മക്ക - ഈ വർഷം ആഭ്യന്തര ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷൻ നടപടികൾക്കുള്ള ഇ-ട്രാക്ക് സംവിധാനം പതിവിൽനിന്ന് വ്യത്യസ്തമായി റമദാൻ 15 ന് ആരംഭിക്കുമെന്ന് ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു. എന്നാൽ ദുൽഖഅദ് ഒന്നു മുതൽ തന്നെയാണ് രജിസ്‌ട്രേഷൻ തുടങ്ങുക.
മുൻ വർഷങ്ങളിൽ ദുൽഖഅദ് ഒന്നിനാണ് ഇ-ട്രാക്ക് പുറത്തിറക്കിയിരുന്നത്. വളരെ നേരത്തെ തന്നെ ഇ-ട്രാക്ക് പ്രവർത്തനക്ഷമമാക്കുന്നതിലൂടെ ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും മുന്നോട്ടു വെക്കുന്ന വിവിധ പാക്കേജുകൾ പരിശോധിക്കാൻ തീർഥാടകർക്ക് വേണ്ടത്ര സമയം ലഭിക്കും.
മുൻ വർഷങ്ങളിൽ ദുൽഖഅദ് ഒന്നിനാണ് ഇ-ട്രാക്ക് പ്രവർത്തനം ആരംഭിച്ചിരുന്നത്. അനുയോജ്യമായ പാക്കേജുകൾ താരതമ്യം ചെയ്യുന്നതിനും തെരഞ്ഞെടുക്കുന്നതിനും മതിയായ സമയം ലഭിക്കാത്തത് തീർഥാടകർക്ക് പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു.
നിരക്കുകൾ കുറഞ്ഞ പാക്കേജുകൾക്കാണ് തീർഥാടകരിൽനിന്ന് ആവശ്യം കൂടുതൽ. ഇത്തരം പാക്കേജുകളിലെ സീറ്റുകൾ വേഗത്തിൽ തീർന്നുപോകാറാണ് പതിവ്. ആദ്യം ബുക്ക് ചെയ്യുന്നവർക്കാണ് സീറ്റുകൾ ലഭിക്കുക. കഴിഞ്ഞ ഹജ് സീസണിൽ ആഭ്യന്തര ഹജ് സർവീസ് കമ്പനികളുടെയും സ്ഥാപനങ്ങളുടെയും സേവന നിലവാരം വിലയിരുത്തിയതിന്റെ വിവരങ്ങൾ ദിവസങ്ങൾക്കുള്ളിൽ പരസ്യപ്പെടുത്തുമെന്ന് ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും അയച്ച സർക്കുലറിൽ മന്ത്രാലയം വ്യക്തമാക്കി. മൂല്യനിർണയ ഫലത്തിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നതിന് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മതിയായ സമയം അനുവദിക്കും. ഇതിനു ശേഷം വ്യത്യസ്ത കാറ്റഗറികളിൽ സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മിനായിൽ തമ്പുകൾ അനുവദിക്കും.
തീർഥാടകർക്കുള്ള യാത്രാ ക്രമീകരണങ്ങൾ, ഹജിന് യാത്ര തിരിക്കുന്നതിനു മുമ്പായി തീർഥാടകരെ ഒരുമിച്ചുകൂട്ടുന്ന സ്ഥലങ്ങൾ, മിനായിൽ സ്ത്രീകൾക്കും പുരുഷന്മാർക്കുമുള്ള തമ്പുകൾ നിർണയിക്കൽ, ഹജ് ദിവസങ്ങളിൽ തീർഥാടകർക്ക് നൽകുന്നതിന് ആഗ്രഹിക്കുന്ന അധിക സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ റമദാൻ ഒന്നു മുതൽ അഞ്ചു വരെയുള്ള ദിവസങ്ങളിൽ രജിസ്റ്റർ ചെയ്യുന്നതിന് അവസരമുണ്ടാകുമെന്ന് ഹജ്, ഉംറ മന്ത്രാലയം സർവീസ് കമ്പനികളെയും സ്ഥാപനങ്ങളെയും അറിയിച്ചിട്ടുണ്ട്.