മദീന - സൗദിയിലെ ഏറ്റവും പ്രശസ്തമായ ചരിത്ര, പൈതൃക കേന്ദ്രമായ മദായിൻ സ്വാലിഹ് താൽക്കാലികമായി അടച്ചതായി അൽഉല റോയൽ കമ്മീഷൻ അറിയിച്ചു. മദായിൻ സ്വാലിഹിനു പുറമെ അൽഖുറൈബയും ജബൽ അൽഇക്മയും അടച്ചിട്ടുണ്ട്. മികച്ച നിലയിൽ സംരക്ഷിക്കുന്നതിന് ആവശ്യമായ പഠനങ്ങൾ നടത്തുന്നതിന് വിദഗ്ധർക്ക് അവസരമൊരുക്കുന്നതിനു വേണ്ടിയാണ് ഈ മൂന്നു കേന്ദ്രങ്ങളിലും താൽക്കാലികമായി സന്ദർശകർക്ക് വിലക്കേർപ്പെടുത്തുന്നത്. 2020 ൽ മൂന്നു കേന്ദ്രങ്ങളും വീണ്ടും സന്ദർശകർക്കു മുന്നിൽ തുറക്കുമെന്ന് അൽഉല റോയൽ കമ്മീഷൻ അറിയിച്ചു.
സൗദിയിൽനിന്ന് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആദ്യ ചരിത്ര, പൈതൃക കേന്ദ്രമാണ് മദായിൻ സ്വാലിഹ്. സൗദിയിൽനിന്നും വിദേശങ്ങളിൽ നിന്നുമുള്ള സന്ദർശകരും ചരിത്രാന്വേഷികളും മദായിൻ സ്വാലിഹിലേക്ക് പ്രവഹിക്കുന്നുണ്ട്. മദായിൻ സ്വാലിഹ് ഉൾപ്പെട്ട അൽഉലയുടെ വികസനത്തിന് വേഗം പകരുന്നതിനാണ് അടുത്തിടെ അൽഉല റോയൽ കമ്മീഷൻ സ്ഥാപിച്ചത്.






