ നിയമനങ്ങൾക്ക് ഗവർണറും കൂട്ടുനിന്നു. ഗവർണർ ചെയ്ത തെറ്റ് ഇപ്പോൾ തിരുത്താൻ തയാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

യു.ജി.സി മാനദണ്ഡങ്ങളും നടപടിക്രമങ്ങളും കാറ്റിൽ പറത്തി വൈസ് ചാൻസലർമാരെ നിയമിച്ച സർക്കാർ നടപടിക്കുള്ള തിരിച്ചടിയാണ് ഗവർണറുടെ തീരുമാനം. സാങ്കേതിക സർവകലാശാല വി.സി നിയമനത്തിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവർണർ ഈ തീരുമാനം എടുത്തതെന്നാണ് മനസ്സിലാക്കുന്നത് -വാർത്താസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് പറഞ്ഞു. വി.സി നിയമനത്തിലെ യു.ജി.സി മാനദണ്ഡങ്ങൾ വളരെ കൃത്യമാണ്. സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധരെ ഉൾപ്പെടുത്തണം, യു.ജി.സി പ്രതിനിധി വേണം, മൂന്ന് മുതൽ അഞ്ച് വരെ പേരുകൾ നിയമനത്തിനായി ശുപാർശ ചെയ്യണം തുടങ്ങിയവയാണ് മാനദണ്ഡങ്ങൾ. എന്നാൽ ചീഫ് സെക്രട്ടറിയെ സെർച്ച് കമ്മിറ്റി അംഗമാക്കിയാണ് പലപ്പോഴും വി.സി നിയമനത്തിനുള്ള സമിതി സംസ്ഥാനം രൂപീകരിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Latest News