ആര്‍.എസ്.എസ്- ക്രൈസ്തവ സംഘടനാ സഖ്യം സണ്‍ ഇന്ത്യ ഉദ്ഘാടനം ചെയ്തു; പ്രമുഖര്‍ വിട്ടുനിന്നു

സണ്‍ ഇന്ത്യ (സേവ് ഔവര്‍ നേഷന്‍) എന്ന സംഘടനയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിക്കുന്നു.

കൊച്ചി- ആര്‍.എസ്.എസ് - ക്രൈസ്തവ സംഘടനാ കൂട്ടായ്മയായി പുതിയ സംഘടന നിലവില്‍ വന്നു. സണ്‍ ഇന്ത്യ(സേവ് ഔവര്‍ നേഷന്‍) എന്ന സംഘടനയുടെ സംസ്ഥാനതല പ്രവര്‍ത്തനോദ്ഘാടനം ബി.ജെ.പി നേതാവും സിനിമാ താരവുമായ സുരേഷ് ഗോപി നിര്‍വഹിച്ചു.
സംഘടനയുടെ രാഷ്ട്രീയം വിവാദമായതോടെ ജസ്റ്റിസ് കെ എബ്രഹാം മാത്യുവും ഒളിമ്പ്യന്‍ പി.ടി ഉഷയും ചടങ്ങില്‍ നിന്ന് വിട്ടു നിന്നു. സണ്‍ ഇന്ത്യക്കെതിരെ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണെന്ന് സുരേഷ് ഗോപി പറഞ്ഞു.
ലഹരിക്കെതിരെ പ്രതിജ്ഞയെടുത്താണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സുരേഷ് ഗോപി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തീവ്രവാദത്തിന്റെ മുഖവും ഭാവവും മാറിയിരിക്കുകയാണ്. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിനെ എങ്ങനെ തടയാമെന്നാണ് തീവ്രവാദ സംഘടനകള്‍ ചിന്തിക്കുന്നത്. രാജ്യത്തെ തകര്‍ക്കാന്‍ കുടുംബത്തെ തകര്‍ക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഒരു കുഞ്ഞുപോലും ഈ ദുഷിച്ച വഴിയെ പോയി ജീവിതം പാഴാക്കാതിരിക്കാന്‍ നമ്മള്‍ ജാഗരൂകരായിരിക്കണമെന്ന് അദേഹം പറഞ്ഞു. പുതിയ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ താന്‍ മുന്നണിയിലുണ്ടാകുമെന്ന് അദേഹം വ്യക്തമാക്കി.
മത രാഷ്ട്രീയ വിശ്വാസങ്ങള്‍ക്കപ്പുറം രാഷ്ട്രനന്മയ്ക്കായാണ് സണ്‍ ഇന്ത്യ പ്രവര്‍ത്തിക്കുകയെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കേണല്‍ എസ്.ഡിന്നി പറഞ്ഞു. സമൂഹത്തിലെ വൈവിധ്യങ്ങളെയും വ്യത്യസ്തകളെയും തര്‍ക്കങ്ങളാക്കുകയും തുടര്‍ന്ന് വിദ്വേഷമാക്കുകയുമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതാണ് ലഹരി ഉള്‍പ്പടെയുള്ള തിന്മകള്‍ക്ക് വളമായി മാറുന്നതെന്ന്് ഡിന്നി പറഞ്ഞു. സ്വദേശി ജാഗരണ്‍ മഞ്ച് മുന്‍ സംസ്ഥാന കണ്‍വീനര്‍ സി.ജി.കമലാകാന്തന്‍ സ്വാഗതം പറഞ്ഞു. സ്‌ക്വാഡ്രണ്‍ ലീഡര്‍ കെ.എസ്.മാത്യു, പത്തനംതിട്ട മുുസലിയാര്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ഷെരീഫ് മുഹമ്മദ്, ഗാനരചയിതാവ് രാജീവ് ആലുങ്കല്‍, ജീവന്‍ ടി.വി ചെയര്‍മാന്‍ പി.ജെ.ആന്റണി, ഡോ.ജോജി എബ്രഹാം എന്നിവര്‍ സംസാരിച്ചു.
സണ്‍ ഇന്ത്യയുടെ പ്രസിഡന്റായി കേണല്‍ എസ്.ഡിന്നിയെയും ജനറല്‍ സെക്രട്ടറിയായി ഡോ.ജോജി എബ്രഹാമിനെയും തെരഞ്ഞെടുത്തു.ജെയ്സണ്‍ ജോണാണ് ( എറണാകുളം)ട്രഷറര്‍.
വൈസ് പ്രസിഡന്റുമാര്‍: ഷെരീഫ് മുഹമ്മദ്(പത്തനംതിട്ട), മേജര്‍ അമ്പിളിലാല്‍ കൃഷ്ണ(തൊടുപുഴ) മേഴ്സി എബ്രഹാം (കോട്ടയം), അഡ്വ.തോമസ് മാത്യു (തിരുവല്ല), രാജീവ് ആലുങ്കല്‍(ആലപ്പുഴ), സുരേഷ് കുമാര്‍ (തിരുവനന്തപുരം), എ.കെ.നസീര്‍ (എറണാകുളം). സെക്രട്ടറിമാര്‍: സി.ജി കമലാകാന്തന്‍ (എറണാകുളം), എം.ആര്‍.പ്രസാദ് (കായംകുളം ) , അഡ്വ.ബി.അശോക്(കോട്ടയം) , ജെയ് മോന്‍ ലൂക്കോസ്(കാസര്‍കോഡ്), സണ്ണി എല്ലങ്കുന്നം( ചങ്ങനാശേരി).

 

 

 

Latest News