സമൂഹ മാധ്യമങ്ങളിൽ കുട്ടികളുടെ കോമാളി വേഷം; രക്ഷാകർത്താക്കൾ കുടുങ്ങും

റിയാദ് - സമൂഹ മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾക്ക് കുട്ടികളെ ദുരുപയോഗിക്കുന്ന രക്ഷാകർത്താക്കൾ  അടക്കമുള്ളവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിന് നിർദേശം നൽകി അറ്റോർണി ജനറൽ ശൈഖ് സൗദ് അൽമുഅജബ് രാജ്യത്തെ പബ്ലിക് പ്രോസിക്യൂഷൻ ശാഖകൾക്ക് സർക്കുലർ അയച്ചു. 
പരസ്യങ്ങൾക്കും കൂടുതൽ ഫോളവേഴ്‌സിനെ നേടുന്നതിനും മറ്റുമാണ് കുട്ടികളെ ചൂഷണം ചെയ്യുന്നത്. സൗന്ദര്യവർധക വസ്തുക്കൾ പുരട്ടിയും കോമാളി വേഷങ്ങൾ ധരിപ്പിച്ചുമാണ്  കുട്ടികളെ സാമൂഹിക മാധ്യമങ്ങളിൽ മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കുന്നതിനായി ദുരുപയോഗിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികളുടെ പഠനത്തെയും വ്യക്തിത്വ വികസനത്തെയും ബാധിക്കും. 
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങൾ ക്കും മറ്റും കുട്ടികളെ ചൂഷണം ചെയ്യുന്ന നിരവധി ക്ലിപ്പിംഗുകൾ അടുത്ത കാലത്ത് പബ്ലിക് പ്രോസിക്യൂഷന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ബാല സംരക്ഷണ നിയമത്തിന് വിരുദ്ധമായ ഇത്തരം നടപടികൾക്കെതിരെ കോടതികളിൽ കേസ് ഫയൽ ചെയ്യുന്നതിന് പബ്ലിക് പ്രോസിക്യൂഷന് അറ്റോർണി ജനറൽ നിർദേശം നൽകി. ഇത്തരം കേസുകളെ കുറിച്ച വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ രേഖപ്പെടുത്തി വിവരങ്ങൾ പതിവായി സമർപ്പിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

Latest News