Sorry, you need to enable JavaScript to visit this website.

ഗവര്‍ണര്‍ നാളെ എന്നെയും  പുറത്താക്കിയേക്കും-മന്ത്രി ആര്‍. ബിന്ദു 

തിരുവനന്തപുരം-കേരളത്തിലെ 9 സര്‍വകലാശാലകളിലെ വിസിമാരുടെ രാജി ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കല്‍പന പുറപ്പെടുവിച്ചത് നിര്‍ഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. ഗവര്‍ണറുടേത് ഏകപക്ഷീയ നടപടിയാണ്. സര്‍ക്കാരിനോട് ആലോചിക്കാതെയുളള നടപടി വ്യസനകരമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണെന്നും നടപടി ഉന്നത വിദ്യാഭ്യാസ മേഖലയെ പിന്നോട്ടടിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു.
സര്‍വകലാശാലകളെ അനാഥമാക്കി മാറ്റാനുള്ള നീക്കം അംഗീകരിക്കാന്‍ കഴിയില്ല. ഇപ്പോള്‍ പറയുന്ന കാര്യത്തിന് ഗവര്‍ണര്‍ നാളെ തന്നെയും പുറത്താക്കിയേക്കും, പക്ഷെ പറയാതിരിക്കാന്‍ കഴിയില്ല. സര്‍ക്കാരിന് കൂച്ചുവിലങ്ങിടാനാണ് ശ്രമമെന്നും ബിന്ദു പറഞ്ഞു. നാളിതുവരെ ഏതെങ്കിലും ഗവര്‍ണര്‍മാരുടെ ഭാഗത്തു നിന്നും ഇങ്ങനെ ഉണ്ടായിട്ടുണ്ടോ? കേരളത്തിലെ സര്‍വകലാശാലകള്‍ ഫാഷിസ്റ്റ് ശക്തികള്‍ കയ്യടക്കാന്‍ പോകുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഗവര്‍ണറുടെ നടപടിയില്‍ നിയമവശങ്ങള്‍ നോക്കി പരിശോധിച്ച ശേഷം പ്രതികരിക്കാമെന്ന് നിയമമന്ത്രി പി.രാജീവ് പറഞ്ഞു.

Latest News