പാലക്കാട്- ഗവര്‍ണറുടെ അസാധാരണ നടപടികള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ തിങ്കളാഴ്ച മാധ്യമങ്ങളെ കാണും. രാവിലെ പത്തരയ്ക്ക് പാലക്കാട്ടെ കെ.എസ.്ഇ.ബി ഗസ്റ്റ് ഹൗസില്‍ വച്ചാകും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ഞായറാഴ്ച രാത്രി എട്ടരയോടെ ഗസ്റ്റ് ഹൗസില്‍ എത്തിയ മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറായില്ല.
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്ന പോരിനിടെ ഗവര്‍ണര്‍ 9 സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരോട് തിങ്കളാഴ്ച 11.30ന് മുമ്പ് രാജി വെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജിവെക്കേണ്ടതില്ലെന്ന് വി.സിമാര്‍ക്ക് സര്‍ക്കാരും നിര്‍ദേശം നല്‍കി. മുഖ്യമന്ത്രിക്കും മുന്‍ മന്ത്രിമാര്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി പറയുമെന്നാണ് കരുതുന്നത്.